പക്ഷം / ബിജോ സില്‍വേരി
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെങ്ങും വംശഹത്യകളുടെ ഭയാനകദൃശ്യങ്ങളുണ്ട്. ഒരു ജനഗണത്തിന്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനോസൈഡ് എന്ന വംശഹത്യ. ശാരീരികമായി ഇല്ലാതാക്കല്‍ മാത്രമല്ല, അവരുടെ പ്രവര്‍ത്തനങ്ങളെ – സഞ്ചാരസ്വാതന്ത്ര്യം, പ്രാര്‍ഥന, സാമൂഹികസേവനം, വ്യാപാരം, തൊഴില്‍, ആചാരങ്ങള്‍ എന്നിവയുള്‍പ്പെടെ ബലമായി തടയലും ഇതില്‍ ഉള്‍പ്പെടും. ഇരുപതാം നൂറ്റാണ്ടിലാണ് ഈ കൂട്ടക്കുരുതിയ്ക്ക് വംശഹത്യ എന്ന പേരുണ്ടായതെന്നുമാത്രം.
വംശഹത്യകളെ കുറിച്ചുള്ള പഠനങ്ങള്‍ ആധുനികകാലത്ത് കാര്യമായി നടക്കുന്നുണ്ട്. നോബേല്‍ സമ്മാന ജേതാവും ഹോളോകോസ്റ്റ് അതിജീവിച്ചയാളുമായ യേലി വീസലാണ് അതില്‍ പ്രമുഖസ്ഥാനത്ത്. തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും വംശഹത്യ തടയല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ച അദ്ദേഹം ഒരു പഠനക്കുറിപ്പിന്റെ അവസാനഭാഗത്ത് ഇപ്രകാരം പറയുന്നു; ‘വംശഹത്യകളെകുറിച്ച് ലോകത്തിന് അറിയാന്‍ പാടില്ലാഞ്ഞല്ല, പക്ഷേ ലോകം അതിനെ നിസംഗതയോടെയാണ് നോക്കിക്കാണുന്നത്. ആ നിസംഗതയാണ് അടുത്ത കൂട്ടക്കൊലയിലേക്ക് വഴി തുറക്കുന്നത്’.
ആഫ്രിക്കന്‍ രാജ്യങ്ങളിലും ഗാസയിലും കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകളെ കുറിച്ച് വിലപിക്കുന്നവരാണ് നമ്മള്. ആ വിലാപത്തിനു മുകളിലാണ് 1984ലെ സിഖ് വംശഹത്യയുടെ പാപക്കറ നമുക്കുമേല്‍ വന്നു വീഴുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് ഡല്‍ഹിയില്‍ അരങ്ങേറിയ സിഖ് വംശഹത്യക്ക് നാലു പതിറ്റാണ്ട് തികഞ്ഞു. സിഖ് വംശഹത്യയുടെ നാളുകളില്‍ നിന്ന് ഇന്ത്യ നടന്നെത്തിയത് വംശഹത്യ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ പിടിയിലേക്കാണ്. സിഖ് വംശഹത്യ രാജ്യത്ത് സൃഷ്ടിച്ച നിസംഗതയാണ് ഗുജറാത്ത് വംശഹത്യയെ സാധ്യമാക്കിയ ഘടകങ്ങളിലൊന്ന്.
1933-ല്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജര്മനിയിലുണ്ടായിരുന്ന അഞ്ചുലക്ഷം ജൂതന്മാരില് പകുതി പേരും പലായനം ചെയ്തു. മുന്നറിയിപ്പുകളും സൂചനകളും വകവെയ്ക്കാതെ ജര്‍മനിയില്‍ തന്നെ കഴിഞ്ഞവരുടെ കഥ അറിയാമല്ലോ. കാര്‍ഗില്‍ യുദ്ധത്തില്‍ പോരടിച്ച ഹൈന്ദവനല്ലാത്ത പട്ടാളക്കാരനേയും കുടുംബത്തേയും ദേശീയ പൗരത്വ നിയമപ്രകാരം ഇരുട്ടില്‍ നിര്‍ത്തിയിരിക്കുന്ന വാര്‍ത്ത വടക്കുകിഴക്കന്‍ സംസ്ഥാനത്തു നിന്നു അടുത്തിടെ വന്നിരുന്നല്ലോ. യൂറോപിലേക്ക് കുടിയേറാന്‍ തിടുക്കം കാണിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ യുവാക്കള്‍ സാമ്പത്തിക ഭദ്രതമാത്രമല്ല ജീവിതസുരക്ഷയും കണക്കിലെടുക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. വ്യവസായികളായ എത്രയോ പേര് നാട്ടിലെ ഇടപാടുകളെല്ലാം അവസാനിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടുംബമടക്കം കുടിയേറിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഘ്പരിവാറും അതിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതൃത്വവും ഭീഷണമായ ഫാഷിസ്റ്റ് സൂചനകളിലൂടെയെല്ലാം കടന്നുപോകുന്നുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്ലാത്ത അല്ലെങ്കില്‍ ഭൂരിപക്ഷത്തിന് വിധേയരായി ജീവിക്കാന്‍ തയ്യാറാകാത്തവരില്ലാത്ത ഒരു ഇന്ത്യയെയാണ് തങ്ങള്‍ വിഭാവനം ചെയ്യുന്നതെന്ന് സംഘ്പരിവാറിന്റെ ആചാര്യന്മാര് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പുകഴ്ത്തിയത് ഈ സംഘടനകളെയെല്ലാം നിയന്ത്രിക്കുന്ന ശക്തിയെയാണ്.
