വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിന്നിപോളിസിൽ വിശുദ്ധ കുർബാനയ്ക്കിടെ സ്കൂളിനോട് ചേർന്നുള്ള ദേവാലയത്തിൽ രണ്ടു വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വെടിവയ്പു സംഭവത്തെ കത്തോലിക്കാ വിരുദ്ധ കുറ്റകൃത്യമായും ആഭ്യന്തര തീവ്രവാദമായും പരിഗണിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് അമേരിക്കയിലെ കുറ്റാന്വേഷണ വിഭാഗമായ എഫ് ബി ഐ ഏജൻസി. ബുധനാഴ്ച രാവിലെ സ്കൂളിലെ പള്ളിയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ ഉണ്ടായ വെടിവയ്പ്പിൽ എട്ടും പത്ത് വയസുള്ള കുരുന്നുകളാണ് ദയനീയമായി കൊല്ലപ്പെട്ടത്. 17 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
റോബിൻ വെസ്റ്റ്മാൻ എന്ന ട്രാൻസ് വുമനാണ് ആക്രമണം നടത്തിയത്. ഇയാളെ സ്വയം വെടിവച്ചു മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സ്വവർഗ്ഗാനുരാഗ വിഷയത്തിൽ തിരുസഭ പുലർത്തുന്ന ശക്തമായ ധാർമ്മിക നിലപാട് പ്രതിയുടെ വെറുപ്പിന് കാരണമായിട്ടുണ്ടാകാമെന്ന പ്രാഥമിക നിഗമനമാണ് അധികൃതർ പങ്കുവെയ്ക്കുന്നത്. പ്രതി ആക്രമണത്തിന് മുമ്പ് യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിന്നു. ക്രൈസ്തവ വിരുദ്ധതയും പൈശാചികതയും, യഹൂദ വിരുദ്ധതയും വംശീയതയും നിറച്ചതായിരിന്നു വീഡിയോ. ഇത് യൂട്യൂബ് പിന്നീട് നീക്കം ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. അക്രമ സംഭവത്തിൽ ലെയോ പാപ്പ ദുഃഖം പ്രകടിപ്പിച്ചിരിന്നു.