എഡിറ്റോറിയൽ / ജെക്കോബി
ഒരു കമ്പിളിപ്പുതപ്പും തോക്കുമായി പട്യാലയിലെ സമാനായില് 400 അടി ഉയരമുള്ള ടെലികോം ടവറില്‍ കയറിയ സര്‍വ ധര്മ്മ് ബേഅദബി രോകോ മോര്‍ച്ചാ നേതാവ് ഗുര്‍ജീത് സിങ് ഖല്‍സ എന്ന നാല്പത്തിരണ്ടുകാരന് 275 ദിവസമായി താഴെയിറങ്ങാതെ ടവറില്‍ പ്രതിഷേധസമരം തുടരുന്നത് വേദഗ്രന്ഥത്തെ നിന്ദിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായാണ്. പരമാവധി ശിക്ഷ പരോളില്ലാത്ത ജീവപര്യന്തം മതിയോ വധശിക്ഷതന്നെ വേണമോ എന്ന് അവസാന നിമിഷം വരെ മുഖ്യമന്ത്രി മാന്‍ തീരുമാനിക്കാതിരുന്നത് ഗുര്‍ജീത് സിങ്ങിനെ ജീവനോടെ താഴെയിറക്കാനുള്ള ഒത്തുതീര്പ്പിനായിരുന്നത്രെ!
മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി പാര്‍ട്ടികളെ പിളര്‍ത്തിയെടുത്ത ‘മഹായുതി’ സഖ്യത്തെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ച ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ‘രാജ്യത്തെ ഏറ്റവും കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാന്‍ ഒരുങ്ങുമ്പോള്‍, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി ഭഗവന്ത് മാന്‍, വിശുദ്ധഗ്രന്ഥങ്ങളെ അവഹേളിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമനിര്‍മാണത്തിന് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്ല് അവതരിപ്പിച്ചിരിക്കുന്നു.
നാഗ്പ്പൂരില്‍ ഡിസംബറില്‍ ചേരുന്ന മഹാരാഷ് ട്ര അസംബ്ലിയുടെ ശൈത്യകാല സമ്മേളനത്തില്‍ മതപരിവര്‍ത്തന നിരോധന ബില്ല് കൊണ്ടുവരുമെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് സഹമന്ത്രി പങ്കജ് ഭോയര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അറിയിച്ചത്. സിഖ്മതക്കാരുടെ വിശുദ്ധഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ്, ഭഗവത് ഗീത, ബൈബിള്‍, ഖുര്‍ആന്‍ തുടങ്ങിയവയെ ‘നിന്ദിക്കുകയോ, കേടുപാടുവരുത്തുകയോ നശിപ്പിക്കുകയോ വികൃതമാക്കുകയോ പകിട്ടില്ലാതാക്കുകയോ മലിനമാക്കുകയോ അഴുകിക്കയോ കത്തിക്കുകയോ കീറുകയോ’ ചെയ്താല്‍ അതിനെ ജാമ്യമില്ലാത്ത, വാറന്റില്ലാതെതന്നെ അറസ്റ്റു ചെയ്യാവുന്ന ഗുരുതരമായ കുറ്റമായി നിര്‍വചിക്കുന്ന ബില്ല് ആറുമാസത്തെ വിപുലമായ പരിശോധനകള്‍ക്കായി പഞ്ചാബ് നിയമസഭയിലെ സിലക്റ്റ് കമ്മിറ്റിക്ക് വിട്ടിരിക്കയാണ്.
