എഡിറ്റോറിയൽ / ജെക്കോബി
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളും ഒഴികെ സാമ്പത്തികമായി ദുര്‍ബലരായ പൗരന്മാര്ക്ക് സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പത്തു ശതമാനം വരെ സംവരണം അനുവദിക്കാനുളള മോദി സര്‍ക്കാരിന്റെ ഭരണഘടനാ ഭേദഗതി ബില്ലിനെ 2019 ജനുവരിയില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസും സിപിഎമ്മും പിന്താങ്ങിയപ്പോഴും അതിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്ന രാഷ്ട്രീയ നേതാവാണ് തൃത്താല എംഎല്‍എ ആയിരുന്ന വി.ടി ബല്‍റാം.
”ബ്രാഹ്മണ്യത്തിനെതിരായ യഥാര്‍ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോള്‍ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്! അധഃസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്വത്തിനു പകരം സവര്‍ണരുടെ നഷ് ടപ്രതാപത്തെക്കുറിച്ചുള്ള പരിദേവനങ്ങളില്‍ എല്ലാവര്ക്കും ഒരേ ശബ്ദം!” എന്നാണ് അന്ന് ബല്‍റാം കുറിച്ചത്.
ജാതി വിവേചനത്തിന്റെ പേരില്‍ സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാല്‍ നീതിയും മൗലികാവകാശങ്ങളും തൊഴിലവസരങ്ങളും അധികാരപങ്കാളിത്തവും നിഷേധിക്കപ്പെട്ട പിന്നാക്ക സമുദായങ്ങളുടെ സമുദ്ധരണത്തിനായി ഭരണഘടന നിര്‍ദേശിച്ച സംവരണ തത്വങ്ങളില്‍ നിന്നു വ്യതിചലിച്ച്, സാമ്പത്തിക മാനദണ്ഡം മുന്‍നിര്‍ത്തി പുതിയൊരു സംവരണ വ്യവസ്ഥ കൊണ്ടുവരുന്നതിലെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മടിച്ചുനിന്നപ്പോള്‍, പിന്നാക്ക ജനസമൂഹങ്ങളുടെ പക്ഷത്തുനിന്നുള്ള സംവാദത്തിന് ധൈര്യവും ആര്‍ജവവും കാണിച്ചതിന് അദ്ദേഹത്തിന് രാഷ്ട്രീയമായി വലിയ വില നല്‍കേണ്ടിവന്നിട്ടുണ്ട്.
സംസ്ഥാനത്ത് മുന്നാക്ക സമുദായ പ്രീണനത്തിനായി, രാജ്യത്ത് ആദ്യമായി അതിശയകരമായ വേഗത്തില്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ഇ ഡബ്ല്യു എസ് സംവരണത്തിലെ വൈകല്യങ്ങളും അനീതിയും തുറന്നുകാട്ടുന്നതില്‍ നിന്ന് കെപിസിസി വൈസ് പ്രസിഡന്റായ അദ്ദേഹം പിന്മാറുന്നില്ല എന്നതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ് 2025-ലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളുടെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റില്‍, ഓരോ സംവരണ വിഭാഗത്തിന്റെയും കട്ട്-ഓഫ് റാങ്ക് താരതമ്യം ചെയ്തുകൊണ്ടുള്ള നിരീക്ഷണങ്ങള്‍.
”കേരളത്തില്‍ മുസ്ലിംകളെക്കാളും ഈഴവര്‍ അടക്കമുള്ള പിന്നാക്ക ഹിന്ദുക്കളെക്കാളും പിന്നാക്ക ക്രിസ്ത്യാനികളെക്കാളും ഇന്ന് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് ഇ ഡബ്ല്യു എസ് വിഭാഗത്തില്പെട്ടവര്ക്കാണ്. സംവരണം കാരണം മെറിറ്റും കഴിവും ഇല്ലാതാവും എന്ന പഴയ മുദ്രാവാക്യം ഉയര്‍ത്താന്‍ ഇന്നിപ്പോള്‍ ആളില്ലാതായതും ഇ ഡബ്ല്യു എസ് വന്നതില്‍പ്പിന്നെയാണ്,” എന്ന ഫേസ്ബുക് പോസ്റ്റിന്റെ പേരില്‍ ബല്‍റാമിനെ ആക്രമിക്കുന്നവരിലേറെയും സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ വര്‍ഗീയവിദ്വേഷത്തിന്റെ ഭാഷതന്നെ കടമെടുക്കുന്നത് വസ്തുനിഷ്ഠമായ ചര്‍ച്ചകള്‍ സാധ്യമല്ലാത്തതുകൊണ്ടാണോ?
