വാഷിങ്ടൺ: ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിർത്തണമെന്ന് ടെക് കമ്പനികളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധർക്ക് ജോലി നൽകുന്നതിനും പകരം ഇനി മുതൽ സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കമ്പനികളോട് ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആർക്ക് വേണമെങ്കിലും ജോലി നൽകാമെന്ന ടെക് കമ്പനികളുടെ നിലപാടിനേയും ട്രംപ് വിമർശിച്ചു. ഈ സമീപനം പല അമേരിക്ക്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും ഇനി അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും ട്രംപ് പറഞ്ഞു. അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് അവർ ലാഭം നേടുകയും എന്നാൽ രാജ്യത്തിന് പുറത്ത് വൻതോതിൽ നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
‘നമ്മുടെ പല ടെക് കമ്പനികളും അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയിൽ ഫാക്ടറികൾ നിർമിക്കുകയും അയർലന്റിൽ ലാഭം പൂഴ്ത്തിവെയ്ക്കുകയും ചെയ്യുന്നു. ഇവിടുത്തെ പൗരൻമാരെ അവർ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ‘പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ആ നാളുകൾ കഴിഞ്ഞു’ ട്രംപ് പറഞ്ഞു.