കൊച്ചി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കെതിരെ എടുത്തിരിക്കുന്ന കേസിനെ തുടർന്ന് ഇതിനോടകം തന്നെ കേരളമെമ്പാടും ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ വിവിധ സംഘടനകൾ പ്രതിഷേധ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുഴുവൻ മനുഷ്യമനസാക്ഷിയെയും നടുക്കുന്ന സംഭവമാണ് നടന്നത്.
മതസ്വാതന്ത്ര്യം മൗലിക അവകാശമായ രാജ്യത്ത് പോലീസിനെയും അന്വേഷണ ഏജൻസികളെയും നോക്കുകുത്തികളാക്കി ഏതാനും സംഘടനകൾ നിയമം കയ്യിലെടുക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അങ്ങനെ പരസ്യമായി പെരുമാറിയവർക്കെതിരെ ഇതുവരെയും ഒരു കേസ് പോലും എടുത്തതായി കണ്ടില്ല. അതിനർത്ഥം അത്തരക്കാരെ അനുകൂലിക്കുന്ന നിലപാടാണ് ഭരണകൂടത്തിന് ഉള്ളത് എന്നാണ്.
നിരപരാധികളെ ജയിലിൽ നിന്ന് വിട്ടയച്ച് വിദ്വേഷ പ്രവർത്തനങ്ങൾ നടത്തുന്ന നിയമം കയ്യിലെടുക്കുന്ന യഥാർത്ഥ കുറ്റക്കാർക്ക് എതിരെ നടപടികൾ എടുക്കാൻ അധികാരികൾ തയ്യാറാകണം. വിവിധ പ്രദേശങ്ങളിൽ വിവിധ ഘടകങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നുവരികയാണ്. അതിൻറെ ഭാഗമായി തന്നെ വരുന്ന ഞായറാഴ്ച ആഗസ്റ്റ് 3 ന് വിവിധ ഇടവകേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തും.
കന്യാസ്ത്രീകളെ വിട്ടയക്കാനും അവർക്കെതിരായ കേസ് പിൻവലിക്കാനും കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സത്വര നടപടികൾ ഉണ്ടായില്ലെങ്കിൽ കൂടുതൽ ശക്തിയായ പ്രതിഷേധ പരിപാടികൾ കേരളത്തിൽ നടക്കുമെന്ന് കെ എൽ സി എ സംസ്ഥാന സമിതി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ വിന്‍സി ബൈജു , ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിന് കരി പ്പാട്ട് , നൈജു അറക്കല്‍, ജോസഫ്കുട്ടി കടവില്‍ , സാബു കാനക്കാപള്ളി, അനില്‍ ജോസ് സംസ്ഥാന സെക്രട്ടറിമാരായ പൂവം ബേബി , ജോണ്‍ ബാബു, സാബു വി തോമസ് , ഷൈജ ആന്റണി ഇ ആര്, ഹെന്റി വിന്സെനറ്, അഡ്വ മഞ്ജു ആര് എൽ, ഡാൽഫിൻ ടി എ, അനിൽ ജോൺ, വിൻസ് പെരിഞ്ചേരി, ജസ്റ്റിൻ ആൻറണി, മോളി ചാർലി, പാട്രിക് മൈക്കിൾ, ലൂയിസ് തണ്ണിക്കോട് എന്നിവര്‍ പ്രസംഗിച്ചു.