വളരെ ആസൂത്രിതമായി വംശഹത്യക്ക് അരങ്ങൊരുക്കിയതില്‍ ഏറ്റവും മികച്ച ഉദാഹരണം ജര്‍മനിയില്‍ നിന്നു തന്നെയാണ്. നമ്മളത് കണ്ടുമനസിലാക്കേണ്ടതുണ്ട്. ആദ്യപടിയായി 1935ല്‍ ജര്‍മന്‍ സായുധ സേനയില്‍ ചേരുന്നതില്‍ നിന്ന് ജൂതന്മാരെ വിലക്കി, ആ വര്‍ഷംതന്നെ ജര്‍മന്‍ കടകളിലും റെസ്റ്റോറന്റുകളിലും ജൂത വിരുദ്ധ പ്രചാരണം പ്രത്യക്ഷപ്പെട്ടു. ന്യൂറംബര്‍ഗില്‍ നടന്ന ‘മഹത്തായ’ നാസി റാലികളുടെ സമയത്താണ് വംശീയ ശുദ്ധി നിയമങ്ങള്‍ പാസാക്കിയത്; 1935 സെപ്റ്റംബര്‍ 15 ന്, ജൂതനും ജൂതനല്ലാത്തവനും തമ്മിലുള്ള വിവാഹം തടയുന്ന ‘ജര്‍മന്‍ രക്തത്തിന്റെയും ബഹുമാനത്തിന്റെയും സംരക്ഷണത്തിനായുള്ള നിയമം’ പാസാക്കി. പൗരത്വ നിയമം ശക്തിപ്പെടുത്തി. അതോടെ ജൂതന്മാരില് പകുതിയിലധികം പേരും സ്വന്തം രാജ്യത്തെ പൗരന്മാരല്ലാതായി. അവര്‍ക്ക് വോട്ടവകാശം പോലുള്ള അടിസ്ഥാന പൗരാവകാശങ്ങളൊന്നുമില്ലായിരുന്നു. അടിസ്ഥാന പൗരന്മാരുടെ ഈ അവകാശങ്ങള്‍ നീക്കം ചെയ്തത് ഭാവിയില്‍ ജൂതന്മാര്ക്കെതിരെ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ പാസാക്കുന്നതിന്റെ മുന്നോടിയായിരുന്നു.
1936-ല്‍, എല്ലാ പ്രൊഫഷണല്‍ ജോലികളില്‍ നിന്നും ജൂതന്മാരെ വിലക്കി. വിദ്യാഭ്യാസം, രാഷ്ട്രീയം, ഉന്നത വിദ്യാഭ്യാസം, വ്യവസായം എന്നിവയില്‍ അവര്‍ക്ക് യാതൊരു സ്വാധീനവും ഇല്ലാതായി. 1938 മാര്‍ച്ച് 1 മുതല്‍, ജൂത ബിസിനസുകള്‍ക്ക് സര്‍ക്കാര്‍ കരാറുകള്‍ നല്കുന്നതു നിര്‍ത്തി. സെപ്റ്റംബര്‍ 30-ന്, ‘ആര്യന്’ ഡോക്ടര്‍മാര്‍ ‘ആര്യന്’ രോഗികളെ മാത്രമേ ചികിത്സിക്കാന്‍ പാടുള്ളൂ എന്ന നിയമം പ്രഖ്യാപിച്ചു. ജൂതന്മാര്ക്ക് ഡോക്ടര്മാരാകുന്നതിനോ ഏതെങ്കിലും പ്രൊഫഷണല്‍ ജോലികള്‍ ചെയ്യുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍, ജൂതന്മാര്ക്ക് വൈദ്യസഹായം നല്‍കുന്നത് തന്നെ മിക്കവാറും തടസപ്പെട്ടു.
