ഡമാസ്കസ്: ഡമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം.സിറിയന്‍ തലസ്ഥാനമായ ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിനും പ്രതിരോധ മന്ത്രാലയത്തിനും നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഒരാള്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ .
സ്വെയ്ദയില്‍ ആക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേല്‍ ഡമാസ്കസിലും ആക്രമണം നടത്തിയത്. ഡമാസ്കസില്‍ പലയിടത്തും സ്ഫോടനം നടന്നെന്നാണ് വിവരം.ഡമാസ്കസിലെ സിറിയന്‍ സൈനിക ആസ്ഥാനവും പ്രസിഡന്റിന്റെ കൊട്ടാരവും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗത്തില്‍പ്പെട്ടവരുമായി സിറിയ സംഘർഷത്തിലാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് സിറിയ അവിടെ ആക്രമണം നടത്തിയെന്ന് പറഞ്ഞാണ് ഇസ്രയേല്‍ ഡമാസ്കസിലെ സൈനിക ആസ്ഥാനത്തിനു നേരെ ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാറുണ്ടായിരുന്ന സ്വെയ്ദ പ്രദേശത്ത് സിറിയന്‍ ഭരണകൂടവും ഡ്രൂസ് വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 250-ലധികം പേര് മരിച്ചെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു .
സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം വീണതിനുശേഷം ആഭ്യന്തര യുദ്ധം അവസാനിച്ചെങ്കിലും പുതിയ സര്‍ക്കാരിന്റെ ഭരണപരിഷ്കാരങ്ങള്‍ മതന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. തെക്കന്‍ സിറിയയിലെ ഡ്രൂസ് വിഭാഗക്കാര്‍ ഭരണവിരുദ്ധ വികാരമുളളവരാണ്. ഇവരെ സംരക്ഷിക്കാനെന്ന പേരിലാണ് ഇസ്രയേല്‍ ഇപ്പോള്‍ സിറിയന്‍ സൈനിക ആസ്ഥാനം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരിക്കുന്നത്.