ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ നായകൻ ശുഭാൻഷു ശുക്ല പ്രധാനമന്ത്രി മോദിക്ക് ബഹിരാകാശത്തിലേക്ക് കൊണ്ടുപോയ ഇന്ത്യൻ ത്രിവർണ പതാകയും ആക്സിയം-4 മിഷൻ പാച്ചും പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. ഇതോടൊപ്പം, ദൗത്യത്തിനിടയിൽ എടുത്ത ഭൂമിയുടെ അപൂർവ ചിത്രങ്ങളും അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവച്ചു.
ആക്സിയം മിഷൻ-4 ൻ്റെ പയലറ്റ് ആയിരുന്നു ശുഭാൻഷു ശുക്ല. സ്പേസ് എക്സുമായും നാസയുമായും സഹകരിച്ച് ആക്സിയം സ്പേസ് നടത്തുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) ഒരു സ്വകാര്യ ബഹിരാകാശ യാത്രയായിരുന്നു ആക്സിയം മിഷൻ-4. ഏറെ നാളുകൾക്ക് ശേഷമാണ് ശുക്ല സ്വന്തം നാട്ടിൽ തിരികെ എത്തുന്നത്.
പ്രധാനമന്ത്രി മോദിയെ കാണുന്നതിനൊപ്പം ഓഗസ്റ്റ് 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും എന്ന് മുമ്പ് അറിയിച്ചിരുന്നു. ഡൽഹിയിൽ അദ്ദേഹത്തിന് മികച്ച വരവേൽപ്പ് ലഭിച്ചിരുന്നു. “ശുഭാൻഷു ശുക്ലയുമായി മികച്ച സംഭാഷണം നടന്നു.
അദ്ദേഹത്തിൻ്റെ ബഹിരാകാശാനുഭവങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗത്തെ പുരോഗതി, കൂടാതെ ഇന്ത്യയുടെ മഹത്തായ ഗഗന്യാൻ ദൗത്യം എന്നിവയെക്കുറിച്ച് ഞങ്ങൾ ചര്‍ച്ച ചെയ്തു. ഇന്ത്യ അദ്ദേഹത്തിൻ്റെ നേട്ടത്തിൽ അഭിമാനിക്കുന്നു.” എന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.