തിരുവനന്തപുരം: ഇന്ന് ചതയം . ശ്രീനാരായണ ഗുരു ജയന്തി. സംസ്ഥാനത്തെമ്പാടും ഗുരുജയന്തി ആഘോഷവും റാലികളുമുണ്ടാകും .ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരണാർത്ഥം ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിൽ ഗുരുജയന്തി ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വർക്കല ശിവഗിരിയിൽ നടക്കുന്ന തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കൊല്ലവർഷം 1030-മാണ്ട് ചിങ്ങമാസം 14-ാം തീയതി ചതയനാളിലായിരുന്നു ഗുരു ജനിച്ചത് .മാനവിക ദർശനമാണ് ശ്രീനാരായണ ഗുരു ലോകത്തിന് സമർപ്പിച്ചത്. കേരളത്തെ ലോകത്തിന് മുന്നിൽ മാതൃകാസ്ഥാനമാക്കിയ ദർശനങ്ങളായിരുന്നു അത് . ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന അദ്ദേഹത്തിന്റെ തത്വചിന്ത കേരളീയ മനഃസാക്ഷിയിൽ ആഴത്തിൽ വേരോടി.
കേരളത്തെ രൂപപ്പെടുത്തുന്നതിൽ ആ ചിന്തകൾ നൽകിയ സംഭാവന ചെറുതല്ല. എല്ലാത്തരം അടിച്ചമർത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തങ്ങളുടെ വിധിയാണെന്ന് കരുതി മാനസികാടിമത്വത്തിൽ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യർക്ക് ഗുരുവിന്റെ ആദർശങ്ങൾ പുത്തനുണർവ് നൽകി.
ഗുരുദർശനങ്ങൾ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ് ഇക്കുറി ഗുരുജയന്തി ആചരിക്കുന്നത്. വർക്കലയിൽ രാത്രി ഒമ്പതരക്ക് നടക്കുന്ന ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും.