പുരാണം / ജെയിംസ് അഗസ്റ്റിന്
ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്റെ എഴുപത്തി അഞ്ചാം വര്‍ഷമാണിത്. ഇന്ത്യയുടെ അന്‍പതാം റിപ്പബ്ലിക്ക് ദിനാചരണങ്ങള്‍ രണ്ടായിരാമാണ്ടില്‍ ആഘോഷിച്ചപ്പോള്‍ പ്രകാശിതമായൊരു ആല്‍ബമുണ്ട്. ‘ജനഗണമന’ എന്ന പേരില്‍ റിലീസ് ചെയ്ത ആല്‍ബം ഒരുക്കിയത് ഇന്ത്യയുടെ അഭിമാനമായ സംഗീതസംവിധായകന് എ.ആര്.റഹ്മാനായിരുന്നു. സംഗീതത്തേയും രാജ്യത്തേയും സ്നേഹിക്കുന്നവരുടെ സ്മൃതിപഥങ്ങളില്‍ അഭിമാനത്തിന്റെ സ്ഫുരണങ്ങളുയര്ത്തുന്ന ആല്‍ബമാണത്.
ആല്‍ബത്തിന്റെ പേര് പോലെ തന്നെ ജനഗണമന മാത്രമേയുള്ളൂ ഈ സമാഹാരത്തില്‍. പാടിയിരിക്കുന്നത് ലോകം മുഴുവന്‍ ഖ്യാതി നേടിയ ഇന്ത്യയുടെ അതുല്യഗായകരും. ഉപകരണസംഗീതലോകത്തെ വിസ്മയങ്ങളായ പ്രതിഭകള്‍ തങ്ങളുടെ ഉപകരണങ്ങളിലൂടെ ഇന്ത്യയുടെ ദേശീയഗാനം വായിച്ചതും ഈ ആല്‍ബത്തില്‍ നമുക്ക് കേള്‍ക്കാം.
കേള്‍ക്കാന്‍ മാത്രമല്ല, കാണുന്നതിനായി വീഡിയോ കൂടി ഈ കോംബോ പായ്ക്കില്‍ ലഭ്യമായിരുന്നു.
ഓരോ പാട്ടുകാരും സംഗീതോപകരണ വിദഗ്ധരും തനിച്ചും ഗ്രൂപ്പ് ആയും ദേശീയഗാനം അവതരിപ്പിക്കുന്നുണ്ട്.
ഓരോ ഭാരതീയനെയും രാജ്യസ്നേഹത്തിന്റെ കൊടുമുടിയിലെത്തിക്കുന്നൊരു ചിത്രീകരണമുണ്ട് വീഡിയോ സിഡിയില്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള സൈനികത്താവളമായ കശ്മീരിലെ സിയാച്ചിന്‍ മഞ്ഞുമലയില്‍ കൊടുംതണുപ്പിനെ അതിജീവിച്ചു രാജ്യം കാക്കുന്ന പട്ടാളക്കാരോടൊപ്പം ദേശീയഗാനം പാടുന്ന ഇന്ത്യയുടെ ഗായകര്‍. സമുദ്രനിരപ്പില്‍ നിന്നും ഇരുപതിനായിരം അടി മുകളിലാണ് സിയാച്ചിന്‍.
ദേശീയഗാനത്തിന്റെ രചയിതാവ് ഗുരു രവീന്ദ്ര നാഥ് ടാഗോറിന്റെ ചൈതന്യമാര്‍ന്ന സ്വരത്തിലുള്ള ആലാപനമാണ് ഈ സമാഹാരത്തിലെ ഏറ്റവും ലാവണ്യമുള്ളതും അനന്യവുമായ ട്രാക്ക്. പണ്ഡിറ്റ് ഭീം സെന്‍ ജോഷി, പണ്ഡിറ്റ് ജസ്രാജ്, ലത മങ്കേഷ്കര്‍, ആശാ ബോസ്ലെ , ഭൂപന്‍ ഹസാരിക, ഡോ.ബാലമുരളീകൃഷ്ണ, ഡി.കെ.പട്ടമ്മാള്‍, ബീഗം പര്‍വീണ സുല്‍ത്താന, ഉസ്താദ് സുല്‍ത്താന്‍ ഖാന്, റാഷിദ് ഖാന്, ജഗ്ജിത് സിംഗ്, പണ്ഡിറ്റ് അജോയ് ചക്രവര്‍ത്തി, ഹരിഹരന്, കവിത കൃഷ്ണമൂര്‍ത്തി, എസ്.പി. ബാലസുബ്രഹ്മണ്യം, ശോഭ ഗുര്‍ത്തു, സുധ രഘുനാഥന്, പി.ഉണ്ണികൃഷ്ണന്, ശ്രുതി സാദോലിക്കര്, നിത്യശ്രീ, സാദിക്ക് ഖാന് ലംഗ, ഗുലാം മുര്‍തസ ഖാന്, ഗുലാം ഖാദിര്‍ ഖാന്, കൗശികി ചക്രവര്‍ത്തി, എ. ആര്. റഹ്മാന് എന്നിവരായിരുന്നു പ്രൗഢമായ ഗായകനിരയിലുണ്ടായിരുന്നത്.
