കണ്ണൂർ: പട്ടുവം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടംനിർമിക്കാൻ 10 സെൻ്റ് ഭൂമി സൗജന്യമായി നൽകി കണ്ണൂർ രൂപത. പട്ടുവം റോഡരികിൽ ലൂർദ് നഴ്സിങ് കോളേജിന് സമീപത്തെ ഭൂമിയാണ് നൽകിയത്. ഒട്ടേറെ പരിമിതികളിലാണ് വില്ലേജ് ഓഫീസിന്റെ ഇപ്പോഴത്തെ പ്രവർത്തനം.
പട്ടുവം റോഡരികിൽ കച്ചേരിയിലെ ഒന്നര സെന്റ് സ്ഥലത്തെ പഴയ കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അസൗകര്യങ്ങളുള്ള കെട്ടിടത്തിൽ റെക്കോഡുകൾ സൂക്ഷിക്കാൻപോലുമിടമില്ല. ഓഫീസിലെ പരിമിതികൾ വിവിധ ആവശ്യങ്ങളുമായി വരുന്നവരെ ബുദ്ധിമുട്ടിച്ചിരുന്നു. വില്ലേജ് ഓഫീസിലെ സ്ഥലപരിമിതികളും പ്രയാസങ്ങളും വില്ലേജ് ഓഫീസർ സി. റീജയാണ് കണ്ണൂർ രൂപതയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തളിപ്പറമ്പ് മുൻ ആർഡിഒ ഇ.പി.മേഴ്സിയും ഇക്കാര്യം രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതലയുടെ മുന്നിൽ അവതരിപ്പിച്ചതോടെ രൂപതാ അധികൃതർ കൂടിച്ചേർന്ന് സ്ഥലം ദാനം ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
ബിഷപ്പ് വടക്കും തല സ്ഥലത്തില്ലാതിരുന്നിട്ടും നടപടികൾ താമസിക്കാതിരിക്കുന്നതിനായി കഴിഞ്ഞ ദിവസം തന്നെ കേരള ഗവർണറുടെ പേരിൽ പത്ത് സെൻ്റ് സ്ഥലം റെജിസ്റ്റർ ചെയ്യുകയായിരുന്നു.കണ്ണൂർ ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി കണ്ണൂർ എഡിഎം കലാ ഭാസ്കറിന് ആധാരം കൈമാറി സ്ഥലത്തിൻ്റെ കൈമാറ്റച്ചടങ്ങ് നിർവഹിച്ചു.
ജനോപകാരപ്രദവും സേവനപരവുമായ ദൗത്യം ക്രൈസ്ഥവ സഭതുടർന്നുവരുന്നതിൻ്റെ ഭാഗമായാണ് വിലയേറിയ സ്ഥലമായിട്ടും രൂപത ഇത് സർക്കാരിന് ദാനമായി നൽകുന്നതെന്ന് ബിഷപ്പ് കുറുപ്പശേരി പറഞ്ഞു.
രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി. സജീവൻ, മുൻ ആർഡിഒ ഇ.പി മേഴ്സി, മുൻ പട്ടുവം വില്ലേജ് ഓഫീസറും ഡെപ്യൂട്ടി തഹസിൽദാറുമായ സി.റീജ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫാ. വിപിൻ വില്ല്യം, ഫാ. സുദീപ് മുണ്ടയ്ക്കൽ, ഫാ. ആന്റണി കുരിശിങ്കൽ പട്ടുവം വില്ലേജ് അസിസ്റ്റന്റ് പി.വി വിനോദ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.