ആലപ്പുഴ :കെ.സി.വൈ.എം. കൊച്ചി രൂപത സുവർണ്ണ ജൂബിലി വർഷം ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും തങ്കി സെൻ്റ് മേരിസ് ഫെറോന പള്ളിയിൽ വച്ച് നടന്നു. ആലപ്പുഴ ജില്ല ഡെപ്യൂട്ടി കളക്ടർ ബിജു എസ്. സുവർണ്ണ ജൂബിലി വർഷം ഉദ്ഘാടനം ചെയ്തു. ഒരു യുവജനപ്രസ്ഥാനം എന്ന നിലയിൽ കെ.സി.വൈ.എം അമ്പത് വർഷങ്ങൾ പൂർത്തിയാക്കുന്നത് വളരെ അഭിമാനകരമാണെന്നും ഓരോ കാലത്തിനനുസരിച്ചുള്ള വെല്ലുവിളികളെ അതിജീവിച്ച് മാത്രമേ ഇപ്രകാരം ഒരു യുവജന പ്രസ്ഥാനത്തിന് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നും പൊതു നന്മയ്ക്കായി ക്രൈസ്തവസഭയും പ്രസ്ഥാനങ്ങളും നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു . കെ.സി.വൈ.എം കൊച്ചി പ്രസിഡൻ്റ് ഡാനിയ ആൻ്റണി അധ്യക്ഷത വഹിച്ചു.
സഭയോടും സമൂഹത്തോടും യുവജനങ്ങളെ ചേർത്തുനിർത്തുന്ന വ്യത്യസ്തതയാർന്ന കർമ്മപരിപാടികളാണ് സുവർണ്ണ ജൂബിലി വർഷം കെ.സി.വൈ.എം കൊച്ചി രൂപത ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് അഭിപ്രായപ്പെട്ടു കൊണ്ട് കെ.ആർ.എൽ.സി.സി. മതബോധന ഡയറക്ടർ ഫാ. മാത്യു പുതിയാത്ത് ജൂബിലിവർഷ കർമ്മപദ്ധതി പ്രകാശനം ചെയ്തു. കൊച്ചി രൂപത അപ്പോസ്തലിക്ക് അഡ്മിനിസ്ട്രേറ്റർ മോൺ. ഷൈജു പര്യാത്തുശ്ശേരി അനുഗ്രഹ പ്രഭാഷണവും രൂപതാ ഡയറക്ടർ ഫാ. മെൽട്ടസ് ചാക്കോ കൊല്ലശ്ശേരി ആമുഖപ്രഭാഷണവും നടത്തി.
കൊച്ചി തഹസിൽദാർ ജോസഫ് ആൻ്റണി ഹർട്ടിസ്, സുവർണ്ണ ജൂബിലി ജനറൽ കൺവീനർ കാസി പൂപ്പന, രൂപത ജോയിന്റ് ഡയറക്ടർ ഫാ. ജോഷി ജോർജ് ഏലശ്ശേരി, കെ.സി.വൈ.എം. കൊച്ചി രൂപത ജനറൽ സെക്രട്ടറി ഹെസ്ലിൻ ഇമ്മാനുവൽ, സംസ്ഥാന സിൻഡിക്കേറ്റ് അംഗം അന്നാ സിൽഫാ സെബാസ്റ്റ്യൻ, കെ.സി. വൈ.എം തങ്കി യൂണിറ്റ് ഡയറക്ടർ ഫാ. ലോബോ ലോറൻസ്, പ്രസിഡന്റ് റിച്ചാർഡ് റാഫേൽഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ കൊച്ചി തഹസിൽദാർ ജോസഫ് ആൻ്റണി ഹർട്ടിസ്നെയും കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡൻ്റ് ആയി 2 വർഷം സേവനമനുഷ്ഠിച്ച കാസി പൂപ്പനയെയും കെ.സി.വൈ.എം കൊച്ചി രൂപത മുൻ പ്രസിഡൻ്റ്മാർ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന നേതാക്കൾ എന്നിവരെയും ആദരിച്ചു.
സുവർണ്ണ ജൂബിലി കർമ്മപദ്ധതിയുടെ ഭാഗമായി
അഞ്ച് പ്രധാന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി ആവിഷ്കരിച്ചിട്ടുള്ളത്. യുവജനവിദ്യാഭ്യാസവും ജീവിതഭദ്രതയും, ലഹരിക്കെതിരെ- കല, കായികം, സാഹിത്യം,
വനിതാ ശാക്തീകരണവും പൗരബോധവും, പ്രകൃതി-പൈതൃക സംരക്ഷണം, ദൈവവിളിയും പ്രേഷിതവഴിയും എന്നിവയാണ് പ്രധാന വിഷയങ്ങൾ.