കരീബിയൻ പ്രദേശത്തെ ഹൈറ്റിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രൻസിൽ (Port-au-Prince) സെപ്റ്റംബർ മാസത്തിലുണ്ടായ രണ്ട് ആക്രമണങ്ങളിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടതായി രാജ്യത്തെ യൂണിസെഫ് പ്രതിനിധി ഗീത നാരായൺ (Geeta Narayan) പ്രസ്താവിച്ചു. പത്ത് ദിവസങ്ങൾക്കിടയിലുണ്ടായ ഈ രണ്ട് ആക്രമണങ്ങളിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടതിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
സെപ്റ്റംബർ 20 ശനിയാഴ്ച വൈകുന്നേരം പോർട്ട് ഓ പ്രൻസിലെ, സിമോൺ പെലേ (Simon Pelé) എന്ന പ്രദേശത്തുണ്ടായ ഡ്രോൺ ആക്രമണങ്ങളിൽ ആറ് കുട്ടികളുൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടതായി പ്രാദേശിക റിപ്പോർട്ടുകളെ അധികരിച്ച് യൂണിസെഫ് അറിയിച്ചു. ഇതിൽ നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ആക്രമണത്തിൽ കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
സെപ്റ്റംബർ 11 വ്യാഴാഴ്ച തലസ്ഥാനത്തുതന്നെയുള്ള ഒരു വീടിനുനേരെ സായുധ അക്രമിസംഘം അഴിച്ചുവിട്ട ആക്രമണത്തിൽ വീടിനുള്ളിലുണ്ടായിരുന്ന നാല് കുട്ടികൾ കൊല്ലപ്പെട്ടതായും ഗീത നാരായൺ അറിയിച്ചു.
ഏറെ നാളുകളായി ഹൈറ്റിയിലെ കുട്ടികൾ അവസാനമില്ലാതെ തുടരുന്ന ആക്രമണങ്ങൾക്ക് ഇരകളാകുകയാണെന്നും, ഇത് നിരവധി കുടുംബങ്ങളെയും, കുട്ടികളുടെ സുരക്ഷിതത്വബോധത്തെയുമാണ് ഇല്ലാതാക്കുന്നതെന്നും യൂണിസെഫ് പ്രതിനിധി പ്രസ്താവിച്ചു.
കുട്ടികളും അവർക്കുവേണ്ട ആവശ്യസൗകര്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന അന്താരാഷ്ട്രനിയമമാണ് രാജ്യത്ത് തുടർച്ചയായി ലംഘിക്കപ്പെടുന്നതെന്നും, സാധാരണ ജനത്തിന്, പ്രത്യേകിച്ച് കുട്ടികൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ വേണ്ട ശ്രമങ്ങൾ വേണമെന്നും ഗീത നാരായൺ അഭ്യർത്ഥിച്ചു.
ഹൈറ്റിയിലേതുൾപ്പെടെയുള്ള എല്ലാ കുട്ടികൾക്കും സുരക്ഷയ്ക്കും, അവരുടെ അന്തസ്സ് കാത്ത് സൂക്ഷിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷത്തിൽ ജീവിക്കുന്നതിനും അവകാശമുണ്ടെന്ന് ഓർമ്മപ്പിച്ച ശിശുക്ഷേമനിധി പ്രതിനിധി, കുട്ടികളുടെ അടിസ്ഥാനഅവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനുള്ള തങ്ങളുടെ തീരുമാനവും ഗീത നാരായൺ പങ്കുവച്ചു.