കൊച്ചി: ജനങ്ങളെ മറക്കുന്ന ഉദ്യോഗസ്ഥർ ജനാധിപത്യത്തിൻ്റെ ലക്ഷ്യം തന്നെയാണ് മറക്കുന്നതെന്ന് ഹൈക്കോടതി. സർക്കാർ ഉദ്യോഗസ്ഥർ മനുഷ്യത്വത്തോടെ പെരുമാറിയില്ലെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ പരാജയമാകും.
ബ്യൂറോക്രാറ്റുകൾ ജനാധിപത്യത്തിന്റെ സേവകരാണ്, യജമാനരല്ലെന്നും കോടതി ഓർമിപ്പിച്ചു. തഹസിൽദാരുടെ ഓഫിസിൽ ബഹളം വച്ചെന്നും ഫയൽ പിടിച്ചുവാങ്ങി ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ചുള്ള കേസിൽ കൊല്ലം പട്ടത്താനം സ്വദേശി മണിലാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണപരമായ തീരുമാനങ്ങൾ കേവലം കടലാസിൽ ഒതുങ്ങുന്നതല്ല ജീവിതത്തെ ബാധിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവർ ഭരിക്കുന്നു എന്നതിൽ ഒതുങ്ങുന്നതല്ല ജനാധിപത്യത്തിന്റെ വിജയം. ഉദ്യോഗസ്ഥരുടെ മനുഷ്യത്വപരമായ നിലപാട് ആ ഭരണത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതും പ്രധാനമാണ്.
അപേക്ഷകളിൽ നിയമപരമായി മാത്രം തീരുമാനമെടുക്കാൻ വിധിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും പെരുമാറ്റത്തിൽ മനുഷ്യത്വം കാത്ത് സൂക്ഷിക്കണം. ഓഫിസിലെത്തുന്നവർ പ്രകോപനപരമായി പെരുമാറിയാലും ക്ഷമ കൈവെടിയരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
2020 ലാണ് കേസിനാധാരമായ സംഭവം നടന്നത്. മണിലാലിന്റെ ഭാര്യാ പിതാവ് സ്ഥലം പോക്കുവരവ് ചെയ്യാൻ അപേക്ഷ നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തഹസിൽദാർ അനുവദിച്ചില്ല. പിന്നീട് താലൂക്ക് ഓഫിസിലെ അദാലത്തിൽ മറ്റൊരാളുടെ സാന്നിധ്യം അനുവദനീയമല്ലെന്നു പറഞ്ഞ് ഹിയറിങിന് വിസമ്മതിച്ചു. അതോടെ മണിലാൽ പ്രകോപിതനായി ക്ലാർക്കിന്റെ പക്കൽ നിന്നു ഫയൽ പിടിച്ചുവാങ്ങി മേശപ്പുറത്ത് ഇട്ടെന്നും കസേര നിലത്തടിച്ചെന്നുമായിരുന്നു പരാതി.
അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനുമാണ് പൊലീസ് കുറ്റപത്രം നൽകിയത്. വിടുതൽ ഹർജിയിൽ കൊല്ലം മജിസ്ട്രേട്ട് കോടതി രണ്ട് വകുപ്പുകൾ ഒഴിവാക്കിയെങ്കിലും ജോലി തടസപ്പെടുത്തിയതിനു വിചാരണ നേരിടാൻ നിർദേശിച്ചത് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ബാങ്ക് മാനേജരായ ഹർജിക്കാരൻ ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഉദ്യോഗസ്ഥ ‘ അനുഭാവപൂർവം പെരുമാറിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന സംഭവമായിരുന്നു എന്നു ഹൈകോടതി പറഞ്ഞു.