കൊച്ചി: മൂവാറ്റുപുഴ ടൗൺ റോഡ് നാട മുറിച്ച് തുറന്നുകൊടുത്ത ട്രാഫിക് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്.
മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെപി സിദ്ദിഖിനെ ആണ് വകുപ്പു തല നടപടിയുടെ ഭാഗമായി ഡിഐജി എസ് സതീശ് ബിനോ സസ്പെന്‍ഡ് ചെയ്തത്. പണി തീരാത്ത റോഡിന്റെ നാട മുറിച്ച് ഉത്ഘാടനം ചെയ്തത് മാത്യു കുഴല്നാടന് എംഎല്‍എയുടെയും മുനിസിപ്പല്‍ ചെയര്‍മാന്റെയും സാന്നിധ്യത്തിലായിരുന്നു.
ചടങ്ങില്‍ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സിദ്ദിഖിനെതിരെ നടപടി. പൊലീസ് സേനയുടെ പ്രവര്‍ത്തന ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും മേലധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഉദ്ഘാടനം നടത്തി മാധ്യമങ്ങളില്‍ ചിത്രവും വാര്‍ത്തകളും വരികയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി .
സംഭവത്തില്‍ ശനിയാഴ്ച മൂവാറ്റുപുഴ ഡിവൈഎസ്പി വിശദീകരണം ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഞായറാഴ്ചയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കിഫ്ബിയില്‍ നിന്ന് കോടികള്‍ മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകും മുന്‍പേ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൊലീസ് ഓഫീസര്‍ ഉദ്ഘാടനം നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കാണിച്ച് സിപിഎം ഏരിയ നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.