കവർ സ്റ്റോറി / ഫാ. സിബു വര്‍ഗീസ്
ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്ക് യാത്ര ചെയ്യാനെത്തിയ കണ്ണൂര്‍, അങ്കമാലി സ്വദേശിനികളായ ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ് സമൂഹത്തിലെ രണ്ടു സന്ന്യാസിനികളെയും കൂടെയുണ്ടായിരുന്ന ആദിവാസി യുവതികളെയും യുവാവിനെയും തീവ്രവര്‍ഗീയ സംഘമായ ബജ്റംഗ്ദള്‍ 2025 ജൂലൈ 25നു കയ്യേറ്റം ചെയ്തു.
സിസ്റ്റര്‍ പ്രീതി മേരിയെയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും ഒമ്പത് ദിവസം അനധികൃതമായി ജയിലില്‍ പാര്‍പ്പിച്ച ശേഷമാണ് അവര്‍ക്ക് ഓഗസ്റ്റ് 2നു ജാമ്യം അനുവദിച്ചത്.
സന്ന്യാസിനികള്‍ നടത്തുന്ന ആശുപത്രിയിലേക്ക് ജോലിക്കായി പോയതാണ് പ്രായപൂര്‍ത്തിയായ ക്രൈസ്തവരായ ആദിവാസി യുവതികള്‍. അവരിലൊരാളുടെ സഹോദരനായിരുന്നു കൂടെയുണ്ടായിരുന്ന യുവാവ്. ഇവരെയാണ് യാതൊരു ന്യായീകരണവും ഇല്ലാത്ത വിധത്തില്‍ ആക്രമിച്ചതും ജയിലില്‍ അടച്ചതും.

നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള സന്ന്യാസിനികളെ 53 കുറ്റവാളികളുള്ള ഒരു സെല്ലിലാണ് പാര്‍പ്പിച്ചത്. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഈ കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ പൊലീസിന്റെയും സംസ്ഥാന പൊലീസിന്റെയും സാന്നിധ്യത്തില്‍ റെയില്‍വേ സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിലും വച്ച് ആള്‍ക്കൂട്ട വിചാരണ നടത്തുകയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. വായ തുറക്കരുതെന്നും സംസാരിച്ചാല്‍ അടിക്കും എന്നും ബജ്റംഗ്ദള്‍ നേതാവ് ജ്യോതിശര്‍മ്മ ഉള്‍പ്പെടെ ഉള്ളവര്‍ ഭീഷണിപ്പെടുത്തി. ”മിണ്ടരുത്, മിണ്ടിയാല്‍ മുഖമടിച്ചു പൊളിക്കും” എന്നാണ് ജ്യോതിശര്‍മ്മ പറഞ്ഞത്.
ആദിവാസി യുവതികളെക്കുറിച്ച് സഹോദരനോട് പറഞ്ഞത്, ”നീ ഇവരെ യാത്രയാക്കാന്‍ വന്നതല്ല, വില്ക്കാന് വന്നതാണ്.” സന്ന്യാസിനികളോടൊപ്പം യാത്ര ചെയ്ത ആദിവാസി യുവതികളുടെ ഭാഗം വിശദമാക്കാന്‍ എത്തിയ യുവാവിനെ പരസ്യമായി പൊലീസ് സ്റ്റേഷനില്‍ സന്ന്യാസിനികളുടെയും പൊലീസുകാരുടെയും മുന്പില് വച്ച് വര്‍ഗീയശക്തികള്‍ ഭീഷണിപ്പെടുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
ആദിവാസി യുവതികളുടെ പക്കല്‍നിന്ന് 2,000 രൂപ കണ്ടെടുത്തത്, സന്ന്യാസിനികള്‍ മതപരിവര്‍ത്തനത്തിനു വേണ്ടി നല്‍കിയതാണെന്ന് കള്ളസാക്ഷ്യം നല്‍കാനായി ബജ്റംഗ്ദള്‍ പ്രവര്‍ത്തകള്‍ നിര്‍ബന്ധിച്ചു. ക്രൈസ്തവ സന്ന്യാസിനികളുടെ വേഷം ധരിച്ച് ഇന്ത്യയിലെ പൊതുഇടങ്ങളില്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വിലക്കുകയും സേവന പ്രവര്‍ത്തനങ്ങള്‍ തടയുകയുമാണ് പത്തിലധികം സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വന്ന മതപരിവര്‍ത്തന നിരോധന നിയമം വഴി തീവ്ര സംഘപരിവാര്‍ ശക്തികള്‍ ലക്ഷ്യംവയ്ക്കുന്നത്.