1938 ഓഗസ്റ്റ് 17 മുതല്‍, ജൂതന്മാര് അവരുടെ പേരുകളില്‍ ഇസ്രായേല്‍ (പുരുഷന്മാര്) അല്ലെങ്കില്‍ സാറ (സ്ത്രീകള്‍) എന്ന് ചേര്‍ക്കണമെന്ന് നിബന്ധനയുണ്ടായി. ഒക്ടോബര്‍ 5 മുതല്‍ അവരുടെ പാസ്പോര്‍ട്ടുകളില്‍ ഒരു വലിയ ‘ജെ’ എന്ന അക്ഷരം പതിക്കണമെന്നും വ്യക്തമാക്കി. നവംബര്‍ 15-ന് ജൂത കുട്ടികളെ പൊതുസ്കൂളുകളില്‍ പോകുന്നത് വിലക്കി. സാമ്പത്തിക സമ്മര്‍ദ്ദവും നഷ്ടവും മൂലം മിക്കവാറും എല്ലാ ജൂത കമ്പനികളും തകര്‍ന്നു, അല്ലെങ്കില്‍ സര്‍ക്കാരിന് കമ്പനികള്‍ വില്ക്കാന് സമ്മര്‍ദ്ദമുണ്ടായി.
അരങ്ങെല്ലാം ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും കോണ്സെന്ട്രേഷന് ക്യാമ്പുകളും തയ്യാറായി കഴിഞ്ഞിരുന്നു.
ജര്‍മനിയിലുടനീളം ജൂതന്മാര്ക്കെതിരെ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ഗീബല്‍സ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. (ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ട ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ ഓര്‍ക്കാവുന്നതാണ്) നവംബര്‍ 9-10 തീയതികളില്‍ ജൂതരുടെ കടകളുടെയും ഓഫീസുകളുടെയും മുന്ഭാഗങ്ങള് തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തു. നിരവധി സിനഗോഗുകള്‍ തീയിട്ട് നശിപ്പിച്ചു. അനേകം ജൂതന്മാര് കൊല്ലപ്പെടുകയും 20,000 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ‘തകര്‍ന്ന ഗ്ലാസ് രാത്രി’ (ക്രിസ്റ്റാല്നാച്ച്) എന്നാണ് ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. അറസ്റ്റ് ചെയ്തവരില്‍ ചിലരെ പുതുതായി രൂപീകരിച്ച കോണ്സെന്ട്രേഷന് ക്യാമ്പുകളിലേക്ക് പരീക്ഷണാര്‍ത്ഥം അയച്ചു. ക്രിസ്റ്റാല്നാച്ചിന്റെ ഉത്തരവാദിത്വവും കുറ്റവും ജൂതന്മാരുടെ മേല്‍ ചുമത്താന്‍ ഹിറ്റ്ലര്‍ ഉത്തരവിട്ടു. ജൂതന്മാര്ക്ക് ഒരു ബില്യണ്‍ റീച്ച്മാര്ക്ക് പിഴത്തുക വിധിച്ചു. ഓരോ ജൂതന്റേയും സ്വത്തിന്റെ 20 ശതമാനം കണ്ടുകെട്ടി. തങ്ങളുടെ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കുമുണ്ടായ നഷ്ടം ജൂതന്മാര് സ്വന്തം ചെലവില്‍ പരിഹരിക്കേണ്ടിവന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും മിഷണിമാര്‍ക്കും പ്രാര്ഥനാസംഘങ്ങള്ക്കും നേരെ ആക്രമണം നടത്തിയ ശേഷം ഇരകളുടെ പേരില്‍ കേസെടുക്കുന്ന സംഭവങ്ങള്‍ വ്യാപകമാണെന്നത് ഇവിടെ ഓര്‍ക്കാം.
കൂട്ടക്കുരുതി ആസൂത്രിതമായി നടത്തിയശേഷം അത് നിഷേധിക്കുകയോ ഏറ്റുമുട്ടലുകളിലുണ്ടായ മരണങ്ങളായോ ചിത്രീകരിക്കുന്നതാണ് ‘ജെനോസൈഡ് ഡിനയല്‍’ എന്ന വംശഹത്യാനിഷേധം. ഗുജറാത്ത് ഇതിന്റെ ഒന്നാന്തരം സാക്ഷ്യമാണ്. ഗുജറാത്ത് വംശഹത്യ എന്ന പ്രയോഗം തന്നെ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുവെറുമൊരു കലാപമായിരുന്നു. മണിപ്പൂരിലും വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണുണ്ടായത്, വംശഹത്യാ ശ്രമമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
പിന്കുറിപ്പ്: സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങി ഫാഷിസ്റ്റ് ശക്തികള്‍ക്ക് നേതാക്കള്‍ കീഴടങ്ങിയാല്‍ വന്‍ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ചരിത്രം ഓര്‍മപ്പെടുത്തുന്നുണ്ട്. അവര്‍ നമ്മെ തേടി വരുന്ന ദിവസം നമ്മള് തന്നെ ഒരുക്കേണ്ടതുണ്ടോ?