അന്യമതസ്ഥരായ യുവതികളെ, പ്രത്യേകിച്ച് ഹിന്ദുക്കളെ, മതംമാറ്റുന്നതിനായി മുസ്ലിം പുരുഷന്മാര് പ്രണയത്തില്‍ വീഴ്ത്തി കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും വിവാഹം ചെയ്യുന്നു എന്ന സംഘപരിവാര്‍ ആഖ്യാനത്തിന് പരക്കെ ഉപയോഗിക്കുന്ന ‘ലൗ ജിഹാദ്’ എന്ന സംജ്ഞയില്‍ നിന്നു തുടങ്ങി, ആദിവാസി ഗോത്രവര്‍ഗ മേഖലകളില്‍ സമൂഹത്തിലെ ദുര്‍ബല വഭാഗങ്ങളെ നിര്‍ബന്ധിച്ചും പാരിതോഷികങ്ങള്‍ നല്കി വശീകരിച്ചും മറ്റും ക്രൈസ്തവ മിഷനറിമാര്‍ വിദേശ ഫണ്ട് ഉപയോഗിച്ച് വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു എന്ന വ്യാപകമായ രാഷ് ട്രീയ ദുഷ്പ്രചാരണം നടത്തി, ‘ഹിന്ദുത്വ’ വികാരം ഉണര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന തന്ത്രമാണ് ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രയോഗിച്ചുകാണുന്നത്.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് ഒരു ലക്ഷത്തിലേറെ പരാതികള്‍ സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നാണ് മഹാരാഷ് ട്രയില്‍ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഫഡ്നാവിസ് കഴിഞ്ഞ മാര്‍ച്ചില്‍ ‘വെളിപ്പെടുത്തിയത്.’ സംസ്ഥാനത്തെ പൊലീസ് മേധാവി രശ്മി ശുക്ലയോടൊപ്പം ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഫഡ്നാവിസ് സംസ്ഥാനത്തെ ലൗ ജിഹാദ്, നിര്‍ബന്ധിത മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കുന്നതിന് ഡിജിപി അധ്യക്ഷയായ ഏഴംഗ സമിതിയെ പ്രഖ്യാപിക്കുകയുണ്ടായി.
ഡിജിപിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിക്കുന്നതെന്നും, പത്തു സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയമങ്ങളെക്കാള്‍ കര്‍ശനമായിരിക്കും ഇതെന്നും മന്ത്രി ഭോയര്‍ പറയുന്നു. സംസ്ഥാനത്ത് ആദിവാസി, ഗോത്രവര്‍ഗ മേഖലകളില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ ആരാധനാലയങ്ങള്‍ ആറുമാസത്തിനകം പൊളിച്ചുനീക്കുന്നതിന് ഡിവിഷണല്‍ കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബാവന്കുലേ ഏതാനും ദിവസം മുന്‍പ് വിധാന്‍സഭയില്‍ അറിയിച്ചു. ഗുജറാത്ത്, മധ്യപ്രദേശ് അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന നന്ദുബാറിലെ പട്ടികവര്‍ഗ മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പള്ളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉത്തരവിട്ടതായും ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ബാവന്കുലേ പറഞ്ഞു.
ഭീല്‍, പാര്‍വ ഗോത്രവര്‍ഗക്കാരുടെ സംരക്ഷണം മുന്‍നിര്‍ത്തി ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം പട്ടികവര്‍ഗ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശമാണ് നന്ദുബാര്‍. അവിടെ നവാപുര്‍ പോലുള്ള പ്രദേശങ്ങള്‍ നൂറു ശതമാനവും ക്രൈസ്തവ ഗോത്രവര്‍ഗക്കാരുടെ ആവാസകേന്ദ്രങ്ങളാണ്. നവാപുരില് മാത്രം ഇരുന്നൂറോളം പള്ളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗോത്രവര്‍ഗ കാര്‍ഷിക മേഖലയില്‍ ദേവാലയനിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ തടസമുള്ളതിനാല്‍ പലപ്പോഴും സ്വകാര്യ ഭൂമിയിലാണ് പള്ളികള്‍ പണിയാറുള്ളത്. പാല്‍ഘര്‍, നന്ദുബാര്‍, ധുലേ തുടങ്ങിയ ഗോത്രവര്‍ഗ മേഖലകളില്‍ ദേവാലയങ്ങള്‍ അനിയന്ത്രിതമായി പെരുകിയിരിക്കയാണെന്ന് ബിജെപി എംഎല്‍എ ഗോപീചന്ദ് പടല്കര് നിയമസഭയില്‍ ആരോപിച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ തിരിഞ്ഞുനോക്കാതിരുന്ന ഗോത്രവര്‍ഗ മേഖലകളില്‍ ദാരിദ്ര്യം ഇല്ലാതാക്കാനും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസത്തിനും ആരോഗ്യപരിപാലനത്തിനും സാമൂഹികക്ഷേമത്തിനും വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ക്രൈസ്തവ മിഷനറിമാരുടെ സ്വാധീനം പടല്കറെ പോലുള്ള ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.
