പുസ്തകം/ ഷാജി ജോർജ്
‘ചെല്ലച്ചെറുവീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം’, ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’, ‘ചെമ്പരത്തിപ്പൂവേ ചൊല്ല്’, ‘കാളിന്ദീതീരമുറങ്ങി’, ‘ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി’, ‘ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു’, ‘കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ’, ‘പാടം പൂത്ത കാലം’, ‘ഈറൻമേഘം’, ‘കവിളിണയിൽ കുങ്കുമമോ’, ‘പുഞ്ചവയലുകൊയ്യാൻ പോണവളേ’, ‘പിച്ചകപ്പൂങ്കാ വുകൾക്കുമപ്പുറം’, ‘തുമ്പിപ്പെണ്ണേ വാ വാ’, ‘മാനത്തെ വെള്ളിത്തേരിൽ’, ‘മനസിൻ മടിയിലെ മാന്തളിരിൽ’ എന്നിങ്ങനെ അഴകുള്ള മൊഴിയിൽ, സ്വന്തം കവിത്വത്തിന്റെ കാതലിൽ കടഞ്ഞെടുത്ത എതയെത്ര പാട്ടുകളാണ് അദ്ദേഹം മലയാളത്തിനു നൽകിയിട്ടുള്ളത്!
മലയാളിയുടെ ഹൃദയം കവർന്ന നിരവധി ഗാനങ്ങൾ രചിച്ച കവിയും കഥാകാരനുമാണ് ഷിബു ചക്രവർത്തി. നാലുപതിറ്റാണ്ടുകളായി അദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രിയങ്കരനാണ്. പാട്ടിന്റെ കഥകളും തിരക്കഥയുടെ വഴികളും ജീവിതത്തിലെ അനുഭവങ്ങളുമെല്ലാം ചേർത്ത് ഷിബു ചക്രവർത്തി എഴുതിയ പുസ്തകമാണ് ”പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’. നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയ്ക്കു വേണ്ടി ഷിബു ചക്രവർത്തി എഴുതി ഓസേപ്പച്ചൻ സംഗീതം പകർന്ന് എം.ജി ശ്രീകുമാർ പാടി ഹിറ്റായ ഗാനത്തിന്റെ ആദ്യവരി ‘പിച്ചകപ്പൂങ്കാറ്റുകൾക്കുമപ്പുറം.’
കവിയും നോവലിസ്റ്റും കഥകളി വാദ്യകലാകാരനുമായ മനോജ് കുറൂരാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
‘കറുകവയൽക്കുരുവീ മുറിവാലൻ കുരുവീ കതിരാടും വയലിൻ ചെറുകാവൽക്കാരീ’
എന്ന പാട്ടിൽ ഈണത്തോടു ചേർന്നു തട്ടും തടവുമില്ലാതെയൊഴുകുന്ന വാക്കുകളുടെ സംഗീതം കേൾക്കൂ. മൂന്നു വാക്കുകൾ ചേരുന്ന ‘കറുകവയൽക്കുരുവീ’ എന്നതുപോലെ മനോഹരമായ ഒരു നവനിർമ്മിതപദം മലയാളത്തിൽ അപൂർവ്വമാണ് എന്നു നാം ഓർമ്മിക്കണമെന്നില്ല. അങ്ങനെയൊരു മൊഴിച്ചേർപ്പിലുണ്ടാകാവുന്ന കൃത്രിമത്വം അതിനെ തീണ്ടിയിട്ടുപോലുമില്ല. എല്ലാം അത്രമേൽ അനാർഭാടം; അത്രമേൽ സ്വാഭാവികം! ഇതേ ഗാനകൃത്തുതന്നെയാണ്, ‘ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാൻ 100 സിസി ബൈക്കും അതിലൊരു പൂജാഭട്ടും വേണം’ എന്നും എഴുതുന്നത്.