ഒഡിഷയിലെ ആക്രമണം
ഒഡിഷയിലെ ജലേശ്വറില്‍ മലയാളി വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും അവരുടെ കൂടെ ഉണ്ടായിരുന്ന മതാധ്യാപകനും നേരെ ബജ്റംഗ്ദള്‍ ആക്രമണം 2025 ഓഗസ്റ്റ് 7നു നടത്തിയതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ഫാദര്‍ ലിജോ നിരപ്പേല്‍, ഫാദര്‍ ജോജോ വൈദ്യക്കാരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തെ ബലംപ്രയോഗിച്ച് തടഞ്ഞുനിര്‍ത്തിയ ബജ്റംഗ്ദള്‍ സംഘം വൈദികരെ കയ്യേറ്റം ചെയ്യുകയും അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ആളുകളെ നിര്‍ബന്ധിച്ച് മതംമാറ്റി അമേരിക്കക്കാരെ പോലെ ആക്കുന്നു എന്നും ബിജെഡിയുടെ കാലം കഴിഞ്ഞു, ഇപ്പോള്‍ ബിജെപിയുടെ ഭരണം ആണെന്നും നിങ്ങള്‍ക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാന്‍ കഴിയില്ലെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ബജ്റംഗ്ദള്‍ പറയുന്ന അമേരിക്ക ഏതാണ്?
ദളിതരും ആദിവാസികളും വിദ്യാഭ്യാസത്തിലൂടെ മനുഷ്യരായി മാറുന്നതിനെയാണോ അവര്‍ അമേരിക്ക എന്നു വിളിക്കുന്നത്? അതോ അവര്‍ വസ്ത്രം ധരിക്കുന്നതോ? അതോ അവര്‍ അവകാശങ്ങളെക്കുറിച്ച് അറിവുള്ളവരാകുന്നതോ?
ഛത്തീസ്ഗഡ്
ആദിവാസികളുടെ കൊലക്കളം
2000 നവംബര്‍ ഒന്നിനാണ് ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകരിച്ചത്. ചത്തീസ്ഗഡിന്റെ മൂന്നില്‍ രണ്ടു ഭാഗവും കാടാണ്. 1800കളുടെ മധ്യത്തിലാണ് ജര്‍മന്‍ മിഷണറിമാരും ഫ്രഞ്ച് വൈദികരും ഈ നാട്ടില്‍ മിഷണറി പ്രവര്‍ത്തനം തുടങ്ങിയത്. അവര്‍ ജനങ്ങളെ അക്ഷരം പഠിപ്പിച്ചു. വനവാസികളെ സമൂഹജീവിതത്തിന്റെ ഭാഗമാക്കി. പുതിയ നൂറ്റാണ്ടില്‍ മലയാളികളുള്‍പ്പെടെ മിഷണറിമാര്‍ അവിടെ എത്തി. 1951ല്‍ 9.41 ആയിരുന്ന സാക്ഷരത 2011ല്‍ 70.30 ശതമാനം ആയി. കന്നുകാലി നോട്ടക്കാര്‍ മാത്രമായിരുന്ന കുട്ടികള്‍ക്കായി ജഗദല്‍പൂര്‍ രൂപത ബാലവാടി പ്രസ്ഥാനം തുടങ്ങി. 1960കളില്‍ സിഎംഐ സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അവിടെ സജീവമായി. ഇന്ന് ഈ സംസ്ഥാനത്ത് 5 കത്തോലിക്കാ രൂപതകള്‍ ഉണ്ട്. വിദ്യാഭ്യാസം, ആതുരസേവനം എന്നീ മേഖലകളില്‍ സംസ്ഥാനത്തെ നയിക്കുന്നത് ക്രൈസ്തവ മിഷണറിമാരാണ്.
