വത്തിക്കാൻ സിറ്റി: കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇനിമുതൽ അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻ കീഴിലായിരിക്കും.ഇതെക്കുറിച്ചുള്ള ലിയൊ പതിനാലാമൻ പാപ്പായുടെ ഉത്തരവ് പരിശുദ്ധസിംഹാസനം ആഗസ്റ്റ് 13-ന് ബുധനാഴ്ച പരസ്യപ്പെടുത്തി.
വത്തിക്കാൻ സംസ്ഥാനത്തിൻറെ സഹകാര്യദർശി ആർച്ച്ബിഷപ്പ് എഡ്ഗർ റോബിൻസൺ പേഞ്ഞ പാറയ്ക്ക് ആഗസ്റ്റ് 6-ന് അനുവദിച്ച കൂടിക്കാഴ്ചാവേളയിലാണ് പാപ്പായുടെ ഈ തീരുമാനം ഉണ്ടായത്. 2024 നവമ്പർ 20-ന് ഫ്രാൻസീസ് പാപ്പാ സ്ഥാപിച്ച കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇതുവരെ പാപ്പായുടെ നേരിട്ടുള്ള അധികാരത്തിൻ കീഴിലായിരുന്നു.
ഒരു യുവജനസംഗമത്തിൻറെ പ്രതീതിയുളവാക്കിക്കൊണ്ട് 2024 മെയ് 25-ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യത്തിൽ അമ്പതിനായിരത്തിലേറെ ബാലികാബലന്മാർ മഹാസംഗമം ചേർന്നിരുന്നു.
ഇതിനെ തുടർന്നാണ് പാപ്പാ, കുഞ്ഞുങ്ങളുടെ അജപാലനത്തിന് ചൈതന്യം പകരുന്നതിനും യുവജനസംഗമത്തിൻറെ മാതൃകയിൽ കഞ്ഞുങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും വേണ്ടി കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിക്ക് രൂപം നല്കിയത്