കൊച്ചി : താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്.
കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡൻ്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡന്റ് (ലക്ഷ്മ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ എത്തിയതാണ് ഈ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നത്.
പിന്തുണച്ച എല്ലാവർക്കും ശ്വേത മേനോൻ നന്ദി പറഞ്ഞു. ‘ഒരു വർഷത്തിൽ രണ്ടു ജനറൽ ബോഡി നടത്തുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പരിപാടിയാണ്, ചെലവാണ്. എന്നിട്ടും 298 പേർ വന്നു വോട്ട് ചെയ്തു. അതിന് എല്ലാവർക്കും നന്ദി.ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതേ ഉള്ളൂ. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു. ഇതാ അങ്ങനെ സംഭവിച്ചു. ഇനി മാധ്യമങ്ങളും സംഘടനയിലെ അംഗങ്ങളെ പോലെ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു,’ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ശ്വേത പറഞ്ഞു.