അപൂര്വധാതുക്കളാല് സമ്പന്നമാണ് ഈ കാടുകള്‍. ഇരുമ്പയിര്, ബോക്സൈറ്റ്, ഡയമണ്ട്, കല്‍ക്കരി തുടങ്ങിയവയുടെ വന്‍ നിക്ഷേപം ഇതിലുണ്ട്. 1968ല്‍ എന്‍എംഡിസി ഇരുമ്പയിര് കുഴിച്ചെടുക്കാന്‍ ദന്തേവാഡയില്‍ എത്തി. അന്നുമുതല്‍ ആദിവാസികളെ അവിടെ നിന്നു കുടിയൊഴിപ്പിച്ചുതുടങ്ങി. 1988ലും 2015ലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഖനനം വ്യാപിച്ചു. ആദിവാസികളുടെ മുഴുവന്‍ സ്ഥലത്തുനിന്നും അവരെ ഒഴിപ്പിച്ചു. ഈ ആദിവാസികള്‍ ഒക്കെ ഇപ്പോള്‍ എവിടെ?
ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ട് അതിക്രമങ്ങള്‍ നടപ്പിലാക്കി: 1. ഖനികളുടെ സ്വകാര്യവല്‍ക്കരണം, 2. ‘മാവോവാദികളുടെ’ വേട്ട.
മുപ്പതിനായിരം കോടി രൂപയുടെ ധാതുസമ്പത്ത് വര്‍ഷാവര്‍ഷം ഛത്തീസ്ഗഡില്‍ നിന്ന് കുഴിച്ചെടുക്കുന്നു എന്നാണ് കണക്ക്. 2018ല്‍ എന്‍എംഡിസിയും അദാനിയും തമ്മിലുള്ള കരാര്‍ പ്രകാരം ബൈലാടിലാ മലനിരകളിലെ പതിമൂന്നാം ബ്ലോക്ക് അദാനി ഗ്രൂപ്പിന് ഖനനത്തിനായി നല്കി. 413.74 ഹെക്ടര്‍ വനപ്രദേശത്ത് ആണ് ഖനനാനുമതി ലഭിച്ചിരിക്കുന്നത്. 2026 മാര്‍ച്ച് 31നു മുന്‍പ് മാവോവാദികളെ ഇല്ലാതാക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.
സ്വാര്‍ത്ഥ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് ഭരണകൂടത്തിന് സ്വന്തം പൗരന്മാരെ ഇല്ലാതാക്കണം. അതിന് അവര്‍ ചെയ്യുന്ന ആഭ്യന്തരയുദ്ധമാണ് ഇന്ന് ‘മാവോയിസ്റ്റ് വേട്ട’.

സ്റ്റാന്‍ സ്വാമി
ആധുനിക ഭാരതത്തിലെ ആദിവാസി
അവകാശ പോരാട്ടങ്ങളുടെ രക്തസാക്ഷി
അഞ്ച് ദശാബ്ദം ഭൂമി-വനാവകാശ സമരങ്ങളില്‍ നിറഞ്ഞുനിന്ന മനുഷ്യസ്നേഹിയാണ് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച് കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിയായ 84 വയസ്സുള്ള സ്റ്റാന്‍ സ്വാമിയെന്ന ജെസ്യുറ്റ് പുരോഹിതന്.
2021 ഓഗസ്റ്റ് 26ന് എണ്പത്തിനാലാം പിറന്നാള്‍ പിന്നിട്ട അദ്ദേഹം, ജയിലില്‍ അനധികൃതമായ തടങ്കലില്‍ കഴിയുന്ന കാലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ കൈവിറയ്ക്കുന്നതിനാല്‍ ഒരു സിപ്പറിന് അനുമതി നല്‍കണമെന്ന് കോടതിയോട് അപേക്ഷിച്ചു. എന്നാല്‍ അടിയന്തരമായി പരിഗണിക്കേണ്ട ഒരു മനുഷ്യാവകാശമായി കോടതി അത് പരിഗണിച്ചില്ല. അത് ലഭിക്കാതെ തന്നെ അദ്ദേഹം മരണമടയുകയും ചെയ്തു. എഴുത്തുകാരും അക്കാദമിക് വിദഗ്ധരും അഭിഭാഷകരും ഉള്‍പ്പെടെ നിരവധി പേരെയാണ് സ്റ്റാന്‍ സ്വാമിക്കൊപ്പം അറസ്റ്റ് ചെയ്തത്. എന്താണ് സ്റ്റാന്‍ സ്വാമി ചെയ്ത തെറ്റ്? മനുഷ്യപക്ഷത്തു നിലകൊണ്ടു എന്ന കൊടിയ പാതകം.
