വത്തിക്കാൻ: സെപ്റ്റംബർ 11 ന് രാവിലെ വത്തിക്കാനിലെ സിനഡൽ ശാലയിൽ സമ്മേളിച്ച കത്തോലിക്കാസഭയിലെ നവാഭിഷിക്തരായ മെത്രാന്മാരുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. തുടർന്ന്, സഭയിലും സമൂഹത്തിലും നിലനിൽക്കുന്ന വിവിധ വിഷയങ്ങളിന്മേൽ, മെത്രാന്മാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് പാപ്പാ മറുപടി നൽകി. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ, പ്രസ്താവനയിലൂടെ വത്തിക്കാൻ വാർത്താ കാര്യാലയമാണ് പ്രസിദ്ധീകരിച്ചത്.
മെത്രാന്മാർ കർത്താവിനോട് അടുത്ത് നിൽക്കേണ്ടതിന്റെയും, പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കേണ്ടതിന്റെയും ആവശ്യകത പാപ്പാ ഓർമ്മപ്പെടുത്തി. വിളിയുടെ ഉറവിടമായ പരിശുദ്ധാത്മാവിൽ നിരുപാധികമായ വിശ്വാസത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രാദേശിക സഭയിലെ അജപാലനത്തിന്റെയും മാനുഷിക അനുഭവത്തിന്റെയും മൂല്യം സഭയുടെ സാർവത്രികതയുമായി ബന്ധപ്പെടുത്തുന്ന ഒരു പുതിയ ശുശ്രൂഷയിൽ വികസിപ്പിക്കണമെന്നും പാപ്പാ പിതൃതുല്യം ഓർമ്മപ്പെടുത്തി. ഇന്നത്തെ അജപാലന ശുശ്രൂഷയിൽ, 25 വർഷം മുമ്പ് സെമിനാരിയിൽ പഠിച്ച റെഡിമെയ്ഡ് ഉത്തരങ്ങൾ പര്യാപ്തമാവുകയില്ല എന്നും, മറിച്ച് ചോദ്യങ്ങളെ നേരിടുവാൻ എപ്പോഴും സജ്ജമായിരിക്കണമെന്നും എടുത്തുപറഞ്ഞു. പുതിയ മെത്രാന്മാർ സ്ഥിരോത്സാഹമുള്ള ശിഷ്യന്മാരായിരിക്കണമെന്നും, ആദ്യ ബുദ്ധിമുട്ടിൽ ഭയപ്പെടരുതെന്നും, ജനങ്ങളോടും വൈദികരോടും അടുപ്പമുള്ള കരുണയുടെ വക്താക്കൾ ആയിരിക്കണമെന്നും പാപ്പാ ഓർമ്മപ്പെടുത്തി.
സഭയുടെ ശൈലി എന്നത്, മറ്റുള്ളവരെ ശ്രവിക്കുവാനും, സംയുക്തമായി കാര്യങ്ങളെ നേരിടുവാനും, പാലം പണിയുവാനും ഉള്ളതാണെന്നും, ഈ യാത്രയിൽ എല്ലാവരെയും യോജിപ്പിച്ചു നിർത്തി മുൻപോട്ടു പോകുവാനും ആഹ്വാനം ചെയ്ത പാപ്പാ, പുരോഹിതരുടെ അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ ഉടനടി പരിഹരിക്കാനും ആവശ്യപ്പെട്ടു.
തുടർന്ന്, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ പാലിക്കേണ്ടുന്ന മര്യാദകളെ കുറിച്ചും, വിവേകത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. എല്ലാവർക്കും തങ്ങൾക്ക് ഇഷ്ടമുള്ളത് പറയാൻ അർഹതയുണ്ടെന്ന് തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിലും, ഇവിടെ സത്യം കൈമാറുക എന്നതാണ് ഏറെ പ്രധാനപ്പെട്ടതെന്നു പാപ്പാ പറഞ്ഞു.
മെത്രാന്മാർ സ്വന്തം കഴിവുകളും പരിമിതികളും തിരിച്ചറിയണമെന്നും, മറ്റുള്ളവരുടെ സഹായം തേടേണ്ടതുണ്ടെങ്കിൽ, അതിന് തയ്യാറാവണമെന്നും, വിരമിച്ച മെത്രാന്മാരുടെ ഉപദേശങ്ങൾ തേടുന്നത് മാതൃകാപരമാണെന്നും പാപ്പാ പറഞ്ഞു. സ്വയം ഒറ്റപ്പെടാനുള്ള പ്രലോഭനത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ക്രിസ്ത്യാനികൾ ന്യൂനപക്ഷമായിരിക്കുന്നിടത്ത് പോലും, മറ്റ് മതപാരമ്പര്യങ്ങളിലുള്ള ആളുകളോട് യഥാർത്ഥ ബഹുമാനത്തോടെ, പ്രത്യേകിച്ച് യഥാർത്ഥ ക്രിസ്തീയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സാക്ഷ്യത്തിലൂടെ, പാലങ്ങൾ പണിയുകയും സംഭാഷണം തേടുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ലിയോ പതിനാലാമൻ പാപ്പാ എടുത്തു പറഞ്ഞു.
തുടർന്ന് സെമിനാരി പരിശീലനത്തിന്റെ പ്രാധാന്യവും, അതിൽ മെത്രാന്മാർ കാണിക്കേണ്ടുന്ന താത്പര്യത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. മൈനർ സെമിനാരി രൂപീകരണം ഏറെ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണമെന്നും, വരുന്നവരെ സ്വീകരിക്കുവാനും , ദൈവവിളികളെ സ്വാഗതം ചെയ്യാനും, സുവിശേഷത്തിന്റെയും ക്രിസ്തീയ, മിഷനറി ജീവിതത്തിന്റെയും വിവിധ മാനങ്ങൾ കണ്ടെത്തുന്നതിൽ ഓരോ വ്യക്തിയെയും അനുഗമിക്കാനും മെത്രാന്മാരെ പാപ്പാ ആഹ്വാനം ചെയ്തു.
പാരിസ്ഥിതിക പ്രതിസന്ധികളുടെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, ഇത്തരം കാര്യങ്ങളിൽ ഫ്രാൻസിസ് പാപ്പായുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ വളരെയധികം നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും, ഈ സംരംഭങ്ങളിൽ സഭയുടെ സാന്നിധ്യം എപ്പോഴും ഉണ്ടാകുമെന്നു ഉറപ്പു നൽകുകയും ചെയ്തു.