ലോകസംഗീതനഭസ്സില് ഇന്ത്യയുടെ യശസ്സുയര്‍ത്തിയ നക്ഷത്രനിരയാണ് ഉപകരണങ്ങളിലൂടെ ദേശീയഗാനം അവതരിപ്പിച്ചത്.
പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ (ഓടക്കുഴല്‍), പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ, രാഹുല്‍ ശര്‍മ(സന്തൂര്‍), പണ്ഡിറ്റ് അംജദ് അലിഖാന്, അമന് അലി, അയാന് അലി(സരോദ്), പണ്ഡിറ്റ് വിക്കു വിനായക്റാം, ഉമാ ശങ്കര്‍ (ഘടം), പണ്ഡിറ്റ് മോഹന്‍ ഭട്ട് (മോഹനവീണ), കദ്രി ഗോപാലനാഥ് (സാക്സോഫോണ്‍), രവികിരണ്‍ (ചിത്രവീണ), ഇ.ഗായത്രി (വീണ), ഉസ്താദ് സുല്‍ത്താന്‍ ഖാന് (സാരംഗി), പണ്ഡിറ്റ് കാര്‍ത്തിക്ക് കുമാര്‍, നിലാദ്രി കുമാര്‍(സിത്താര്‍), കുമരേഷ്,ഗണേഷ് (വയലിന്) എ.ആര്.റഹ്മാന്(കീബോര്‍ഡ്), രാമശേഖര്‍, ആര്.കെ.വിജയേന്ദ്രന് (ചെല്ലോ) കുമാര്‍, കാര്ത്തികേയന്(ടിംബനി), ഡി.എ.ശ്രീനിവാസ് (മൃദംഗം) ആര്.വിശേശ്വരന്‍ (ഹാര്‍പ്പ്) എന്നിവരായിരുന്നു മുന്‍നിരയില്‍. കെ.കൃഷ്ണമൂര്‍ത്തി ഓര്‍ക്കസ്ട്രയ്ക്കു നേതൃത്വം നല്കി. നമുക്ക് പ്രിയങ്കരനായ വരാപ്പുഴ അതിരൂപതാംഗമായ റെക്സ് ഐസക്സ് മാസ്റ്റര്‍ വയലിന് ഗ്രൂപ്പിനെ നയിക്കാനുണ്ടായിരുന്നു.
സംഗീതം, ഓര്ക്കസ്ട്രേഷന്, ശബ്ദലേഖനം, ആലാപനം, ഛായാഗ്രഹണം എന്നിവയിലെല്ലാം ലോകോത്തരമികവുള്ളതാണ് ഈ ആല്‍ബം.
ഭരത് ബാല പ്രൊഡക്ഷന്‍സായിരുന്നു പദ്ധതിയുടെ ചെലവ് വഹിച്ചത്. കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ വീഡിയോ ചിത്രീകരിക്കുകയെന്ന വെല്ലുവിളി ഏറെ ക്ലേശങ്ങള്‍ സഹിച്ചാണ് സംഘം പൂര്‍ത്തീകരിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് നാല്‍പ്പത് അടി നീളമുള്ള ദേശീയപതാക ഉയര്‍ത്തിയാണ് ചിത്രീകരണം ആരംഭിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത 500 സൈനികരും ദേശീയഗാന ചിത്രീകരണത്തില്‍ പങ്കാളികളായി.
മൂന്നു തലമുറകളിലെ കലാപ്രതിഭകളെ ഒരുമിപ്പിച്ചു എ. ആര്. റഹ്മാന് ഒരുക്കിയ ഈ ആല്‍ബം ഇന്ത്യയുടെ പ്രൗഢിയും മഹിമയും നിറയുന്ന സംഗീത പാരമ്പര്യത്തിന്റേയും ആഴമാര്‍ന്ന ദേശീയതയുടേയും ഉദാത്തമായ ചരിത്രനിര്‍മ്മിതി തന്നെയാണ്.
അന്നത്തെ രാഷ്ട്രപതിയും മലയാളിയുമായ ഡോ. കെ.ആര്. നാരായണനാണ് ആല്‍ബം പ്രകാശനം ചെയ്തത്.