ബെല്‍ജിയത്തിലെ ലൂവെയ്ന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സാമൂഹ്യശാസ്ത്ര ഗവേഷണം പൂര്‍ത്തിയാക്കി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തതിനുശേഷം 1990ല്‍ അദ്ദേഹം ഝാര്‍ഖണ്ഡില്‍ എത്തി. 39 ശതമാനം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന, രണ്ടായിരത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്.
ഈ സംസ്ഥാനത്തിലെ ഭൂമിയുടെ അവകാശത്തില്‍ നിന്ന് ആദിവാസികളെ ഒഴിപ്പിച്ചെടുക്കുക എന്ന കോര്‍പ്പറേറ്റ് താല്പര്യത്തിന് എതിരെ സ്റ്റാന്‍ സ്വാമി പ്രവര്‍ത്തിച്ചു. ഝാര്‍ഖണ്ഡ് ഓര്ഗനൈസേഷന് എഗന്‍സ്റ്റ് യുറേനിയം റേഡിയേഷന് എന്ന ക്യാമ്പയിനില്‍ അദ്ദേഹം പങ്കെടുത്തു. വീട് നഷ്ടപ്പെട്ടവര്‍ക്കു വേണ്ടി, ആദിവാസികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി, അവരെ മനുഷ്യനാക്കുന്ന പരിശ്രമങ്ങളില്‍ അദ്ദേഹം നിരന്തരം യത്നിച്ചു.
മാവോയിസ്റ്റുകളെന്ന വ്യാജപ്പേരില്‍ മൂവായിരത്തിലധികം ആളുകളെയാണ് അനധികൃതമായി ജയിലില്‍ അടച്ചിരിക്കുന്നത്. ഇവരെ മോചിപ്പിക്കാനുള്ള നിയമപരമായ ശ്രമം സ്റ്റാന്‍ സ്വാമി ചെയ്തു.
ആദിവാസി ഭൂമിയുടെ ഉടമസ്ഥതയും അത് കൈകാര്യം ചെയ്യാനുള്ള അവകാശവും നല്കുന്ന വിധി 1997ല്‍ ഉണ്ടായെങ്കിലും സര്‍ക്കാര്‍ അത് നടപ്പിലാക്കിയില്ല. 2006ലെ ഫോറസ്റ്റ് ആക്ട് നടപ്പാക്കാത്തതിനെ സ്റ്റാന്‍ സ്വാമി ചോദ്യംചെയ്തു.
2006നും 2011നും ഇടയില്‍ 30 ലക്ഷം അപേക്ഷകളാണ് പട്ടയം ലഭിക്കാന്‍ നല്‍കിയത്. അതില്‍ 14 ലക്ഷം അപേക്ഷകളും തള്ളിക്കളഞ്ഞു. മറ്റൊരുപാട് അപേക്ഷകള്‍ ഇതുവരെ തീര്‍പ്പാക്കാതെ തടഞ്ഞുവെച്ചിരിക്കുന്നു. 2013ലെ ലാന്‍ഡ് അക്വിസിഷന്‍ ആക്ടിനെ ‘ആദിവാസികളുടെ മരണമണി’ എന്നാണ് സ്വാമി വിശേഷിപ്പിച്ചത്.
