ഡർഹം: ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (84 പന്തിൽ 102)ന്റെ സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരെ മൂന്നാം വനിതാ ഏകദിനത്തിൽ ഇന്ത്യ 13 റൺസ് ജയംനേടി . ഇതോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 319 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 305 റൺസ് മാത്രമേ നേടാനായുള്ളൂ .
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി. ജമീമ റോഡ്രിഗസ് (50), സ്മൃതി മന്ധാന (45), ഹർലീൻ ഡിയോൾ (45) റിച്ച ഘോഷ് (38 നോട്ടൗട്ട്) എന്നിവരുടെ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിങ്സിനു കരുത്തായി. ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരായ ഉയർന്ന മൂന്നാമത്തെ ടീം സ്കോറാണിത്.
ഇംഗ്ലണ്ടിന് മോശം തുടക്കമായിരുന്നു. ഓപ്പണർമാരെ അതിവേഗം മടക്കി ക്രാന്തി ഗൗഡ് ഇംഗ്ലണ്ടിനെ വിഷമവൃത്തത്തിലാക്കി. പിന്നാലെ എമ്മ ലാംബും നാറ്റ് സ്കൈവർ-ബ്രണ്ടും 162 റൺസ് സ്വന്തമാക്കി . സ്കൈവർ-ബ്രണ്ട് 98 റൺസ് നേടി ഇംഗ്ലീഷ് സ്കോർ ബോർഡ് ഉയർത്തി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യ മത്സരം അനുകൂലമാക്കിയത് . അവസാന ഓവറിൽ 305 റൺസിന് ഇംഗ്ലണ്ട് ഓളൗട്ടായി. ആലിസ് ഡേവിഡ്സൺ-റിച്ചാർഡ്സും ലിൻസി സ്മിത്തും മികച്ച ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാനായില്ല.