കണ്ണൂർ: ക്രൈസ്തവർക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അടുപ്പുമോ എതിർപ്പോ ഇല്ലെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. നല്ല കാര്യങ്ങൾ ചെയ്താൽ പ്രശംസിക്കാനും അഭിനന്ദിക്കുവാനും നന്ദി പറയാനും തനിക്ക് മടിയില്ലന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി കണ്ണൂർ കാസർകോഡ് ജില്ലകളിലെ ഭാരവാഹികൾക്കായി ചെമ്പേരിയിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ജനകീയരും പൊതുസമ്മതരുമായ സമുദായ അംഗങ്ങളെ സംഭാവന ചെയ്യാൻ ഇത്തരം ശിൽപശാലകൾ ഉപകാരപ്പെടട്ടെ എന്നും അദേഹം ആശംസിച്ചു.
സമുദായ അംഗങ്ങൾ പരസ്പരം തണലായി പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന നേതാക്കളാകാൻ കൃത്യമായ പദ്ധതികളും പരിശീലന പരിപാടികളും കത്തോലിക്കാ കോൺഗ്രസ് ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ അവബോധമുള്ള ഉത്തരവാദിത്ത ബോധമുള്ള പൗരന്മാരായി ജനങ്ങളോട് കൂറുള്ളവർക്ക് വേണ്ടി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആടുകളും ആട്ടിടയന്മാരും ഒന്നിച്ചു നിൽക്കേണ്ടവരാണെന്നും ഭിന്നതയുടെ വിഷവിത്തുകളുമായി വരുന്നവരെ തിരിച്ചറിയണമെന്നും ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം തീർത്ത് അത്തരം വിഷവിത്തുകളെ അകറ്റി നിർത്തണമെന്നും അതിരൂപത ചാൻസലർ ഡോക്ടർ ജോസഫ് മുട്ടത്ത് കുന്നേൽ തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
പൊതുയോഗത്തിൽ അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജിമ്മി അയിത്തമറ്റം, ഗ്ലോബൽ സെക്രട്ടറിമാരായ പിയൂസ് പറയിടം, അതിരൂപത വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഐസി മേരി, ഷിനോ പാറക്കൽ, ടോമി കണയങ്കൽ സിജോ കണ്ണെഴുത്ത്, ജോണി തോലമ്പുഴ, തോമസ് ഒഴുകയിൽ, ജോണി തോമസ് വടക്കേക്കര, ബിജു മണ്ഡപം, തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രൂപ്പ് ചർച്ചകൾക്ക് ബിജു ഒറ്റപ്ലാക്കൽ, ജോർജ് കാനാട്ട്, മാത്യു വള്ളം കോട്ടിൽ, തോമസ് വർഗീസ്, ബെന്നി ജോൺ, ജോസഫ് മാത്യു കൈതമറ്റം, ജയ്സൺ അട്ടാറിമാക്കൽ, ജോളി എരിഞ്ഞേരിയിൽ, ബേബി കോയിക്കൽ സാജു പടിഞ്ഞാറെട്ട് സാജു പുത്തൻപുര സജി എബ്രഹാം അഡ്വക്കേറ്റ് മാർട്ടിൻ കൊട്ടാരം ഡേവിസ് ആലങ്ങാട് തുടങ്ങിയവരും നേതൃത്വം നൽകി.
സമുദായ ശക്തീകരണത്തിലൂടെ രാഷ്ട്ര നിർമിതിക്കായി ജനങ്ങളോട് പ്രതിബദ്ധതയുള്ള നേതാക്കന്മാരെ വാർത്തെടുക്കുവാൻ വിവിധ ജില്ലകളിലൂടെ ഇത്തരം പരിശീലന പരിപാടികൾ തുടരുമെന്ന് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. പാലായിലും ചങ്ങനാശേരിയിലും പാലക്കാട്, താമരശേരി, തലശേരി തുടങ്ങി കേരളത്തിലെ വിവിധ രൂപതകളിലും ഇതിനോടകം നടത്തിയ ശിൽപ്പശാലകൾ വൻ വിജയമായിരുന്നു എന്നും അദേഹം എടുത്ത് പറഞ്ഞു.
ശിൽപശാലയിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫസർ ജോസുകുട്ടി ജെ. ഒഴുകയിൽ, ചെമ്പേരി ബസിലിക്ക റെക്ടർ റവ. ഡോക്ടർ ജോർജ് കാഞ്ഞിരക്കാട്ട്, കത്തോലിക്കാ കോൺഗ്രസ് ഫോറന ഡയറക്ടർമാരായ ഫാദർ പോൾ വള്ളോപ്പിള്ളി, ഫാ. ജോബി ചെരുവിൽ, ഫാ. മാത്യു വളവനാൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, എന്നിവർ നേതൃത്വം നൽകി.