ഇതെല്ലാമാണ് എണ്‍പത്തിനാലുകാരനായ ഒരു വൃദ്ധനെ ഇരുമ്പുമുഷ്ടിയുള്ള ഒരു ഭരണകൂടം ഭയപ്പെട്ടതിന്റെ കാരണങ്ങള്‍. സ്റ്റാന്‍ സ്വാമി കുറ്റക്കാരനല്ല എന്ന് 2018ല്‍ കോടതി പറഞ്ഞതാണ്. ഒരു വീഡിയോ കോണ്‍ഫറന്‍സില്‍ തീര്‍ക്കാവുന്ന ചോദ്യംചെയ്യലിനെ അന്യായതടങ്കലിലേക്കും മരണത്തിലേക്കും എത്തിച്ചതിനെ ഭരണകൂടഭീകരത എന്നല്ലാതെ എന്ത് വിളിക്കും? ആധുനിക ഭാരതത്തിലെ വര്‍ഗീയ ഫാഷിസ്റ്റ് ഏകാധിപത്യ ഭരണകൂടം സൃഷ്ടിച്ച രക്തസാക്ഷിയാണ് സ്റ്റാന്‍ സ്വാമി.
തെറ്റുകളോടും കയ്യേറ്റത്തോടും വിസമ്മതം പ്രകടിപ്പിക്കുന്നവരോടുള്ള അസഹിഷ്ണുത കൊണ്ട് അധഃപതിച്ചവരായി ഭരണകൂടം മാറുന്ന കാഴ്ച നാം ഭയത്തോടെ കാണണം.

മദര്‍ തെരേസ: പുതിയൊരു മനുഷ്യസങ്കല്പ്പം ഇന്ത്യയില്‍
കുഷ്ഠരോഗിയെ കണ്ടാല്‍ അത് അവന്റെ വിധിയാണെന്നു കരുതി തള്ളിയകറ്റിയിരുന്ന ഒരു ഇരുണ്ട കാലത്തില്‍നിന്ന് അവനെ കഴുകിവെടിപ്പാക്കി ചുംബിച്ച് നെഞ്ചോടുചേര്ത്തുനിര്ത്തി മനുഷ്യനാണെന്ന് പറഞ്ഞ ഒരു അമ്മയുടെ പേരാണ് മദര്‍ തെരേസ. അവരും ഒരു സന്ന്യാസിനിയായിരുന്നല്ലോ. ഈ ഭാരതം അതിന്റെ പരമോന്നത ബഹുമതി നല്കി ആദരിച്ച മനുഷ്യസ്ത്രീയായിരുന്നു അവര്‍. അങ്ങനെയും ഒരു പാരമ്പര്യം ഈ ഭാരതത്തിന് ഉണ്ട്. ഇപ്പോള്‍ അവരെപ്പറ്റി സംഘപരിവാരം പറയുന്നത് അവര്‍ ചാരവനിതയാണെന്നാണ്.
അവര്‍ ഈ ഇരുണ്ട കാലത്തെ ക്രിസ്തുവിന്റെ വെളിച്ചത്താല്‍ പരിവര്‍ത്തനം ചെയ്തു. അത് മനുസ്മൃതിയുടെ ഉപാസകര്‍ക്കു മനസിലായില്ല. പക്ഷെ ഇവിടത്തെ വിമോചനം കൊതിച്ച ജനകോടികള്‍ക്ക് മനസ്സിലായി. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കവിത ഇതിനെ മികച്ച രീതില്‍ അടയാളപ്പെടുത്തുന്നു.
”നരബലികൊണ്ട് കുരുതിയാടുന്ന
രുധിര കാളിതന്‍ പുരാണ ഭൂമിയില്‍
പരദേശത്തുനിന്നൊരു പിറാവുപോല്‍
പറന്നുവന്നതാം പരമസ്നേഹമേ
പല നൂറ്റാണ്ടായി മകുടമോഹത്തിന്‍
മരണ ശംഖൊലി മുഴങ്ങുമീ മണ്ണില്‍
ജനകനില്ലാതെ ജനനിയില്ലാതെ
കുലവും ജാതിയും മതവുമില്ലാതെ
തെരുവില്‍ വാവിട്ടു കരയും ജീവനെ
ഇരുകയ്യാല്‍ വാരിയെടുത്തു ചുംബിക്കും
മഹാകാരുണ്യത്തിന് മനുഷ്യരൂപമേ
ഒരു വെളിച്ചത്തിന് വിമലജീവിതം
വെറുമൊരു ചാരകഥയെന്നെണ്ണുന്ന
തിമിരകാലത്തിന് അടിമയായ ഞാന്‍
നറുമുലപ്പാലില്‍ അലക്കിയ നിന്റെ
തിരുവസ്ത്രത്തുമ്പില്‍
നിണം പുരണ്ടൊരെന്‍ കരം തുടച്ചോട്ടെ
മഹാപരിത്യാഗം മറന്ന ഭാരതം
മദര്‍ തെരേസയെ മറക്കുമെങ്കിലും
മദര്‍ തെരേസയ്ക്ക് മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിത ജീവിതം.”
