സന്ന :യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ചു . നാളെയായിരുന്നു വധശിക്ഷ തീരുമാനിച്ചിരുന്നത് . യെമനിലെ ദമാറിൽ യെമൻ സമയം രാവിലെ പത്തിനാണ് ചർച്ച ആരംഭിച്ചത് . കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നുള്ള ചർച്ചകൾ നൽകിയ ശുഭപ്രതീക്ഷ ഇപ്പോൾ സഫലമായിരിക്കുകയാണ് .
കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ അടുത്ത ബന്ധു, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസ്, യെമൻ ശൂറാ കൗൺസിലിൻ്റെ പ്രതിനിധി, സൂഫീ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കാൻ ദമാറിൽ എത്തിയിരുന്നു . ശൂറ അംഗമായ പണ്ഡിതൻ ഹബീബ് ഉമറിൻ്റെ അനുയായിയും യെമനിലെ മറ്റൊരു പ്രധാന സൂഫി വര്യൻ്റെ മകനുമാണ് ഇദ്ദേഹം.
ഇത് ചർച്ചകൾക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്ന് കാന്തപുരത്തിൻ്റെ സെക്രട്ടറി ബാദുഷ സഖാഫി ഇന്നലെ വ്യക്തമാക്കിയിരുന്നു .കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.
ദയാധനം സ്വീകരിച്ച് നിമിഷപ്രിയയോടു പൊറുക്കാന്‍ കുടുംബം തയ്യാറായാല്‍, ഇസ്ലാമിക നിയമം അനുസരിച്ച് വധശിക്ഷ ഒഴിവാക്കാനാവും.
യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. ഹൂത്തി സര്‍ക്കാരുമായി ഇന്ത്യയ്ക്കു നയതന്ത്ര ബന്ധം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലിനു പരിമിതികളുണ്ടെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
യമന്‍ പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.