തിരുവനന്തപുരം: ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ കേക്കുമായി അരമനകൾ കയറിയിറങ്ങി വരുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജ്യത്തുടനീളം ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും നിരവധി വൈദികരും പാസ്റ്റർമാരുമുൾപ്പെടെയുളള ക്രൈസ്തവർ ജയിലിലാണ്- വി ഡി സതീശൻ പറഞ്ഞു.
ബിജെപിയുടെ കാപട്യം നേരത്തെ തന്നെ ജനങ്ങൾക്ക് മനസിലായതാണ് .ച്ഛത്തീസ്ഗഡിലെ സംഭവത്തോടെ ബാക്കിയുണ്ടായിരുന്ന ചിലർക്കും കാര്യം വ്യക്തമായെന്നും വി ഡി സതീശൻ പറഞ്ഞു.
രാജ്യത്തുടനീളം ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുണ്ട് . ഒരുവർഷത്തിനുളളിൽ 834-ാമത്തെ സംഭവമാണ് നടന്നത്. ഒരുപാട് വൈദികരും പാസ്റ്റർമാരും ക്രൈസ്തവരുമെല്ലാം ജയിലിലാണ്. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് 2023 ഡിസംബറിൽ ക്രിസ്മസ് കാലത്ത് ഞാൻ പറഞ്ഞതാണ്.ഇപ്പോൾ ബോധ്യമായില്ലേ?
ബിജെപി ഇടപെട്ടിട്ടാണ് ജാമ്യം കൊടുത്തതെന്നാണ് ഇപ്പോൾ പറയുന്നത്. കോടതിയാണ് ജാമ്യം കൊടുത്തത്. ഛത്തീസ്ഗഡിന്റെ പ്രോസിക്യൂഷനും ബജ്റംഗ്ദളും എതിർത്തിട്ടും തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ട കോടതിയാണ് ജാമ്യം കൊടുത്തത് വി ഡി സതീശൻ പറഞ്ഞു.