ടെൽ അവീവ്: സഖ്യം വിടുന്നുവെന്ന് സഖ്യകക്ഷി അറിയിച്ചതോടെ ഇസ്രയേലിലെ ബെഞ്ചമിൻ നെതന്യാഹു സർക്കാർ പ്രതിസന്ധിയിലായി .നിർബന്ധിത സൈനികസേവന ബില്ലുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെത്തുടർന്നാണ് ഈ നടപടി . മത വിദ്യാർത്ഥികൾക്ക് സൈനിക സേവനം ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് യുണൈറ്റഡ് തോറ ജുഡെയിസം എന്ന തീവ്ര യാഥാസ്ഥിതിക കക്ഷിയുടെ 6 അംഗങ്ങൾ രാജി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് .
യുടിജെയെ അനുകൂലിക്കുന്ന മറ്റൊരു തീവ്ര യാഥാസ്ഥിതിക പാർട്ടിയായ ഷാസ്, നെതന്യാഹു സർക്കാർ വിടുമെന്ന് പ്രഖ്യാപിച്ചു .നെതന്യാഹു സർക്കാരിന്റെ ഭരണത്തെ വലിയതോതിൽ അസ്ഥിരപ്പെടുത്തും. ഷാസ് കൂടി പിന്തുണ പിൻവലിച്ചാൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നയം തിരുത്താൻ നെതന്യാഹുവിന് 48 മണിക്കൂർ കൂടി സമയം നൽകുമെന്ന് യുടിജെ വ്യക്തമാക്കി.
ഖത്തറിൽ നടന്നുവരുന്ന ഗാസ വെടിനിർത്തൽ ചർച്ചകളുടെ പേരിലും നെതന്യാഹുവിനെതിരെ മുന്നണിയിലെ തീവ്രകക്ഷികൾ രംഗത്തുണ്ട്. തീവ്ര യാഥാസ്ഥിതിക ജൂതസമൂഹവും നെതന്യാഹു സർക്കാരും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. ഈ മാസം അവസാനത്തോടെ പാർലമെന്റ് സമ്മേളനം സമാപിക്കും. അതിനകം പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ പാർട്ടിയും സർക്കാരുമിപ്പോൾ .