പാലക്കാട്: ഓണവിപണിയിലേക്കെത്തുന്ന മായം കലർന്ന ഭക്ഷണസാധനങ്ങൾ പിടികൂടാൻ അതിർത്തിയിൽ ഇന്ന് രാവിലെ ആറുമണി മുതൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന . മീനാക്ഷിപുരം, വാളയാർ ചെക്ക്പോസ്റ്റുകളിലാണ് വാഹന പരിശോധന.
പച്ചക്കറി, വെളിച്ചെണ്ണ, കറിപ്പൊടികൾ, പലഹാരങ്ങൾ, ശർക്കര വരട്ടി, ഇൻസ്റ്റന്റ് പായസം പാക്കറ്റുകൾ, പാല് എന്നിവയാണ് പരിശോധിക്കുക . 24 മണിക്കൂറും പരിശോധന ഉണ്ടാകും. മീനാക്ഷിപുരം അതിർത്തിയിൽ പാലക്കാട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും വാളയാറിൽ മറ്റുള്ള ജില്ലകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഉണ്ടാകും.
മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ചായിരിക്കും പരിശോധന. ഇതിനുപുറമെ കാറ്ററിങ് യൂണിറ്റുകളിലും ഹോട്ടലുകളിലും പരിശോധന തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ വ്യാപകമായ സാഹചര്യത്തിൽ വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ഷവർമ, എണ്ണക്കടികൾ തുടങ്ങിയവ പരിശോധിക്കാൻ ഈവനിങ് സ്ക്വാഡും ഉണ്ട്.