വത്തിക്കാൻ: ഭൂതോച്ചാടനശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന വൈദികർക്ക് ധൈര്യം പകർന്നും ആളുകൾക്ക് വിടുതലും ആശ്വാസവും പകരുന്ന ഈ ശുശ്രൂഷ ശ്രദ്ധയോടെ തുടരാൻ ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ.
റോം നഗരത്തിനടുത്ത് സാക്രൊഫാനോ (Sacrofano) എന്ന നഗരത്തിൽ നടന്ന “ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ” പതിനഞ്ചാമത് അന്താരാഷ്ട്ര സമ്മേളനത്തിലേക്ക് അയച്ച തന്റെ സന്ദേശത്തിലൂടെ ഇത്തരമൊരു ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്ന വൈദികർ സഭയിൽ ചെയ്യുന്ന നന്മയെ പാപ്പാ എടുത്തുകാട്ടി.
ഭൂതോച്ചാടനമെന്നത് ഏറെ സൂക്ഷമായി കൈകാര്യം ചെയ്യേണ്ടതും, എന്നാൽ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭൂതോച്ചാടനമെന്ന കൗദാശികശുശ്രൂഷയിലൂടെ കർത്താവ് സാത്താനുമേൽ വിജയം നൽകാൻവേണ്ടിയും, തിന്മയുടെ ശക്തി ആവേശിച്ചിരിക്കുന്ന ആളുകളെ വിടുതലിന്റെ അനുഭവത്തിലേക്ക് നയിക്കുന്നതിനും ആശ്വാസം പകരുന്നതിനും വേണ്ടിയും കർത്താവിന്റെ സാന്നിദ്ധ്യത്തിനായി അപേക്ഷിക്കാനും പ്രാർത്ഥിക്കാനും പാപ്പാ തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
ഭൂതോച്ചാടനശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ ഉപാധ്യക്ഷനും, സമ്മേളനത്തിന്റെ മോഡറേറ്ററുമായിരുന്ന ഫാ. ഫ്രഞ്ചേസ്കോ ബമോന്തെയാണ് (Francesco Bamonte) സമ്മേളനത്തിന്റെ ആരംഭത്തിൽ പാപ്പായുടെ സന്ദേശം വായിച്ചത്.
വിവിധ ഭൂഖണ്ഡങ്ങളിൽനിന്നെത്തിയ ഭൂതോച്ചാടകരായ വൈദികരും അവരുടെ സഹായികളുമുൾപ്പെടെ മുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. രണ്ടു വർഷങ്ങൾ കൂടുമ്പോഴാണ് ഈ അന്താരാഷ്ട്രസമ്മേളനം നടക്കുന്നത്. സെപ്റ്റംബർ 22 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് സമ്മേളനത്തിന്റെ വിവരങ്ങൾ സംഘടന പങ്കുവച്ചത്.
ചെക് റിപ്പബ്ലിക്കിലെ ബിർണോ രൂപതയിൽനിന്നുള്ള മോൺസിഞ്ഞോർ കാറെൽ ഒർലീത്തയാണ് (Msgr. Karel Orlita) സംഘടനയുടെ നിലവിലെ പ്രെസിഡന്റ്.ആയിരത്തിലേറെ അംഗങ്ങളുള്ള ഈ സംഘടനയുടെ പുതുക്കിയ നിയമാവലി “വൈദികർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി” ഈ വർഷം മാർച്ച് 25-നാണ് അംഗീകരിച്ചത്.