തിരുവനന്തപുരം • ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ വിഷയം എൻഐഎ കോടതിയിലേക്കു നീങ്ങുന്നതോടെ ബിജെപി കേരള ഘടകത്തിനു മേലുള്ള രാഷ്ട്രീയ സമ്മർദം മുറുകുന്നു.
സെഷൻസ് കോടതിയിൽ ജാമ്യം ലഭിക്കുമെന്ന മട്ടിലാണു കേരള ഘടകം നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരിച്ചത്. ജാമ്യം ലഭിച്ചാൽ അതു തങ്ങൾ ചെലുത്തിയ സമ്മർദഫലമാണന്ന വാദമുയർത്തി ഇതുവരെയുണ്ടായ ക്ഷീണം മറികടക്കാനുള്ള തയാറെടുപ്പിലുമായിരുന്നു. ജാമ്യാപേക്ഷയെ സെഷൻസ് കോടതിയിൽ പൊലീസ് എതിർക്കില്ലന്ന സൂചനയാണു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി യെയും കണ്ട ശേഷം ബിജെപി കേരള ജനറൽ സെക്രട്ടറി അനൂ പ് ആന്റണി നൽകിയതും. എന്നാൽ, ജാമ്യം ലഭിച്ചില്ലെന്നു മാത്രമല്ല, വിഷയത്തിന്റെ ഗൗരവമുയർത്തി എൻഐഎ കോടതി യിലേക്ക് നീങ്ങുന്നതോടെ കേരള ബിജെപി ഉയർത്തിയ വാദങ്ങളെല്ലാം ദുർബലമാകുന്നു.
ഛത്തീസ്ഗഡ് സർക്കാരിനെ കാര്യങ്ങൾ പറഞ്ഞുബോധിപ്പിക്കാൻ വേണ്ടി വന്നാൽ അവിടേക്കു പോകാനും തയാറാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നിലവിൽ കേരള ഘടകത്തിന്റെ വാദം അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് അവിടത്തെ മുഖ്യമന്ത്രിയടക്കം നൽകുന്നത്. കന്യാസ്ത്രീകൾ നടത്തിയത് മനുഷ്യ ക്കടത്തും മതപരിവർത്തനവുമാണെന്നു പരസ്യമായി ആരോപിക്കുന്ന ആക്രമണോത്സുക നിലപാടിൽ ഛത്തീസ്ഗഡ് സർക്കാരും വിഷയം പാർലമെന്റിൽ ചർച്ചയ്ക്കെടുക്കാതെ കേന്ദ്ര സർക്കാരും നിൽക്കുമ്പോൾ, പാർട്ടിയുടെ പൊതുനിലപാട് എന്താണെന്ന് കേരള ഘടകത്തിനു വ്യക്തമായി അറിയാം.
ഹിന്ദിമേഖലയിൽ ബിജെപി പയറ്റുന്ന രാഷ്ട്രീയത്തെ തിരുത്താനൊന്നും കേരള ഘടകത്തിനാവില്ലെന്നതിനു തെളിവുകൂടിയാണ് 6 ദിവസമായി കന്യാസ്ത്രീകൾ അനുഭവിക്കുന്ന ജയിൽവാസം. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നുള്ള 2 കേന്ദ്രമന്ത്രിമാർ ഛത്തീ സ്ഗഡ് സർക്കാരിനെതിരെ പരസ്യ നിലപാടു സ്വീകരിക്കാത്തതിനെതിരെ കടുത്തവിമർശനം ഉയരുകയാണ്. വിഷയത്തിൽ സുരേഷ് ഗോപി മൗനം പാലിച്ചപ്പോൾ, കന്യാസ്ത്രീകൾക്കായി നൽകിയ ജാമ്യഹർജിയിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് : കുര്യന്റെ പ്രതികരണം വലിയ വിമർശനമാണ് നേരിടുന്നത്.
ഛത്തീസ്ഗഡിൽ സർക്കാരുണ്ടന്നും കേരളത്തിലെ ബിജെപി എന്തിനു വേവലാതിപ്പെടുന്നുവെന്നും സംസ്ഥാനത്തെ ആർഎ സ്എസ് അനുകൂല കേന്ദ്രങ്ങളിൽ നിന്നു പ്രതികരണങ്ങൾ വന്നതും കേരള നേതൃത്വത്തിനു തലവേദനയായി.
ഛത്തീസ്ഗഡ് സർക്കാർ കടും പിടിത്തം ഉപേക്ഷിച്ച് കന്യാ സ്ത്രീകളുടെ മോചനത്തിനായി ഇടപെടുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രസ്താവനകളിൽ മിതത്വം പാലിച്ച കേരളത്തിലെ ക്രൈസ്തവ സഭാനേതൃത്വങ്ങൾ കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന ആശങ്കയിൽ നിലപാട് കടുപ്പിച്ചു. തന്നെ സന്ദർശിച്ച മന്ത്രി വി.ശി വൻകുട്ടി മാധ്യമങ്ങൾക്കു മുന്നിൽ ബിജെപി നേതാക്കളെ കടന്നാക്രമിച്ചപ്പോൾ മേജർ ആർച്ച് ബിഷപ് ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ അതിനു പിന്തുണയെന്നോണം അദ്ദേഹത്തിനൊപ്പം നിന്നു. കന്യാസ്ത്രീകൾക്കു നീതി ലഭിച്ച ശേഷം ചായ കുടിക്കാമെന്ന് ബിജെപിയെ ഉന്നമിട്ട് ബിഷപ്പ് ക്ലീമീസ് കടുപ്പിച്ചു പറഞ്ഞു.