തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. ശിവഗിരിയിൽ പൊലീസ് ഇടപെടൽ നടത്തിയത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണെന്നും അതിൽ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടെന്നും എ കെ ആന്റണി പറയുന്നു .
മുത്തങ്ങ സംഭവത്തിലും അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞ എ കെ ആൻറണി മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോർട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടും മാറാട് കലാപത്തിലെ റിപ്പോർട്ടും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു.
1995ൽ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാൽ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിർഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
മുത്തങ്ങ വെടിവെപ്പിൽ തനിക്ക് ദുഃഖമുണ്ടെന്ന് ആന്റണി പറഞ്ഞു . ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. എന്നാൽ അവസാനം ആദിവാസികളെ ചുട്ടെരിച്ചെന്ന പഴിയാണ് തനിക്ക് കേൾക്കേണ്ടി വന്നത്.
ശിവഗിരിയിൽ കോടതിയലക്ഷ്യം ഉണ്ടാകുമെന്ന് ജഡ്ജി വ്യക്തമാക്കിയതോടെയാണ് പൊലീസിനെ ഉപയോഗിക്കേണ്ടി വന്നത്. അന്ന് അവിടെ ഓടിക്കൂടിയവർ പലതരക്കാരാണെന്നും അതൊന്നും താൻ വിശദീകരിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. സർക്കാരല്ല ശിവഗിരിയിലെ സാഹചര്യം ഉണ്ടാക്കിയതെന്നും അത് ഒറ്റദിവസം കൊണ്ട് ഉണ്ടായതല്ലെന്നും ആന്റണി വ്യക്തമാക്കി.