ന്യൂഡല്‍ഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീളോട് അതിക്രമം കാണിച്ച സംഘടനയുടെ പേര് പറയാൻ ഭയമില്ലെന്നും രാജ്യവിരുദ്ധരും ഭരണഘടനാ വിരുദ്ധരും എന്ന് ഉപയോഗിക്കാനാണ് താല്പര്യമെന്നും കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ).
ആദ്യം മനുഷ്യകടത്തിന് മാത്രമാണ് കേസെടുത്തതെന്നും നിർബന്ധിത മതപരിവർത്തനം ചുമത്തിയിരുന്നില്ലെന്നും സിബിസിഐ വ്യക്തമാക്കി . ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. ആവശ്യമെങ്കിൽ ബജരംഗ് ദളിനെ പോലുളള ദേശവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾ നിരോധിക്കണമെന്നുള്ള ആവശ്യം ഉന്നയിക്കും.
ബജരംഗ് ദൾ പ്രവർത്തകരാണ് അവരെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചത് .ബിജെപി പാർട്ടിയെ അല്ല ആശ്രയിക്കുന്നത്. നമ്മൾ അധികാരം ഏൽപ്പിച്ച സർക്കാരിനെയാണ്. അവരുടെ വാതിലിൽ ആണ് ഞങ്ങൾ മുട്ടുന്നത്. എഫ്ഐആറിൽ ചില ആശയക്കുഴപ്പമുള്ളതുകൊണ്ടാണ് ജാമ്യപേക്ഷ നൽകാൻ വൈകുന്നത്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ച് ശേഷം ജാമ്യ അപേക്ഷ സമർപ്പിക്കുമെന്നും സിബിസിഐ അറിയിച്ചു.