മോസ്കോ: ഷാങ്ഹായ് ഉച്ചകോടിയെ തുടർന്ന് ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ വില കുറച്ചുനൽകാൻ റഷ്യ . ബാരലിന് നാല് ഡോളർ വരെയാവും കുറക്കുന്നത് . ഈ മാസം പ്രതിദിനം ഇന്ത്യ മൂന്ന് ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനു പിന്നാലെയാണ് റഷ്യയുടെ നടപടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വിറ്റ് നേടുന്ന പണമാണ് റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോപണം.
ചൈനയിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ റഷ്യയുമായി ഇന്ത്യക്ക് പ്രത്യേക ബന്ധമുണ്ടെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് വ്യക്തമാക്കി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ജനാധിപത്യ രാജ്യമെന്ന നിലയിൽ റഷ്യയെക്കാളും ചൈനയെക്കാളും ഇന്ത്യയ്ക്ക് അടുപ്പം യുഎസിനോടെന്നും സ്കോട്ട് ബെസന്റ് പറഞ്ഞു. ലോകത്തിലെ മഹത്തരമായ രണ്ടു രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ അടിത്തറ ഉണ്ടാക്കണമെന്നും ബെസന്റ് വ്യക്തമാക്കി.