പക്ഷം /കെ.ജെ സാബു
പത്തു ലഭിച്ചാല്‍ നൂറിനു ദാഹം
നൂറിനെ ആയിരമാക്കാന്‍ മോഹം
ആയിരമോ പതിനായിരമാകണം
ആശയ്ക്കുലകിതില് അളവുണ്ടാമോ…
കമുകറ പുരുഷോത്തമന് പാടിയ ഈ പഴമ്പാട്ടിന്റെ ഈണം മലയാളിയുടെ ചുണ്ടുകളില്‍ ഇപ്പോഴുമുണ്ട്.
ആര്‍ക്കും ഒന്നും മതിയാകില്ല എന്നത് ഒരു ലോകതത്വമാണ്. അതാണീ പാട്ടിന്റെ പൊരുള്‍! ‘ഞാന്‍ പൂര്‍ണ തൃപ്തനല്ല’ എന്നാവും ലോകത്തെ കിട്ടാവുന്ന സുഖസൗകര്യങ്ങളൊക്കെ വെട്ടിപ്പിടിച്ച മനുഷ്യന്മാരൊക്കെയും അവസാന ശ്വാസത്തിലും മനസ്സില്‍ പറയുക.
ഒരാളെക്കൊണ്ട് ‘എനിക്കു മതിയായേ….’ എന്നു പറയിപ്പിക്കാനാവുമ്പോഴാണ് ആ മനുഷ്യന് പൂര്‍ണതൃപ്തനായി എന്നു തീര്‍ത്തു പറയാനാവൂ.
ഒരാള്‍ക്ക് അധികാരം കൊടുത്തുനോക്കൂ; ദേവേന്ദ്രന്റെ മുകളില്‍ എന്തെങ്കിലും സ്ഥാനമുണ്ടെങ്കില്‍ അതുകൂടി കിട്ടിയാലും ആള് ‘എനിക്കുമതിയായേ….’ എന്നു പറയണമെന്നില്ല. ആശാന് അടക്കിഭരിക്കാന്‍ ഇനിയും കിടക്കുന്നു സൗരയൂഥങ്ങള്‍!
ഒരുവള്‍ക്ക് സൗന്ദര്യം വാരിക്കോരി കൊടുത്തുനോക്കൂ; ലോകസുന്ദരി, വിശ്വസുന്ദരി, പ്രപഞ്ചസുന്ദരി…. ഇനി വല്ല പട്ടവും ബാക്കിയുണ്ടോയെന്നു തേടി പാഞ്ഞു ദാഹിച്ചു മോഹിച്ചു വെടിതീര്‍ന്നുപോകും ആ പാവം!
ഒരുവന് കയ്യും കണക്കുമില്ലാതെ സ്വത്തുകൊടുക്കൂ; ആദ്യം അദ്ദേഹം താമസിക്കുന്ന പഞ്ചായത്തും വന്നുവന്ന് ഇന്ത്യാ മഹാരാജ്യം അങ്ങനെതന്നെ തന്റെ പേരില്‍ വാങ്ങിക്കൂട്ടിയാലും ലോകം മുഴുവനും, പറ്റിയാല്‍ ചൊവ്വയും പ്ലൂട്ടോയും വരെ വിലപറയാന്‍ നടക്കും ആ ‘വേദനിക്കുന്ന കോടീശ്വരന്’!
ഒരാള്‍ക്ക് ഒരു കലം കഞ്ഞി കൊടുത്തുനോക്കൂ… ഒരു പാത്രം അതിവേഗത്തില്‍ അകത്താക്കും. രണ്ടാമത്തെ പാത്രം പതിയെ അകത്താക്കാനാവും. മൂന്നാമത്തെ പാത്രത്തില്‍ മുന്നേറാനാവാതെ ആള് പറയും ‘എനിക്കു മതിയായേ….’