ഒബിസി വിഭാഗത്തില്‍ 3296 റാങ്ക് വരെയുള്ള ലത്തീന്‍ കത്തോലിക്കര്‍ക്കും 2674 റാങ്ക് വരെയുള്ള പിന്നാക്ക ക്രിസ്ത്യാനികള്‍ക്കും പ്രവേശനപട്ടികയില്‍ ഇടംപിടിക്കാനായി; ഇ ഡബ്ല്യു എസ് വിഭാഗത്തിലെ സവര്‍ണ ഹിന്ദു, മുന്നാക്ക ക്രിസ്ത്യാനികളില്‍ 2842 റാങ്കുകാര്‍ക്കുവരെ ആദ്യ അലോട്ട്മെന്റില്‍ത്തന്നെ മെഡിക്കല്‍ സീറ്റ് നേടാനായി. സ്വാശ്രയ കോളജില്‍ ബിഡിഎസിന് ആദിവാസി കുട്ടിയെക്കാള്‍ (റാങ്ക് 43449) താഴ്ന്ന റാങ്കുള്ള മുന്നാക്കക്കാരനും (43690) ഇ ഡബ്ല്യു എസ് ക്വാട്ടയില്‍ പ്രവേശനം ഉറപ്പാകുന്നുണ്ട്.
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതിയും അവസരസമത്വവും അധികാരപങ്കാളിത്തവും ഉറപ്പുനല്‍കുന്നതിനുള്ള ഉല്‍ക്കര്‍ഷ നടപടി (അഫര്മറ്റീവ് ആക്ഷന്‍) എന്ന ഭരണഘടനാപരമായ ദര്‍ശനത്തില്‍ നിന്നുള്ള മൗലികമായ ദിശാപരിവര്ത്തനമാണ് ദാരിദ്ര്യം പരിഗണിച്ചുള്ള ഇ ഡബ്ല്യു എസ് സംവരണം. ഇതിനായുള്ള ഭരണഘടനാ ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു വിരുദ്ധമല്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2022 നവംബറില്‍ വിധിച്ചത് രണ്ടിനെതിരെ മൂന്നു ജഡ്ജിമാരുടെ ഭൂരിപക്ഷ തീര്‍പ്പിലൂടെയാണ് – ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.
പാവപ്പെട്ടവര്‍ക്കായുള്ള സാമ്പത്തിക സംവരണ ആനുകൂല്യത്തില്‍ നിന്ന് പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങളെ മാറ്റിനിര്‍ത്തുന്നത് തുല്യതയുടെ തത്വത്തിന് എതിരാണെന്നായിരുന്നു ഇരുവരുടെയും വിലയിരുത്തല്‍. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന സമൂഹത്തിലെ ഏറ്റവും ദരിദ്രരായ വിഭാഗത്തിനെതിരെ ശത്രുതാപരമായ വിവേചനം ഈ ഭേദഗതിയില്‍ എത്തിനില്‍ക്കുന്നു, അവര്‍ക്ക് ഇടക്കാലത്ത് ചില ആനുകൂല്യങ്ങള്‍ ലഭിച്ചു എന്നതിന്റെ പേരില്‍ അവരെ ഏകപക്ഷീയമായി ഒഴിവാക്കുന്നത് ‘മുന്‍കാല ദ്രോഹത്തിനുമേല് പുതിയ അനീതി കുന്നുകൂട്ടുന്നതിനു തുല്യമാണ്’ എന്നായിരുന്നു ജസ്റ്റിസ് ഭട്ടിന്റെ വിയോജനക്കുറിപ്പ്. ദാരിദ്ര്യം മാനദണ്ഡമാക്കി ഏര്‍പ്പെടുത്തിയ പുതിയ സംവരണത്തില്‍ നിന്നു ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരെയും ഒഴിവാക്കുന്നത് അസമത്വം വര്‍ധിപ്പിക്കുകയാണു ചെയ്യുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്കായി സിവില്‍ സര്‍വീസില്‍ പി.വി നരസിംഹ റാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1991-ല്‍ 10 ശതമാനം സംവരണം നിര്‍ദേശിച്ചപ്പോള്‍, സാമ്പത്തിക മാനദണ്ഡത്തെ മാത്രം അടിസ്ഥാനമാക്കിയ സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് 1992-ല്‍ വിധിച്ചതാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മണ്ഡല് കമ്മിഷന് 1980-ല്‍ ശുപാര്‍ശ ചെയ്ത 27% സംവരണം നടപ്പാക്കാനുള്ള വി.പി സിങ് സര്‍ക്കാരിന്റെ തീരുമാനം ഈ ഭരണഘടനാ ബെഞ്ച് അംഗീകരിച്ചത് സംവരണ സമൂഹങ്ങളിലെ മേല്‍ത്തട്ടിലുള്ളവരെ (ക്രീമിലെയര്‍) ഒഴിവാക്കാനുള്ള സാമ്പത്തിക മാനദണ്ഡം ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു.