ഇനിയുമുണ്ട് ഒരുപാടു മിഷണറിമാര്‍ ഇന്ത്യയിയില്‍ കൊല്ലപ്പെട്ടവരും അല്ലാത്തവരുമായി. ഈ നാടിന്റെ ജാതിബോധത്തില്‍ ഉറച്ച മനുഷ്യത്വവിരുദ്ധവും ക്രൂരവുമായ മതസങ്കല്പത്തിന്റെ ഇരകളുടെ വിമോചനത്തിനായി പ്രയത്നിച്ചവരുടെ പേരുകളും കഥകളും. ഗ്രഹാം സ്റ്റൈന്‍സിനെയും മക്കളെയും ചുട്ടുകരിച്ചു, സിസ്റ്റര്‍ റാണി മരിയയെ കുത്തി കൊലപ്പെടുത്തി. ‘ദി ഫേസ് ഓഫ് ദി ഫേസ്ലെസ്സ്’ എന്ന കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിനിമയില്‍ ആ ജീവിതം അടുത്തു കാണാം.
ഈ വര്‍ഗീയ സംഘശക്തിക്കൊപ്പം രാഷ്ട്രീയലാഭത്തിനു കൂട്ടുനിന്നവര്‍ ചോദിക്കുന്നു: എന്തിനു നിങ്ങള്‍ ഈ ദളിതരുടെ, ആദിവാസികളുടെ, ദരിദ്രുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു? എന്തിന് ഈ ജാതിസമവാക്യത്തില്‍ നിലനില്‍ക്കുന്ന അപരിഷ്കൃത മനുഷ്യസങ്കല്‍പ്പത്തെ അട്ടിമറിക്കുന്നു? അതുകൊണ്ടല്ലേ നിങ്ങളെ കൊല്ലുന്നത്?
ആരാണ് ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സ്?
ഫാദര്‍ ജോസഫ് കണ്ടത്തില്‍ ആരംഭിച്ച സന്ന്യാസ പ്രസ്ഥാനമാണ് ഗ്രീന്‍ ഗാര്‍ഡന്‍സ്. അതിലെ രണ്ടു സന്ന്യാസിനികള്‍ ആണ് സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും. 1949ല്‍ കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനുള്ള കേന്ദ്രം സ്ഥാപിച്ചുകൊണ്ടാണ് ജോസഫ് കണ്ടത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പിന്നീടാണ് ഈ സന്ന്യാസിനി സഭ സ്ഥാപിച്ചത്. മുന്നൂറിലധികം കുഷ്ഠരോഗികള്‍ ചേര്‍ത്തലയിലെ കുഷ്ഠരോഗ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. വീടുവീടാന്തരം കയറിയിറങ്ങി ശരീരത്തിലെ പാടുകള്‍ പരിശോധിക്കുകയും രോഗനിര്‍ണയം നടത്തി അവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്ന പ്രസ്ഥാനത്തിന്റെ പിന്മുറക്കാരാണ് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ ഈ കന്യാസ്ത്രീകള്‍. ഒഡിഷയിലും തമിഴ്നാട്ടിലും ഛത്തീസ്ഗഡിലും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുന്നു. അന്ധവിദ്യാലയം, ബധിര വിദ്യാലയം, എയ്ഡ്സ് രോഗികളെ പരിപാലിക്കാനുള്ള കേന്ദ്രങ്ങള്‍, പല കാരണങ്ങളാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്തവരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, പ്രത്യാശ കാന്‍സര്‍ കെയര്‍ സെന്റര്‍ എന്നിവയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന് അറിയപ്പെടുന്ന ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്സിന്റെ പ്രവര്‍ത്തനമേഖലകള്‍.
