കൊച്ചി: കൊച്ചിയിൽ വടുതലയിൽ ദമ്പതികളെ തീകൊളുത്തി വില്യംസ്എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ വൈരാഗ്യമാണെന്ന് നാട്ടുകാർ .നാട്ടിൽ ആരോടും അടുപ്പമില്ലാത്ത ഇയാൾ നിരന്തരമായി അയൽവാസി ക്രിസ്റ്റഫറുമായി പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
പൊള്ളലേറ്റ ക്രിസ്റ്റഫറിന്റേയും ഭാര്യ മേരിയുടേയും നില ഗുരുതരമായി തുടരുന്നു.നാട്ടിലെ ഒരു കല്യാണത്തിനോ റെസിഡെൻസ് അസോസിയേഷൻ പരിപാടിക്കോ ഒന്നും ഇയാൾ പങ്കെടുക്കില്ല- നാട്ടുകാർ പറയുന്നു. അച്ഛനും അമ്മയും മരിച്ച വില്യംസ് വർഷങ്ങളായി ആ വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. സഹോദരങ്ങളിൽ ചിലർ സമീപത്ത് താമസിച്ചിരുന്നു.
സ്ഥിരമായി മദ്യപിച്ചിരുന്നു .ക്രിസ്റ്റഫർ പല തവണ ജനപ്രതിനിധികളോട് പരാതി പറഞ്ഞിരുന്നു. വില്യംസിന്റെ ശല്യം സഹിക്കാൻ കഴിയാതെയാണ് ക്രിസ്റ്റഫറും മേരിയും സ്വന്തംവീട്ടിൽ സിസി ടിവി ക്യാമറ സ്ഥാപിച്ചത്. ചാത്യാത്ത് പള്ളിപ്പെരുന്നാൾ കണ്ട് രാത്രി മടങ്ങിവരുമ്പോൾ ക്രിസ്റ്റഫറും ഭാര്യ മേരിയും വീട്ടിലെത്തിയപ്പോൾ വീടിനടുത്ത് നിൽക്കുകയായിരുന്നു വില്യംസ്. സ്കൂട്ടർ നിർത്താൻ ആവശ്യപ്പെട്ട വില്യംസ് പെട്ടെന്ന് ഇരുവരുടേയും ദേഹത്തേയ്ക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു.