വത്തിക്കാൻ സിറ്റി: ലോകമെമ്പാടും നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ, വാരം തോറും പങ്കെടുക്കുന്ന പാപ്പായുടെ പൊതുകൂടിക്കാഴ്ച, ഇറ്റലിയിലെ അതി താപനില കണക്കിലെടുത്തുകൊണ്ട്, വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലേക്ക് മാറ്റി. അടുത്ത പൊതുകൂടിക്കാഴ്ച്ച, ആഗസ്റ്റ് മാസം പതിമൂന്നാം തീയതി ബുധനാഴ്ചയാണ് നടക്കുന്നത്.
ബുധനാഴ്ച രാവിലെ പത്തുമണിക്കാണ് പൊതുകൂടിക്കാഴ്ച്ച ആരംഭിക്കുന്നതെങ്കിലും, പുലർച്ചെ തന്നെ, ആളുകൾ വത്തിക്കാന്റെ വിവിധ പ്രവേശന കവാടത്തിൽ നിലയുറപ്പിക്കുന്നത് പതിവാണ്.ആഗസ്റ്റ് മാസം പതിമൂന്നാം തീയതിയിൽ നടക്കുന്ന പൊതുകൂടിക്കാഴ്ചയ്ക്ക്, സ്ഥലപരിമിതിമൂലം ശാലയിൽ പ്രവേശിക്കുവാൻ സാധിക്കാത്തവർക്കുവേണ്ടി വത്തിക്കാൻ ചത്വരത്തിലും, ശാലയ്ക്ക് മുൻപിലുള്ള ചത്വരത്തിലും വലിയ സ്ക്രീനുകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്നും പ്രീഫെക്ച്ചർ അറിയിച്ചു.
ശാലയ്ക്ക് പുറത്തുള്ളവരെ അഭിവാദ്യം ചെയ്യുവാൻ വ്യക്തിപരമായി പാപ്പാ, തുറന്ന വാഹനത്തിൽ എത്തുമെന്നുള്ള അറിയിപ്പും നൽകിയിട്ടുണ്ട്.തുടർന്ന്, പതിമൂന്നാം തീയതി ഉച്ചകഴിഞ്ഞു പരിശുദ്ധ പിതാവ്, തന്റെ വേനൽക്കാല വസതിയായ കാസിൽ ഗന്ധോൽഫോയിലേക്ക് പോകും.
അവിടെ സ്വർഗ്ഗാരോപണ തിരുനാൾ ദിവസത്തിൽ, സാൻ തോമാസോ ദ വില്ലനോവ പള്ളിയിൽ വിശുദ്ധ ബലിയർപ്പിക്കുകയും, തുടർന്ന് ലിബെർത്താ ചത്വരത്തിൽ മധ്യാഹ്ന പ്രാർത്ഥന നടത്തി, വിശ്വാസികളെ അഭിസംബോധന ചെയ്യും