സുവിശേഷം എവിടെല്ലാം പറയണം?
എന്തുകൊണ്ട് മിഷണറിമാര്‍ ലോകമെങ്ങും
സുവിശേഷം പ്രസംഗിക്കണം?
”അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍ (മര്‍ക്കോസ് 16:15). സുവിശേഷം ആദ്യം പ്രസംഗിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ വിവിധ സംസ്കാരങ്ങളുമായി ഇടപെടുകയും എതിരിടുകയും ചെയ്യേണ്ടിവരുമെന്ന് സഭയ്ക്ക് അറിയാമായിരുന്നു. മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള സാംസ്കാരിക ധാരകളുടെ ഭാഗമായി അടിമകളായി കഴിയേണ്ടവനല്ല. മനുഷ്യന്റെ സര്‍വ്വജീവിത അവസ്ഥകളെയും ഉള്‍ക്കൊള്ളുന്ന ഇടങ്ങളെ നിരന്തരം നവീകരിക്കുക എന്നത് സുവിശേഷ വല്‍ക്കരണത്തിന്റെ ലക്ഷ്യമാണ്. സുവിശേഷം അറിയിക്കുക എന്നതിന് അര്‍ത്ഥം, കൂടുതല്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ആളുകളോട് സംസാരിച്ചു എന്നത് അല്ല, നിലനില്‍ക്കുന്ന ദുഷിച്ച വ്യവസ്ഥകളെ സുവിശേഷശക്തിയാല് പരിവര്‍ത്തനം ചെയ്യണം, അടിമത്തത്തില്‍ നിന്നു മനുഷ്യനെ മോചിപ്പിക്കണം, സൃഷ്ടിക്കണം. കാരണം സുവിശേഷം എല്ലാ സാംസ്കാരിക ധാരകള്‍ക്കും ഉപരിയും സ്വതന്ത്രവുമാണ്.ഈ വിശ്വാസമാണ് നമ്മുടെ മിഷണറിമാരെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ആതുര രംഗങ്ങളില്‍ ഇടപെടാനും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും പ്രേരിപ്പിക്കുന്ന ശക്തി. ഭാരതത്തില്‍ നിലനിന്ന ജാതിഭീകരതയുടെ ഇരകളായ അനേക കോടി മനുഷ്യരെ വിമോചിപ്പിക്കാന്‍ ക്രിസ്തുവെന്ന സുവിശേഷം ആവശ്യമാണ്.
അതുകൊണ്ട് മനുഷ്യനെ പലതട്ടില്‍ നിര്‍ത്തി അടിമയാക്കുന്ന മതത്തില്‍ നിന്നു പരിവര്‍ത്തനം ആവശ്യമാണ്.
മനുഷ്യവിമോചനത്തെ പിന്നോട്ടടിക്കുന്ന പ്രാകൃത ശീലങ്ങളിലേക്ക് ഇന്ത്യയെ തള്ളിയിടുകയാണ് സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന മനുസ്മൃതി അധിഷ്ഠിതമായ മതസങ്കല്പം. അതു തന്നെയും രാഷ്രീയ വിജയത്തിനുള്ള ഉപാധി മാത്രം. ഈ രാഷ്ട്രീയം കോര്‍പറേറ്റുകള്‍ക്ക് ഇന്ത്യയെ വില്‍ക്കാനുള്ളതാണ്. പക്ഷെ മനുഷ്യര്‍ ഇവിടെ ഇരകളാകും. സിസ്റ്റര്‍ റാണി മരിയയും ഗ്രഹാം സ്റ്റൈന്‍സും മദര്‍ തെരെസയും സ്റ്റാന്‍ സ്വാമിയും ഏറ്റമൊടുവില്‍ സിസ്റ്റര്‍ പ്രീതിയും സിസ്റ്റര്‍ വന്ദനയും ശ്രമിച്ചതും നിലകൊള്ളുന്നതും സുവിശേഷത്തിലൂടെയുള്ള മനുഷ്യവിമോചനത്തിനാണ്. അതില്‍ നിന്ന് തടയാന്‍ ഒരു ശക്തിക്കുമാവില്ല.