ഫറോക്ക്: വെനെറിനി സന്യാസിനി സഭയ്ക്ക് പുതിയ മദർ ജനറലായി ഇന്ത്യൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സിസ്റ്റർ സിസി മ്യൂരിങ്ങമ്യാലിൽ തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിൽ നടന്നുകൊണ്ടിരിക്കുന്ന വെനെറിനി സഭയുടെ പതിനഞ്ചാമത് ജനറൽ ചാപ്റ്ററിലാണ് നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള സഭയ്ക്ക് ആദ്യമായി ഇറ്റലിക്ക് പുറത്തുനിന്നും ഒരു മദർ ജനറലിനെ ലഭിക്കുന്നത്. ഇന്ത്യയിൽ നിന്ന് മലയാളിയായ സിസ്റ്റർ സിസി മദർ ജനറാളകുമ്പോൾ ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.
ഇന്ത്യൻ പ്രൊവിൻസിന്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി കോഴിക്കോട് ചെറുവണ്ണൂർ പ്രൊവിൻഷ്യൽ ഹൗസിൽ സേവനം ചെയ്യുകയായിരുന്ന സിസ്റ്റർ സിസി, സാമൂഹിക സേവനരംഗത്ത് പൗരസമിതിയോട് ചേർന്ന് തൻറെ വ്യക്തിമുദ്ര പതിപ്പിച്ചു. തികഞ്ഞ മനുഷ്യസ്നേഹവും കാരുണ്യത്തിന്റെ മുഖവും സിസ്റ്ററിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാണ്.
കണ്ണൂർ ജില്ലയിലെ പിലാത്തറ മുരിങ്ങമ്യാലിൽ തോമസ് ഏലിയാമ്മ ദമ്പതികളുടെ പത്തുമക്കളിൽ ആറാമത്തെ മകളായി ജനിച്ച സിസ്റ്റർ 1992 ൽ സഭാ വസ്ത്രം സ്വീകരിക്കുകയും സഭയുടെ പല ഭവനങ്ങളിലും സേവനം ചെയ്തതിനുശേഷം 2007ൽ ഇന്ത്യൻ പ്രൊവിൻസിലെ നോവിസ് മിസ്ട്രസ് ആയി സേവനം ചെയ്തു കൊണ്ടിരിക്കെ പന്ത്രണ്ടാമത് ജനറൽ ചാപ്റ്ററിൽ വച്ച് സഭയുടെ ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുകയും ശേഷം നീണ്ട 12 വർഷം സഭയുടെ ഭരണകാര്യങ്ങളിൽ കൗൺസിലറായും വികാരി ജനറലായും ഇറ്റലിയിൽ സേവനം ചെയ്തു. തുടർന്ന് 2020 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ സിസ്റ്റർ 2022ൽ ഇന്ത്യൻ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ പദവിയിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കെ യാണ് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന വെനെറിനി സഭയുടെ അമരക്കാരിയായി സിസ്റ്റർ സിസി തിരഞ്ഞെടുക്കപ്പെട്ടത്.
ഇതോടൊപ്പം നടന്ന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ സിസ്റ്റർ ബ്രിജിത് വടക്കേപുരക്കൽ സഭയുടെ ജനറൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട്ടുകാരിയായ സിസ്റ്റർ ബ്രിജിത്, ഇന്ത്യൻ പ്രോവിൻസിന്റെ ആദ്യത്തെ തദ്ദേശ പ്രൊവിൻഷ്യൽ ആയിരുന്നു. കോഴിക്കോട് കരിങ്കല്ലായി വെനറിനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ഠിച്ചു വരികയാണ് ഈ പുതിയ നിയമനം.