ബീജിങ്: ഭീകരവാദമാണ് മാനവരാശിക്ക് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭീകരവാദത്തെ എതിർക്കുന്നതിൽ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു നരേന്ദ്ര മോഡി ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇന്ത്യ തീവ്രവാദത്തിന്റെ ആഘാതം അനുഭവിച്ച് വരികയാണ്. അടുത്തിടെ പഹൽഗാമിൽ തീവ്രവാദത്തിന്റെ ഏറ്റവും മോശം അവസ്ഥയാണ് കണ്ടത്. ദുഖത്തിന്റെ ആ മണിക്കൂറുകളിൽ ഇന്ത്യയോടൊപ്പം നിന്ന സൗഹൃദ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എസ്.സി.യിലെ അംഗമെന്ന നിലയിൽ ഇന്ത്യ വളരെ ക്രിയാത്മകമായ പങ്കാണ് നിർവഹിക്കുന്നത്. എസ്.സി.യെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും നയവും മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. എസ് – സെക്യൂരിറ്റി, സി – കണക്റ്റിവിറ്റി, ഒ – ഓപ്പർച്യൂണിറ്റി എന്നിവയാണ് അവയെന്നും മോഡി വ്യക്തമാക്കി.
എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഗംഭീരമായ സ്വീകരണം നൽകിയതിന് പ്രസിഡന്റ് ഷി ജിൻ പിങിന് നന്ദി പറയുന്നു. ഇന്ന് ഉസ്ബെക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് ഉസ്ബെക് ജനതയെ അഭിനന്ദിക്കുന്നുവെന്നും മോഡി പറഞ്ഞു.
മുന്നോട്ട് നോക്കുമ്പോൾ വെല്ലുവിളികളും മാറ്റങ്ങളും നിറഞ്ഞ ഒരു ലോകത്ത് ഷാങ്ഹായ് സഹകരണം മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു. നമ്മുടെ സാധ്യതകൾ നന്നായി പ്രയോജനപ്പെടുത്തി ഉറച്ച ചുവടുവയ്പ്പുകളിലൂടെ മുന്നേറണം. വ്യത്യാസങ്ങൾ മാറ്റിവെച്ച് പൊതുവായ അടിത്തറ തേടണം. പങ്കിട്ട അഭിലാഷങ്ങളാണ് ശക്തിയുടെയും നേട്ടത്തിന്റെയും ഉറവിടമെന്നും ജിൻപിങ് പറഞ്ഞു.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും നരേന്ദ്ര മോഡിയും തമ്മിൽ അസാധാരണ ചർച്ച നടന്നു. ഫോട്ടോ സെഷന് മുൻപായാണ് മൂന്ന് നേതാക്കളും ചേർന്ന് ഹ്രസ്വ ചർച്ച നടത്തിയത്. അതിന് ശേഷം പുടിനൊപ്പമാണ് ഉച്ചകോടി വേദിയിൽ മോഡി എത്തിയത്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻ പിങുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവെച്ചെന്നും മോഡി ട്വിറ്ററിൽ കുറിച്ചു.
അതോടൊപ്പം പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 10 രാജ്യങ്ങളുടെ ഭരണത്തലവന്മാർ പങ്കെടുക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയ്ക്കാണ് ചൈനയിലെ ടിയാൻജിനിൽ തുടക്കമായത്.