സാങ് ലി ജില്ലയിലെ ജാട്ട് മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായ പടല്കര് കുപ് വാഡിലെ ഒരു റാലിയില്‍, ക്രൈസ്തവ പുരോഹിതര്‍ക്കെതിരെ അധിക്ഷേപകരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും, ഏതെങ്കിലും വൈദികന്റെ കൈകാലുകള്‍ തല്ലിയൊടിക്കുന്നവര്ക്കും അവരെയും കുടുംബാംഗങ്ങളെയും ആക്രമിക്കുന്നവര്‍ക്കും കൊന്നുതള്ളുന്നവര്ക്കും മൂന്നു ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള വിദ്വേഷപ്രചാരണം നടത്തിയ പടല്കറെ എംഎല്‍എയെ പദവിയില്‍ നിന്നു നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുണെ ക്രിസ്റ്റ്യന്‍ ഫോറവും സിന്ധുദുര്‍ഗിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രതിനിധികളും ജില്ലാ കലക്ടര്‍ക്കും ജില്ലാ പൊലീസ് അധികാരികള്‍ക്കും പരാതി നല്‍കുകയും, മുംബൈ ആസാദ് മൈതാനത്ത് സംസ്ഥാനതലത്തില്‍ 40 ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധ സമ്മേളനം നടത്തുകയും ചെയ്തിട്ടും ഇതുവരെ ഒരു എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1,515 സംഘടനകള്‍ വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്നും അതില്‍ ഏറെയും മതപരിവര്‍ത്തനത്തിനും പള്ളിനിര്മാണത്തിനുമായിരുന്നുവെന്നും കഴിഞ്ഞ മാര്‍ച്ചില്‍ മതപരിവര്‍ത്തന നിരോധനത്തിന് സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ച ബിജെപി എംഎല്‍എ സുധീര്‍ മുങ്ഗണ്ഡിവര് ആരോപിച്ചപ്പോള്‍, വിദേശ ഫണ്ടിങ്ങിനെക്കുറിച്ച് വിവരം ശേഖരിക്കുമെന്ന് റവന്യൂ മന്ത്രി ഉറപ്പുനല്‍കി. ഗോത്ര വികസന വകുപ്പ് സംസ്ഥാന വ്യാപകമായി മതപരിവര്‍ത്തനത്തിന്റെ കണക്കുകള്‍ ശേഖരിക്കുമെന്ന് ഗോത്രവര്‍ഗ മന്ത്രി അശോക് ഉയികേ പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങളില്‍ സമഗ്രമായ സര്‍വേ നടത്തും. മതപരിവര്‍ത്തനം നടത്തിയ ഗോത്രവര്‍ഗക്കാര്‍ പട്ടികവര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതു തടയുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഉത്തര്‍പ്രദേശില്‍ 2021-ല്‍ നടപ്പാക്കിയ ‘ധര്‍മ്മാന്തരണ്‍ വിരോധി’ നിയമം, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കാര്യമായ തിരിച്ചടിയെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒന്നുകൂടി കര്‍ശനമാക്കി കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന (ഭേദഗതി) നിയമത്തിന്റെ പ്രധാന ലക്ഷ്യം ഹിന്ദുത്വവാദികള്‍ക്കും പൊലീസിനും അതിന്റെ പേരില്‍ ആര്‍ക്കെതിരെയും എഫ്ഐആര്‍ എടുക്കാനും കൂടുതല്‍ ദുരുപയോഗത്തിനും വഴിതുറക്കുക എന്നതാണ്. ‘പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും ചില സമുദായങ്ങളെയും നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ സമ്മര്‍ദം ചെലുത്തിയോ മതപരിവര്‍ത്തനത്തിനു വിധേയരാക്കിയാല്‍’ 20 വര്‍ഷമോ ജീവപര്യന്തം വരെയോ തടവുശിക്ഷയ്ക്ക് അതില്‍ വകുപ്പുണ്ട്.
