ന്യൂഡൽഹി: ഇന്ത്യയിലെ 334 രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. ദേശീയ പാർട്ടിയായി നിലനിൽക്കുന്നതിൻ്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്നും പുറത്താക്കിയത് . ആർഎസ്പി (ബി), എൻഡിപി സെക്കുലർ എന്നിവ ഉള്‍പ്പെടെ കേരളത്തിലെ ഏഴ് പാർട്ടികള്‍ക്കും അംഗീകാരം നഷ്ടപ്പെട്ടു.
രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ മാർഗനിർദേശങ്ങളനുസരിച്ച് തുടർച്ചയായി ആറ് വർഷം തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലെങ്കിൽ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ അംഗീകാരം നഷ്ടപ്പെടും. കൂടാതെ, 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29A അനുസരിച്ച് രജിസ്ട്രേഷൻ സമയത്ത് പാർട്ടികളുടെ പേര്, വിലാസം, ഭാരവാഹികൾ തുടങ്ങിയ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും വേണം.
1951 ലെ ആർപി ആക്ടിലെ സെക്ഷൻ 29 ബി, സെക്ഷൻ 29 സി എന്നീ വ്യവസ്ഥകളും, 1961 ലെ ആദായനികുതി നിയമം, 1968 ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളെ സംബന്ധിച്ച നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ ഇത്തരം പാർട്ടികൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലെന്ന് ഇസിഐ അറിയിച്ചു. ഉത്തരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി നിലനിൽക്കുന്നുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം.