എടവണ്ണ: കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ തിരിഞ്ഞോടിയ ആന വീട്ടമ്മയെ തട്ടിയിട്ട് ചവിട്ടിക്കൊന്നു. കിഴക്കേ ചാത്തല്ലൂർ കാവിൽ അട്ടിപട്ടീരി വീട്ടിൽ കല്യാണിയമ്മ (65)യാണ് മരിച്ചത്. പ്രദേശത്ത് ആനയിറങ്ങിയതറിഞ്ഞ്, കൊച്ചുമകൻ അബിൻ കൃഷ്ണയെത്തേടി ഇറങ്ങിയതായിരുന്നു അവർ.
ഇതേസമയം കാട്ടാനയെ തുരത്താനായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ റബ്ബർ ബുള്ളറ്റുപയോഗിച്ച് വെടിവെച്ചു. പരിഭ്രമിച്ച ആന തിരിഞ്ഞോടി കല്യാണിയെ ചവിട്ടുകയായിരുന്നു. ഉടൻ ഒതായിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വ്യാഴാഴ്ച രാവിലെ പത്തരയോടെ കല്യാണിയമ്മയുടെ വീടിന് നൂറുമീറ്റർ മാത്രം അകലെയാണ് സംഭവം. രണ്ടാഴ്ചയായി ഒതായി, കിഴക്കേചാത്തല്ലൂർ, പടിഞ്ഞാറെ ചാത്തല്ലൂർ മേഖലകളിൽ കാട്ടാന ശല്യമുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പ്രദേശത്ത് വനപാലകർ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടുമുതൽ കൊടുമ്പുഴ, എടക്കോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെയും നിലമ്പൂർ റാപ്പിഡ് റെസ്ക്യൂ ടീമിലെയും മുപ്പതോളം ജീവനക്കാർ പ്രദേശത്തെത്തി. കമ്പിക്കയം വെള്ളച്ചാട്ടത്തിനുസമീപം ആനയെ കണ്ടതോടെ കാട്ടിലേക്ക് തുരത്താനായി വെടിവെച്ചു. തിരിഞ്ഞോടിയ ആനയിൽനിന്ന് മൂന്ന് ജീവനക്കാർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സംഘാംഗങ്ങൾ പറഞ്ഞു.
കൊച്ചുമകൻ അബിനും കൂട്ടുകാരും, രാവിലെ പരീക്ഷ ഇല്ലാതിരുന്നതിനാൽ, ഇവിടത്തെ ചോലയിൽ കുളിക്കാൻ പോയതെന്ന് കരുതി തേടി ഇറങ്ങിയതാണ്. എന്നാൽ അബിൻ വേറൊരിടത്തായിരുന്നു.
നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകാതെയും, കാടിനോടുചേർന്ന മുകൾഭാഗത്തുനിന്ന് താഴോട്ടു വെടിവെച്ചതാണ് വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് എടവണ്ണ പഞ്ചായത്തംഗം ശിഹാബുദ്ദീൻ കാഞ്ഞിരാല ആരോപിച്ചു.
മഞ്ചേരി മെഡിക്കൽകോളേജിൽ പോസ്റ്റുമോർട്ടം നടത്തി വൈകീട്ട് മൃതദേഹം വീട്ടിലെത്തിച്ചു. സ്ഥലത്തെത്തിയ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ്കുമാറിനെ നാട്ടുകാർ തടഞ്ഞു. ആനയ്ക്ക് മയക്കുവെടിവെക്കണമെന്നാവശ്യപ്പെട്ടായിരു പ്രതിഷേധം.
എന്നാൽ, പ്രദേശം ചെങ്കുത്തായ സ്ഥലമാണെന്നും മയക്കുവെടിവെച്ച് വീഴ്ത്തിയാൽ ആനയെ മറ്റൊരിടത്തേക്ക് മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ആനയെ കണ്ടെത്താനായി ഡ്രോൺ ഉൾപ്പെടെ ഉപയോഗപ്പെടുത്തി തിരച്ചിൽ ശക്തമാക്കി. ആമസോൺ വ്യൂ പോയിന്റിലേക്കും ചോലയിലേക്കുമായി സഞ്ചാരികളെത്തുന്ന സ്ഥലംകൂടിയാണിത്.