മതംമാറ്റത്തിന് വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ചതായി കണ്ടെത്തിയാല്‍ കനത്ത തടവുശിക്ഷയും പിഴയും ഉറപ്പാക്കുന്നു. പ്രോസിക്യൂട്ടര്‍ സമ്മതിക്കാതെ ജാമ്യം അനുവദിക്കാനാവില്ല. മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള പിഎംഎല്‍എ എന്നിവയിലേതിനു സമാനമാണ് ഇതിലെ ജാമ്യം നിഷേധിക്കുന്ന വ്യവസ്ഥകള്‍.
പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്കുന്നതുപോലെ, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്നാണ് മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്. രാജസ്ഥാനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച അനധികൃത മതപരിവര്‍ത്തന നിരോധന നിയമ ബില്ലില്‍, ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്. മതപരിവര്‍ത്തനത്തിന് 60 ദിവസം മുന്‍പ് മജിസ്ട്രേട്ടിന് അപേക്ഷ സമര്‍പ്പിക്കണം; മിശ്രവിവാഹത്തിനും ഇതു ബാധകമാണ്. മതപരിവര്‍ത്തനത്തിനുവേണ്ടിയുള്ള മിശ്രവിവാഹം കുടുംബ കോടതിക്ക് റദ്ദാക്കാം.
മതസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന ഏതൊരു നിയമനിര്‍മാണവും ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ വിലയിരുത്തപ്പെടേണ്ടതാണ്. സ്വന്തം മതവിശ്വാസം തിരഞ്ഞെടുക്കാനും അത് അനുഷ്ഠിച്ച് ജീവിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശവും മനസ്സാക്ഷി സ്വാതന്ത്ര്യവും (ഭരണഘടന 25-ാം അനുച്ഛേദം), നിയമത്തിനു മുമ്പാകെ സമത്വം (14), അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം (19), ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം, സ്വകാര്യതയ്ക്കുള്ള അവകാശം (വകുപ്പ് 21) എന്നിവയിന്മേലുള്ള കടന്നുകയറ്റമാണ് മതപരിവര്‍ത്തന നിരോധന നിയമം എന്ന് നിരവധി ഹര്‍ജിക്കാര്‍ 2020 മുതല്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ പതിനായിരകണക്കിന് മനുഷ്യരുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കുന്ന കൊടിയ വിവേചനത്തിന്റെയും മതപീഡനത്തിന്റെയും ആയുധമായ ഇത്തരം നിയമങ്ങളുടെ ഭരണഘടനാ സാധുതയെ സംബന്ധിച്ച അന്തിമ തീര്‍പ്പ് എന്നുണ്ടാകാനാണ്!
രാജ്യത്ത് ഇന്ന് പ്രകടമായി കാണുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം ആദിവാസി മേഖലകളില്‍ ക്രിസ്ത്യാനികളെ കൂട്ടത്തോടെ ‘ഘര്‍വാപസി’ എന്ന പേരില്‍ ഹിന്ദുമതത്തിലേക്ക് പിടിച്ചുചേര്ക്കുന്നതാണ്. തങ്ങള്‍ ഒരിക്കലും ഹിന്ദുക്കളായിരുന്നില്ല എന്നും തങ്ങളുടെ വിശ്വാസപൈതൃകത്തില്‍ ഹിന്ദുത്വമില്ലെന്നും ആദിവാസികളില്‍ പലരും വിളിച്ചുപറയുന്നുണ്ട്.
