ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ
മുംബൈ: മഹാരാഷ്ട്രയിൽ ക്രൈസ്തവർക്കെതിരെ പരസ്യനിലപാടുമായി ബിജെപി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് കടുത്ത നീക്കങ്ങളാണ് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ ബി.ജെ.പി സർക്കാർ തുടരുന്നത് . സംസ്ഥാനത്ത് നിരവധി അനധികൃത ചർച്ചുകൾ ഉണ്ടെന്നും ആറുമാസത്തിനുള്ളിൽ ഇവ പൊളിച്ചുനീക്കുമെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ബുധനാഴ്ച നിയമസഭയിൽ അറിയിച്ചു.
‘സംസ്ഥാനത്തുടനീളം, പ്രത്യേകിച്ച് ആദിവാസികൾ കൂടുതലുള്ള ജില്ലകളിൽ മതപരിവർത്തന കേസുകൾ തടയുന്നതിന് മഹാരാഷ്ട്ര സർക്കാർ കർശന നിയമം നടപ്പിലാക്കും-ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു . തർക്കത്തിലുള്ള അനധികൃത പള്ളികൾ ഉടനടി പൊളിച്ചുമാറ്റും. സുപ്രീം കോടതി അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയ പള്ളികൾ അടുത്ത ആറ് മാസത്തിനുള്ളിൽ പൊളിച്ചുനീക്കും . പ്രലോഭനത്തിലൂടെയും ഭീഷണിയിലൂടെയും നടക്കുന്ന മതപരിവർത്തനത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് തയാറാക്കിയ റിപ്പോർട്ട് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ചർച്ചുകളുടെ സഹായത്തോടെയാണ് മതപരിവർത്തനം നടക്കുന്നതെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നും മന്ത്രിപറഞ്ഞു . ഇവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2011 മേയിലും 2018 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ ഉണ്ട്. ആറ് മാസത്തിനുള്ളിൽ ഇവ പൊളിച്ചു നീക്കാൻ പദ്ധതി തയ്യാറാക്കാൻ ഡിവിഷണൽ കമ്മീഷണർമാരോട് ആവശ്യപ്പെടും’ -മന്ത്രി ബവൻകുലെ പറഞ്ഞു.
“വിദേശ ഫണ്ടിങ്, ഫണ്ടിങ്ങിന്റെ ഉറവിടം, തുക, നിലവിലുള്ള നിയമങ്ങൾ എന്നിവ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. മതപരിവർത്തന കേസുകൾ തടയുന്നതിന് കർശനമായ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്ത് നടപ്പാക്കും’ -അദ്ദേഹം നിയമസഭയിൽ പറഞ്ഞു .