ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും തലമുതിർന്ന കമ്മ്യൂണിസ്റ്റുമായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിൽ തുടരുന്നു. വിലാപയാത്ര വിഎസിൻ്റെ ജന്മനാട്ടിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് കായംകുളത്തെത്തിയത്. അദ്ദേഹത്തെ അവസാനമായി ഒരുനോക്കുകാണാൻ തിരുവനന്തതപുരം മുതലുള്ള പാതയ്ക്ക് ഇരുപുറവും ആരാധകർ എത്തിയതോടെ മണിക്കൂറുകൾ വൈകിയാണ് വിലാപയാത്ര പുരോഗമിക്കുന്നത്.
വഴിയുലടനീളം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കുന്നത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഏറെനേരം കാത്തുനിൽക്കുന്നത്. വിഎസിൻറെ ഭൗതിക ശരീരം വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസിൽ ജനങ്ങൾക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് സജ്ജീകരണം.
വിഎസിൻറെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലുള്ള വീട്ടിൽ എത്തിക്കും. ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ, 11 മുതൽ കടപ്പുറം റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം, പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകിട്ടാണ് സംസ്കാരം. ഇപ്രകാരമാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ചാണ് വളരെ വൈകിയാണ് വിഎസിൻറെ വിലാപയാത്ര കടന്ന് പോകുന്നത്.