വിശുദ്ധഗ്രന്ഥങ്ങളുടെ സംരക്ഷണത്തിനും സാമുദായിക മൈത്രിക്കും സമാധാനത്തിനും എന്ന പേരില്‍ പഞ്ചാബില്‍ എഎപി കൊണ്ടുവന്നിരിക്കുന്ന ‘ആന്റി സാക്രിലേജ്’ നിയമം, മതനിന്ദയുടെയുടെയും ദൈവദൂഷണത്തിന്റെയും നിര്‍വചന സാധ്യതകളുടെ പശ്ചാത്തലത്തില്‍ ഏറെ അപകടകാരിയായ ഒന്നാണ്. ഭരണഘടനയുടെ മതനിരപേക്ഷതാ തത്വത്തെ ഇതു കീഴ്മേല്‍മറിക്കുന്നു. ഗുരു ഗ്രന്ഥ സാഹിബ് സ്വരൂപം മാത്രമല്ല, അനുദിനം വിശ്വാസികള്‍ ചൊല്ലുന്ന ഗുര്‍ബാനി (ഗുട്ക) ലഘു പ്രാര്ഥനാജപഗ്രന്ഥത്തിന്റെ ശകലങ്ങള്‍ ഏതെങ്കിലും തരത്തില്‍ ‘ദൂഷണത്തിനു’ വിധേയമായി എന്ന കിംവദന്തി പോലും വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയെന്നിരിക്കും. ‘പാന്ഥിക്’ തീവ്രവാദി ‘വിജിലാന്റി’ സംഘങ്ങളുടെ കൈയില്‍ വലിയൊരു ആഗ്നേയാസ്ത്രമാകുമിത്.
അതിര്‍ത്തി സംസ്ഥാനത്ത്, 2015-ല്‍ ഫരീദ്കോട്ടിലെ ബര്‍ഗാഡി ഗ്രാമത്തില്‍ ഗുരു ഗ്രന്ഥ സാഹിബിന്റെ കുറെ താളുകള്‍ കീറിയ നിലയില്‍ കാണപ്പെട്ടത് പലരുടെയും മതവികാരം വ്രണപ്പെടുത്തുകയും, പ്രതിഷേധപ്രകടനങ്ങള്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തത് അന്നത്തെ ശിരോമണി അകാലി ദള്‍-ബിജെപി സര്‍ക്കാരിന്റെ പതനത്തിനുതന്നെ വഴിതെളിച്ചു. ഗുരു ഗ്രന്ഥ സാഹിബിനെ നിന്ദിക്കുന്നതിന് ജീവപര്യന്തം തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം 2016-ല്‍ എസ്എഡി-ബിജെപി സര്‍ക്കാര്‍ പാസാക്കിയെങ്കിലും അത് ഒരു മതത്തിന്റെ വിശുദ്ധഗ്രന്ഥത്തെക്കുറിച്ചു മാത്രം പറയുന്നതിനാല്‍ സെക്യുലറിസത്തിനു ചേര്‍ന്നതല്ലെന്നു പറഞ്ഞ് 2017-ല്‍ കേന്ദ്രം തിരിച്ചയച്ചു. 2018-ല്‍ അമരീന്ദര്‍ സിംഗിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗുരു ഗ്രന്ഥ സാഹിബ്, ഖുര്‍ആന്‍, ബൈബിള്‍, ഭഗവത് ഗീത എന്നിവയെ നിന്ദിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്കാന് വ്യവസ്ഥ ചെയ്ത് ഇന്ത്യന്‍ പീനല്‍ കോഡ് (പഞ്ചാബ് ഭേദഗതി) ബില്ല് 2018, ക്രിമിനല്‍ നടപടിക്രമം (പഞ്ചാബ് ഭേദഗതി) ബില്ല് എന്നിങ്ങനെ രണ്ടു ബില്ലുകള്‍ അസംബ്ലിയില്‍ ഏകകണ്ഠമായി പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തോടെ രാഷ് ട്രപതിക്ക് അയച്ചുവെങ്കിലും അവയും തിരിച്ചയക്കപ്പെട്ടു.