കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിലായി . പുലർച്ചെ 1.15 ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ പ്രതിയെ കണ്ണൂർ നഗരത്തിലെ തളാപ്പ് പരിസരത്ത് വെച്ചുതന്നെയാണ് പൊലീസ് പിടികൂടിയത്. ഗോവിന്ദച്ചാമിയെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഉടനെ എത്തിക്കും.
കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവേയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ഇന്ന് രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്.
ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ ജയിൽ വകുപ്പ് അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലപ്പെട്ട സൗമ്യയുടെ മാതാവ് സുമതി. കണ്ണൂർ ജയിലിൽ യാതൊരു സുരക്ഷയുമില്ലെന്ന ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിലൂടെ വ്യക്തമായെന്ന് സുമതി മാധ്യമങ്ങളോട് പറഞ്ഞു. പുറത്തു നിന്നുള്ള സഹായം ലഭിക്കാതെ വലിയ മതിൽ ചാടാൻ തടവുപുള്ളിക്ക് സാധിക്കില്ലെന്നും സുമതി ചൂണ്ടിക്കാട്ടി.