1993 ഒക് ടോബറിലാണ് ഒബിസി സംവരണം നടപ്പാക്കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒബിസി സംവരണം ലഭ്യമായത് 2006-ലെ കേന്ദ്ര വിദ്യാഭ്യാസ നയത്തെ തുടര്‍ന്ന് 2008 മുതലാണ്.
കേന്ദ്ര നിയമത്തില്‍ പറഞ്ഞത് പരമാവധി 10 ശതമാനം ഇ ഡബ്ല്യു എസ് സംവരണം നല്‍കാമെന്നാണ്. ഈ സംവരണം നിര്‍ബന്ധമായും നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടില്ല. 69% ഒബിസി സംവരണമുള്ള തമിഴ്നാട്ടില്‍ ഇ ഡബ്ല്യു എസ് നടപ്പാക്കിയിട്ടില്ല. കേരളത്തില്‍ സീറോ മലബാര്‍, സീറോ മലങ്കര, ഓര്‍ത്തഡോക്സ്, യാക്കോബായ, മാര്‍ത്തോമ്മാ, സിഎസ്ഐ തുടങ്ങിയ 17 ക്രൈസ്തവ സമുദായങ്ങളെയും, നായര്‍, ബ്രാഹ്മണര്‍ തുടങ്ങിയ 147 ഹൈന്ദവ സമുദായങ്ങളില്പെട്ടവരെയും ഇ ഡബ്ല്യു എസ് സംവരണ ആനുകൂല്യത്തിന് അര്‍ഹരായി സര്‍ക്കാര്‍ കണ്ടെത്തുന്നതിനു മുന്‍പുതന്നെ ജനസംഖ്യാനുപാതമൊന്നും നോക്കാതെ മൊത്തം 10 ശതമാനം സംവരണം പ്രഖ്യാപിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളോടു പറഞ്ഞത്, ഇ ഡബ്ല്യു എസ് വിഹിതം സംവരണ സമുദായങ്ങളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ജനറല്‍ കാറ്റഗറിയില്‍ നിന്നാണ് അവര്‍ക്ക് 10% സംവരണം അനുവദിക്കുന്നത് എന്നുമാണ്.
50 ശതമാനം ജനറല്‍ കാറ്റഗറിയുടെ പത്തു ശതമാനമെന്നാല് അഞ്ച് ആകണം ഇ ഡബ്ല്യു എസ് സംവരണ തോത്. എന്നാല്‍ ജനസംഖ്യയില്‍ ഏതാണ്ട് 22-23 ശതമാനം വരുന്ന സവര്‍ണ ഹിന്ദുക്കള്‍ക്കും മുന്നാക്ക ക്രൈസ്തവര്‍ക്കുമായി 10 ശതമാനം ഇഡബ്ല്യുഎസ് സംവരണം പിഎസ് സി മുതല്‍ വിദ്യാഭ്യാസ വകുപ്പിലും എല്ലാ തലങ്ങളിലും ഉടനടി നടപ്പാക്കുകയായിരുന്നു.
