വാഷിങ്ടൺ: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാസം ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണ് ഇത്. ഇതോടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയരും.ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ചുമത്തിയതാണ് അധികത്തീരുവ.
അമേരിക്കൻ സമയമനുസരിച്ച് ബുധനാഴ്ച പുലർച്ചെ 12.01ന് ശേഷം അമേരിക്കയിൽ എത്തുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ ബാധകമാവുക. ഇതിന് മുമ്പ് കപ്പലുകളിൽ കയറ്റിയ ഉൽപന്നങ്ങൾക്കും പിഴത്തീരുവ ബാധകമാകില്ല. ഈ ഉൽപന്നങ്ങൾ സെപ്റ്റംബർ 17ന് മുമ്പ് അമേരിക്കയിൽ എത്തുന്നവയായിരിക്കണം. ആഭ്യന്തര സുക്ഷ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്കാണ് പിഴത്തീരുവ കനത്ത തിരിച്ചടിയാവുക . അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമാകില്ല.