തിരുവനന്തപുരം: സ്കൂൾ സമയമാറ്റം തീരുമാനിച്ചപോലെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഈ രാവിലെയും വൈകീട്ടും 15മിനിറ്റ് വീതം വർധിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്.
ഇതിനെതിരെ ചില പ്രതിഷേധങ്ങളും പരാതികളും ഉയർന്നു.തർക്കം പരിഹരിക്കാൻ മതസംഘടനകളുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. സമസ്ത അടക്കം സ്കൂൾ സമയമാറ്റത്തെ ശക്തമായി എതിർത്ത സാഹചര്യത്തിലായിരുന്നു അത്.
യോഗത്തിൽ കേരളത്തിലെ എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷനെ പ്രതിനിധീകരിക്കുന്നവർ പങ്കെടുത്തതായി മന്ത്രി പറഞ്ഞു.
സ്കൂൾ സമയം വർധിപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും അവരോട് വിശദീകരിച്ചു. ഇക്കാര്യത്തിൽ എല്ലാവരുടെയും അഭിപ്രായവും കേട്ടു. ഭൂരിപക്ഷവും സർക്കാർ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത് . ഒന്നുമുതൽ നാലുവരെ 198 പ്രവൃത്തിദിനങ്ങളും ക്ലാസ് അഞ്ചുമുതൽ ഏഴുവരെ 200 പ്രവൃത്തി ദിനങ്ങളുണ്ടാകണമെന്നും ക്ലാസ് എട്ടുമുതൽ 10 വരെ 204 പ്രവൃത്തിദിനങ്ങൾ ഉണ്ടായിരിക്കണമെന്നാണ് 2025 മേയ് 31ലെ സർക്കാർ ഉത്തരവിലുള്ളത്.
എൽ.പി വിഭാഗം വിദ്യാർഥികൾക്ക് അധിക പ്രവൃത്തിദിനം ഇല്ല. യു.പി വിഭാഗത്തിന് രണ്ട് ശനിയാഴ്ചകളും ഹൈസ്കൂൾ വിഭാഗത്തിന് ആറ് പ്രവൃത്തിദിനവും ഉൾപ്പെടുത്തിയാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയതെന്നും മന്ത്രി പറഞ്ഞു .