കൊടുങ്ങല്ലൂർ : ഛത്തീസ്ഗഡിലെ ദുർഗിൽ അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസസമൂഹത്തിലെ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മരിയ എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് പോലീസ് കള്ളക്കേസിൽ അറസ്റ്റുചെയ്ത നടപടിയിൽ കെ.സി.വൈ.എം കോട്ടപ്പുറം രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കോട്ടപ്പുറം കീത്തോളി ജംഗ്ഷനിൽ നടന്ന പ്രതിഷേധ സമ്മേളനത്തിൽ നിരവധി യുവജനങ്ങളും വിശ്വാസികളും പങ്കെടുത്തു.
“നിഷ്കളങ്കരായ സന്ന്യാസിനികളെ അന്യായമായി ലക്ഷ്യമിട്ടുള്ള പോലീസിന്റെ നടപടി കേരളത്തിലെ വിശ്വാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സത്യവും നീതിയും ഉറപ്പുവരുത്താൻ സമൂഹം ശക്തമായി ഒന്നിച്ചു നിലകൊള്ളും,” കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ ഉദ്ഘാടനപ്രസംഗത്തിൽ പ്രസ്താവിച്ചു.
രൂപത പ്രസിഡന്റ് ജെൻസൺ ആൽബി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെൻസൺ ജോയ് സ്വാഗതവും ഡയറക്ടർ ഫാ. നോയൽ കുരിശിങ്കൽ ആമുഖ പ്രസംഗവും നടത്തി.
“അസത്യാരോപണങ്ങൾ കൊണ്ടു സമൂഹത്തെ ഭീഷണിപ്പെടുത്താനോ തളർത്താനോ കഴിയില്ലെന്ന് കെ.സി.ബി.സി പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും കെ.സി.വൈ.എം സംസ്ഥാന അഡ്വൈസറി കൗൺസിൽ അംഗവുമായ ജെസ്സി ജെയിംസ് പറഞ്ഞു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി പ്രസിഡന്റ് പോൾ ജോസ്, കോട്ടപ്പുറം രൂപത രാഷ്ട്രീയകാര്യ സമിതി കൺവീനർ പി.ജെ. തോമസ്, സിസ്റ്റർ ഷൈനി OSHJ, CSS കോട്ടപ്പുറം രൂപത പ്രസിഡന്റ് ജിസ്മോൻ, കെ.സി.വൈ.എം യൂണിറ്റ് പ്രതിനിധി ഔസേപ്പച്ചൻ എന്നിവരും സംസാരിച്ചു .
കോട്ടപ്പുറം രൂപത എപ്പിസ്കോപ്പൽ വികാർ ഡോ. ഫ്രാൻസിസ്കോ പടമാടൻ സമാപന സന്ദേശം നൽകി. സംസ്ഥാന സെനറ്റ് മെമ്പർ ആൽബിൻ കെ. എഫ് നന്ദി രേഖപ്പെടുത്തി.
മതസ്വാതന്ത്ര്യത്തെയും സേവന പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.