ഇക്കാരണത്താലാവണം ‘അന്നദാനം’ എന്ന ‘നേര്‍ച്ച’ അല്ലെങ്കില്‍ ‘വഴിപാട്’ ക്രിസ്ത്യന്‍ കാരണവന്മാര് പണ്ടേ കണ്ടുപിടിച്ചുവച്ചത്.ഒരാളെ പൂര്‍ണ തൃപ്തനാക്കാന്‍ വയറുനിറയെ കഞ്ഞികൊടുക്കലല്ലാതെ വേറൊരു വഴിയും മോഡേണ്‍ സയന്‍സിലെ മഹാപരാക്രമികളായ ശാസ്ത്രജ്ഞര്‍ക്കുപോലും നാളിതുവരെ കണ്ടുപിടിക്കാനായിട്ടില്ല. അതുകൊണ്ടാണ് ‘മണ്ണിതു മായാ നാടകരംഗം…’ എന്നു നാം പാടുന്നത്.
ഡിവൈഎഫ്ഐ കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പൊതിച്ചോര്‍ കൊടുക്കുന്നതിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിക്കുന്നത് കേട്ടു.അവര്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഓരോദിവസവും മുടങ്ങാതെ ,രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ എത്തിക്കുന്നത്. മനുഷ്യര്‍ക്ക് വിശക്കും എന്ന് മനസ്സിലാവുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. ആ രാഷ്ട്രീയം മനസ്സിലുള്ള ജനങ്ങളാണ് ബോട്ടിലുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ പാക്ക് ചെയ്ത് ഗാസയിലെ മനുഷ്യര്‍ക്ക് വേണ്ടി കടലില്‍ ഒഴുക്കുന്നത്.
മനുഷ്യര്‍ക്ക് വിശക്കുമെന്ന് മനസ്സിലാക്കിയ ഒരു ഗുരുവും നാഥനും നമുക്കുണ്ട്. അതുകൊണ്ടാണ് തന്റെ പ്രഭാഷണം കേള്‍ക്കാനിരുന്ന മനുഷ്യര്‍ക്ക് അപ്പവും മീനും വിളമ്പാന്‍ അയാള്‍ തയ്യാറായത്. ഗുരുവിന്റെ പൊരുള്‍ പിടുത്തം കിട്ടിയ പുരോഹിതനാണ് ആദ്യമായി, കുര്‍ബാനയ്ക്കു ശേഷം നേര്‍ച്ചക്കഞ്ഞി കൊടുത്തത് എന്ന് കരുതാവുന്നതാണ്.
കേരളത്തില്‍ നിന്ന് നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പോയി മനുഷ്യര്‍ക്ക് കഞ്ഞി കൊടുത്തു എന്നതാണ് ക്രിസ്ത്യന്‍ മിഷനറിമാര്‍ ചെയ്ത ക്രൂരകൃത്യം. അക്കാലത്ത് സംഘപരിവാരം ഉണ്ടായിരുന്നില്ല. ബജ്റംഗ്ദളിലെ കൊഴുത്തുരുണ്ട നേതാക്കള്‍ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് പട്ടിണി !
പട്ടിണിക്ക് കാരണം അറിവില്ലായ്മ കൂടിയാണ്. മിഷനറിമാര്‍ കഞ്ഞിക്കൊപ്പം അറിവും വിളമ്പി. ഇപ്പോള്‍ മതപരിവര്‍ത്തനം എന്ന ടാഗ്ലൈനിലാണ് സംഘപരിവാര്‍ മിഷനറി പ്രവര്‍ത്തനങ്ങളെ ചിത്രീകരിക്കുന്നത്. മതപരിവര്‍ത്തനം നടത്തിയിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ എത്രയുണ്ടാകുമായിരുന്നു ? മതം മാറാനും പാര്‍ട്ടി മാറാനും ഒക്കെ സ്വാതന്ത്ര്യം നല്കുന്ന ഒരു ഭരണഘടനയും കയ്യില്‍ വച്ച് മിഷനറിമാരെ ദ്രോഹിക്കുമ്പോള്‍ തിന്നിട്ട് എല്ലിനിടയില്‍ വറ്റ് കേറിയ നമ്മള് ഉറച്ച ശബ്ദത്തില്‍ മിണ്ടുന്നില്ല. ഭയപ്പെടേണ്ട എന്ന് പറഞ്ഞ ഗുരുവിനെ നമ്മള് മറന്നുകൂടാ.