വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി വെടിയറ്റ് മരിച്ചു. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനായ ചാർലി കെർക്ക്(31) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെയായിരുന്നു വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു.
തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. “അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ല”, ട്രംപ് അനുസ്മരണ കുറിപ്പിൽ വ്യക്തമാക്കി.
വെടിയേറ്റതിന് പിന്നാലെ കിർക്ക് കഴുത്തിൽ മുറുകെ പിടിച്ചിരിക്കുന്നതിന്റെയും മുറിവിൽ നിന്ന് രക്തം ഒഴുകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവം കണ്ട് വിദ്യാർത്ഥികൾ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവവുമായി ബന്ധമുണ്ടെന്ന് കരുതിയ ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. പരിപാടിയിൽ സുരക്ഷ വളരെ കുറവായിരുന്നുവെന്ന ആരോപണം ഉയരുന്നുണ്ട്. കാമ്പസ് കർശന സുരക്ഷയിലാണ്.