വത്തിക്കാൻ: സെപ്റ്റംബർ മാസം പതിനാലാം തീയതി, ലിയോ പതിനാലാമൻ പാപ്പായുടെ എഴുപതാമത് ജന്മദിനദിനത്തോടനുബന്ധിച്ച്, പത്രപ്രവർത്തക എലിസ് ആൻ അലനു നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.
“ലിയോ പതിനാലാമൻ: ലോക പൗരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മിഷനറി” എന്ന സംഭാഷണത്തിന്റെ പൂർണ്ണ രൂപം സെപ്റ്റംബർ പതിനെട്ടാം തീയതിയാണ് പ്രസിദ്ധീകരിക്കുന്നത്. സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം തുടർന്ന് ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിലും ലഭ്യമാക്കും.താൻ അമേരിക്കക്കാരൻ ആണെന്ന ബോധ്യം എപ്പോഴും ഉണ്ടെന്നും, എന്നാൽ തന്റെ ജീവിതത്തിന്റെ അർദ്ധഭാഗം ചിലവഴിച്ച പെറുവിലെ ജനതയെയും, ആ രാഷ്ട്രത്തെയും താൻ ഏറെ സ്നേഹിക്കുന്നുണ്ടെന്നും പാപ്പാ അഭിമുഖത്തിൽ പറഞ്ഞു.
പത്രോസിനടുത്ത സേവനത്തിൽ തനിക്ക് ഇനിയും ധാരാളം കാര്യങ്ങൾ പഠിക്കുവാൻ ഉണ്ടെന്നും, തന്റെ സ്ഥാനലബ്ധി തനിക്ക് ഏറെ ആശ്ചര്യകരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വത്തിക്കാന്റെ നയതന്ത്ര കാര്യങ്ങൾ തനിക്ക് പുതിയതായതുകൊണ്ട്, അവ താൻ പഠിച്ചു വരികയാണെന്നും, വിവിധ രാഷ്ട്രങ്ങളിലെ തലവന്മാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളെ കുറിച്ച് ജനത്തിന് അറിയാമെന്നും പാപ്പാ പറഞ്ഞു.
ഉക്രൈൻ സംഘർഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മനുഷ്യരെ അകാരണമായി കൊന്നൊടുക്കുന്ന, ഉക്രൈനിലെ പോലെ മറ്റു ഇടങ്ങളിലും നടക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുവാൻ മറ്റു വഴികൾ തേടണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. യുദ്ധം ആരംഭിച്ചതുമുതൽ, പരിശുദ്ധ സിംഹാസനം യഥാർത്ഥത്തിൽ നിഷ്പക്ഷ നിലപാട് നിലനിർത്താൻ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.
യുദ്ധം ചെയ്യുന്ന കക്ഷികളെ ‘മതി മതി’ എന്ന് പറയാൻ വേണ്ടത്ര ശക്തമായ സമ്മർദ്ദം ചെലുത്തണം എന്നും, അക്രമത്തെയും വിദ്വേഷത്തെയും മറികടക്കാൻ മനുഷ്യരാശിക്ക് കഴിവുണ്ടെന്നും അതിൽ തനിക്ക് പരിപൂർണ്ണ വിശ്വാസം ഉണ്ടെന്നും പാപ്പാ എടുത്തു പറഞ്ഞു. ഈ പ്രശ്നങ്ങളിൽ പലതും അഭിസംബോധന ചെയ്യുന്ന സ്ഥലമായിരിക്കണം ഐക്യരാഷ്ട്രസഭ എന്ന് സൂചിപ്പിച്ചുകൊണ്ട്, സംഭാഷണങ്ങൾക്കു മുൻതൂക്കം നൽകുവാനും ഏവരെയും പാപ്പാ ക്ഷണിക്കുന്നു.
ധ്രുവീകരണത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്നും, ജീവൻ, കുടുംബം, സമൂഹം തുടങ്ങിയ മൂല്യങ്ങൾ ഇവിടെ നഷ്ടപ്പെടുന്നുവെന്നും, തൊഴിലാളികൾക്ക് ലഭിക്കുന്ന ശമ്പളവും, സമ്പന്നർക്കു ലഭിക്കുന്ന പണവും തമ്മിലുള്ള അന്തരം ഏറെ വർധിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
ബഹുമുഖ വിഷയങ്ങളിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ഉള്ളതെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.സഭയിൽ സിനഡാലിറ്റി എന്ന ആശയത്തെക്കുറിച്ചും പാപ്പാ എടുത്തു പറഞ്ഞു. സഭയിലെ ഓരോ അംഗത്തിനും, പ്രാർത്ഥനയിലൂടെയും, ആശയങ്ങളിലൂടെയും, പ്രവർത്തനത്തിലൂടെയും ഒരു വലിയ പങ്കു വഹിക്കുവാൻ സാധിക്കുമെന്നു പാപ്പാ പറഞ്ഞു.
എന്നാൽ, സഭയെ ഒരുതരം ജനാധിപത്യ സർക്കാരാക്കി മാറ്റാൻ ശ്രമിക്കുന്നതല്ല ഇതെന്നും, ഇന്ന് ലോകത്തിലെ പല രാജ്യങ്ങളെയും നോക്കുകയാണെങ്കിൽ, ജനാധിപത്യം എല്ലാത്തിനും തികഞ്ഞ പരിഹാരമായിരിക്കണമെന്നില്ല എന്നത് സത്യമാണെന്നും, മറിച്ച് ഒരുമിച്ചു നിന്നുകൊണ്ട്, സഭയുടെ ജീവിതത്തെ ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്നും പാപ്പാ പറഞ്ഞു.