ജാതി തിരിച്ചുള്ള കൃത്യമായ ജനസംഖ്യാ ഡേറ്റ ലഭ്യമല്ലെങ്കിലും കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ ജനസംഖ്യയുടെ 65 – 70 ശതമാനം വരുമെന്ന് കണക്കാക്കാം. പ്രഫഷണല്‍ കോഴ്സുകളില്‍ ഒബിസി സംവരണ വിഹിതം 30 ശതമാനമാണ്: 26.56% ജനസംഖ്യയുള്ള മുസ് ലിംകള്‍ക്ക് 8%, ഈഴവര്‍ 9%, ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ 3%, മറ്റു പിന്നാക്ക ക്രൈസ്തവര്‍ 1%. മെഡിക്കല്‍ പിജി ഒബിസി സംവരണം 27%: ഈഴവ 8%, മുസ് ലിം 7%, ലാറ്റിന്‍ കാത്തലിക്/ എസ്ഐയുസി 3%, മറ്റു പിന്നാക്ക ക്രൈസ്തവര്‍ 1%. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒബിസി സംവരണം 20%: ലാറ്റിന്‍ കാത്തലിക്/ എസ്ഐയുസി 1%, മറ്റു പിന്നാക്ക ക്രൈസ്തവര്‍ 1%, ഈഴവ 8%, മുസ് ലിം 7%. ഹയര്‍ സെക്കന്‍ഡറി എച്ച്എസ്ഇ ഒബിസി സംവരണ വിഹിതം 28%, വിഎച്ച്എസ്ഇ 30%: ലാറ്റിന്‍ കാത്തലിക്/ എസ്ഐയുസി 3%, ഇതര പിന്നാക്ക ക്രൈസ്തവര്‍ 1%. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനും മറ്റു പല കോഴ്സുകള്‍ക്കും നീക്കിവയ്ക്കുന്ന ഇ ഡബ്ല്യു എസ് സീറ്റുകള്‍ പലതും ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ കാണാം.
ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ക്ക് 10% പ്രഖ്യാപിച്ചിരിക്കെ ചിലയിടങ്ങളില്‍ അവര്‍ക്ക് 12.5% വരെ സംവരണ ആനുകൂല്യം ലഭിക്കുന്നതായും പറയുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഒബിസിക്ക് 27 ശതമാനം സംവരണം അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇവിടെ ലഭ്യമായ സീറ്റുകള്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 9 ശതമാനമായി പരിമിതപ്പെടുത്തുന്നു. മെഡിക്കല്‍ പിജി കോഴ്സുകളില്‍ ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് സീറ്റു നല്കിയതിനാല് പിന്നാക്ക വിഭാഗങ്ങള്‍ക്ക് അനുവദിക്കാന്‍ സീറ്റില്ല എന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വിജ്ഞാപനം ഇറക്കുന്ന സാഹചര്യമുണ്ടായി!
സംസ്ഥാനത്തെ ജനസംഖ്യയില്‍ 18 ശതമാനം വരുന്ന ക്രൈസ്തവരില്‍ ലത്തീന്‍ കത്തോലിക്കരും പരിവര്‍ത്തിത ക്രൈസ്തവരും എസ്ഐയുസി അടക്കമുള്ള നാടാര്‍ ക്രൈസ്തവരും കൂടി 10 ശതമാനം വരുമെന്നാണ് അനുമാനം. മുന്നാക്ക ക്രൈസ്തവരിലെ അതിദരിദ്ര വിഭാഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ ആര്‍ക്കും എതിര്പ്പുണ്ടാവുകയില്ല. ഇ ഡബ്ല്യു എസ് പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണെങ്കില്‍ ജാതിമത വ്യത്യാസമില്ലാതെ എല്ലാ പാവപ്പെട്ടവര്‍ക്കും അതിന്റെ ആനുകൂല്യം ലഭ്യമാക്കണം. എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും, എന്നാല്‍ ഇ ഡബ്ല്യു എസ് വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് സംവരണത്തിന് വരുമാന പരിധി നാലു ലക്ഷം രൂപയാണ് എന്ന ഒരു പരിദേവനം കേട്ടു.
പഞ്ചായത്തില്‍ രണ്ടര ഏക്കറോ, മുനിസിപ്പാലിറ്റിയില്‍ 75 സെന്റോ, മുനിസിപ്പല്‍ കോര്‍പറേഷനില്‍ 50 സെന്റോ ഭൂമിയുള്ളവരും 33,000 രൂപ മാസവരുമാനമുള്ളവരുമാണ് ഇ ഡബ്ല്യു എസിന് അര്‍ഹരായ പാവപ്പെട്ടവര്‍. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുണ്ടെങ്കിലും ഇ ഡബ്ല്യു എസ് സംവരണം നല്‍കാമെന്നാണ് ഹൈക്കോടതി വിധിച്ചത്. ഒബിസി സംവരണത്തിന്റെ ക്രീമിലെയര്‍ പരിധി മൂന്നു വര്‍ഷത്തിലൊരിക്കല്‍ പരിഷ്കരിക്കണമെന്നാണ് ചട്ടം. 2017-ലാണ് എട്ടു ലക്ഷം രൂപ പരിധി നിശ്ചയിച്ചത്. പിന്നീട് അതു പുതുക്കിയിട്ടില്ല. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പിണറായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് ഏതെങ്കിലും നിയമസഭാ സമിതിക്ക് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടോ?
ഓരോ സമുദായത്തിന്റെയും സാമൂഹിക രാഷ് ട്രീയ സാമ്പത്തിക വിദ്യാഭ്യാസ പശ്ചാത്തലം പഠിച്ച് കൂടുതല്‍ കൃത്യതയോടെ അവര്‍ക്കായി പദ്ധതികളും നയപരിപാടികളും രൂപീകരിക്കാന്‍ ജാതി സെന്‍സസ് ഡേറ്റ അനിവാര്യമാണ്. സംസ്ഥാനത്തെ പൊതുവിഭവങ്ങളും അധികാരവും പദവികളും അവസരങ്ങളും നീതിപൂര്‍വകമായി വിതരണം ചെയ്യപ്പെടുന്നതിന്, ഭരണഘടനാധികാര സ്ഥാപനങ്ങളില്‍ മതിയായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ ആധികാരികമായ സ്ഥിതിവിവരകണക്കുകള്‍ ലഭ്യമാകണം.
അങ്ങനെയെങ്കില്‍, മുന്നാക്ക വിഭാഗക്കാരുടെ ചില പ്രബല കേന്ദ്രങ്ങള്‍ എന്തിനാണ് ജാതി സെന്‍സസിനെ ഇത്രമേല്‍ എതിര്‍ക്കുന്നത്?
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ക്ലാസ് 4, ഇതര തസ്തികകളില്‍ ഒബിസി സംവരണം 40 ശതമാനമാണ്. വിദ്യാഭ്യാസ മേഖലയിലും ഒബിസി സംവരണ അനുപാതം 40 ആക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍. സ്വകാര്യ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. സംസ്ഥാനത്ത് പഠനം പൂര്‍ത്തിയാകുന്നവര്‍ക്ക് തൊഴിലവസരമില്ല എന്നതാണ് യുവജനങ്ങളുടെ കൂട്ട പലായനത്തിനു പ്രധാന കാരണം എന്ന് പകല്‍പോലെ വ്യക്തമാണ്. ഇതിന് ജാതി സംവരണത്തെ പഴിക്കുന്നത് പരിഹാസ്യമാണ്.
സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് 80:20 അനുപാതത്തില്‍ മുസ്ലിംകള്ക്കും ലത്തീന്‍ ക്രൈസ്തവര്‍ക്കുമായി സ്കോളര്‍ഷിപ്പുകള്‍ അലോട്ടു ചെയ്തുവന്നതു തടഞ്ഞുകൊണ്ട് ഹൈക്കോടതി വിധിച്ചത് ജനസംഖ്യാനുപാതികമായി എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും അത്തരം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്നാണ്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയ കഥ മാറ്റിവയ്ക്കാം. എന്നാല്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ ഒന്‍പത് സ്കോളര്‍ഷിപ്പുകള്‍ 50 ശതമാനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതും, കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ് എന്നിവ വര്‍ഷങ്ങളായി മരവിപ്പിച്ചിരിക്കുന്നതും 2025-ലെ കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് 1000 കോടി വിഹിതം വെട്ടിക്കുറച്ചതും ഓര്‍ത്തിരിക്കേണ്ട കഥകളാണ്.
മെഡിക്കല്‍ പ്രവേശന അലോട്ട്മെന്റിനെക്കുറിച്ചുള്ള സംവാദത്തില്‍, പോസിറ്റീവായി വി.ടി ബല്‍റാം എടുത്തുകാട്ടിയ ഒരു കാര്യം, സംവരണ വിഭാഗത്തില്‍ മികച്ച റാങ്ക് നേട്ടം കൈവരിക്കുന്ന മുസ്ലിം സമുദായത്തിന്റെ മാതൃകയാണ്. ആ സമുദായത്തിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് മികച്ച പരിശീലനവും ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും നല്‍കുന്നത് മറ്റുള്ളവര്‍ തീര്‍ച്ചയായും കണ്ടുപഠിക്കേണ്ടതാണ്.