മലയാളഗാനങ്ങളിൽ നിരന്തരം ആവർത്തിക്കുന്ന പദസഞ്ചയങ്ങളോ അവ ചേർന്നൊഴുകുന്ന ചങ്ങമ്പുഴയിൽ കുളിച്ചുവന്ന ഗാനനർത്തകിമാരോ ഒരു ആസ്വാദകൻ എന്ന നിലയിൽ എന്നെ ഒട്ടും ആകർഷിക്കാറില്ല. മൗലികമായ ഒന്നിന്റെ പകർപ്പുകളെടുക്കാൻ കല വേണ്ട; കൗശലം മതി എന്ന് ആ ഗാനങ്ങൾ നിരന്തരം ഓർമ്മിപ്പിച്ചിട്ടുണ്ട്. പരിചിതമായ ഭാഷയെ ഒരു സ്പർശംകൊണ്ടു നൂതനമാക്കുന്ന കലാവിദ്യ ഗാനങ്ങളിലും പ്രതീക്ഷിക്കാറുണ്ട്. അങ്ങനെയുള്ള ചില മലയാളഗാനങ്ങൾ, ഗസലുകൾ എന്നിവയ്ക്കൊപ്പം പാശ്ചാത്യ പോപ് സംഗീതത്തിലെ കുറച്ചു ഗാനങ്ങളും എന്നെ വിടാതെ പിന്തുടർന്നിട്ടുണ്ട്.
‘ചെല്ലച്ചെറുവീടുതരാം പൊന്നൂഞ്ഞാലിട്ടുതരാം’, ‘പൂങ്കാറ്റേ പോയി ചൊല്ലാമോ’, ‘ചെമ്പരത്തിപ്പൂവേ ചൊല്ല്’, ‘കാളിന്ദീതീരമുറങ്ങി’, ‘ഒരു കിളി ഇരുകിളി മുക്കിളി നാക്കിളി’, ‘ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു’, ‘കണ്ടാൽ ചിരിക്കാത്ത കാക്കക്കറുമ്പിയെ’, ‘പാടം പൂത്ത കാലം’, ‘ഈറൻമേഘം’, ‘കവിളിണയിൽ കുങ്കുമമോ’, ‘പുഞ്ചവയലുകൊയ്യാൻ പോണവളേ’, ‘പിച്ചകപ്പൂങ്കാ വുകൾക്കുമപ്പുറം’, ‘തുമ്പിപ്പെണ്ണേ വാ വാ’, ‘മാനത്തെ വെള്ളിത്തേരിൽ’, ‘മനസിൻ മടിയിലെ മാന്തളിരിൽ’ എന്നിങ്ങനെ അഴകുള്ള മൊഴിയിൽ, സ്വന്തം കവിത്വത്തിന്റെ കാതലിൽ കടഞ്ഞെടുത്ത എതയെത്ര പാട്ടുകളാണ് അദ്ദേഹം മലയാളത്തിനു നൽകിയിട്ടുള്ളത്! അവയിൽ നേരത്തേ പറഞ്ഞ ഗാനപദനിഘണ്ടുവിൽ നിന്നുള്ള ഏറെ വാക്കുകളോ ഒരു മൂഡ് നിർമ്മിക്കുന്നതിനപ്പുറമുള്ള അതികാല്പനികതയോ ഇല്ല. പ്രണയവും ഗൃഹാതുരത്വവും വിരഹവും പോലുള്ള ഭാവങ്ങൾ പൂർണ്ണമാകുന്നതിന് ഉള്ളിലൊന്നു തൊട്ടാൽ മതിയെന്നു തോന്നും ഈ ഗാനങ്ങൾ കേട്ടാൽ. ( ജീവിതം എന്ന കല/മനോജ് കുറൂർ).
ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ സിസ്റ്റർ ഗ്രേസിന്റെ ബൈബിൾ ക്ലാസും എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിലെ മലയാളം പ്രൊഫസർ അലക്സ് ബേസിൽ ഫിലോസഫി പഠിക്കാൻ നൽകിയ പ്രോത്സാഹനവും പുസ്തകത്തിൽ എടുത്തു പറയുന്നു. ആദ്യ രചനയെക്കുറിച്ച് പറയുന്നത് വായിക്കൂ;
പാട്ടെഴുത്ത് ഒരു അപ്ലൈഡ് ആർട്ടാണ്. ട്യൂണിട്ട് അതിനനുസരിച്ച് എഴുതുകയെന്നതിൽ ഇവരത്ര കംഫർട്ടബിളായിരുന്നില്ല. എനിക്കിതിൽ ചെറിയൊരു പരിചയം നേരത്തേയുണ്ടായിരുന്നു. ഗായത്രി പ്രിന്റേഴ്സിൽ വൈകുന്നേരങ്ങളിൽ ഒത്തുകൂടുക പതിവായിരുന്നല്ലോ. അവിടെയിരുന്നിട്ട് പാട്ടുപാടും, താളം പിടിക്കും. അന്നവിടെ പോളിഡോർ കാസറ്റ്സിന്റെ കേരള റീജിയൻ മാനേജരായിരുന്ന രാജൻ വരാറുണ്ട്. പോളിഡോർ രാജൻ എന്നാണ് വിളിക്കുക.
രാജന് പുതിയൊരു ക്രിസ്ത്യൻ ഡിവോഷണൽ ആൽബം ഇറക്കണം. അന്ന് ലോംഗ് പ്ലെയർ റെക്കോഡും കസ്സറ്റും ഇറങ്ങുന്ന കാലമാണ്. രണ്ടും ഇറക്കും. അതിന്റെ കമ്പോസിങ്ങ് ആരെക്കൊണ്ട് ചെയ്യിക്കണമെന്ന് വലിയ ഡിസ്കഷൻ നടക്കുകയാണ്. ആ സമയത്താണ് ഡെന്നീസ്, കോട്ടയം ജോയിയെ സജസ്റ്റ് ചെയ്യുന്നത്. ഡെന്നീസിന്റെ അയൽവാസിയോ മറ്റോ ആണ്. കോട്ടയം ജോയിയെ എല്ലാവർക്കും അറിയാം. ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ എക്കാലത്തെയും സൂപ്പർഹിറ്റായ, ‘രാജാക്കന്മാരുടെ രാജാവേ…’ തുടങ്ങിയ ഒരുപാട് പാട്ടുകൾ ചെയ്തത് ജോയിയാണ്. ‘കരിവളയിട്ട കൈയ്യിൽ കുടമുല്ലപ്പൂക്കളുമായി കരിമിഴിയാളേ നീ വരുമോ…’ എന്നൊക്കെയുള്ള ഭക്തിഗാനമല്ലാത്തതായ ദാസേട്ടൻ പാടിയ പാട്ടുകളും ചെയ്തിട്ടുണ്ട്. അങ്ങനെ കോട്ടയം ജോയ് വരുന്നു. എസ്.ആർ.എം.റോഡിന് സമീപംതന്നെയാണ് ലിസി ജംഗ്ഷൻ.
അവിടെ അൽഫിയ എന്ന ഹോട്ടലുണ്ടായിരുന്നു. അവിടെ റൂമെടുക്കുന്നു. കമ്പോസിങ്ങ് തുടങ്ങുന്നു. ആ ആൽബത്തിൽ എഴുതാൻ നിശ്ചയിച്ചിരുന്നത് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, സുരേഷ് മണിമല എന്നിവരെയൊക്കെയാണ്. അവർ പതിവുപോലെ കവിതയെഴുതി എത്തിച്ചിട്ടുണ്ട്. അല്പം വായനാശീലമുള്ളതുകൊണ്ടാകാം ഈ ലിറിക്സ് വായിച്ചുനോക്കാൻ എന്നെയാണ് ഏൽപ്പിക്കുന്നത്. ഞാനാകട്ടെ ജീവിതത്തിലൊരിക്കലും പാട്ടെഴുത്തിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇതൊക്കെ കാണുമ്പോൾ പരമപുച്ഛമാണ്. സാഹിത്യത്തിന്റെ മാനദണ്ഡം വച്ച് ഈ പാട്ടുകളെ കുറ്റം പറയാൻ എളുപ്പമാണല്ലോ. എന്റെ പുച്ഛം കണ്ട് ഡെന്നീസോ മറ്റോ ആണ് പറഞ്ഞത്:
”എന്തായാലും നമുക്കിതുപോലൊന്ന് എഴുതാൻ പറ്റില്ല. അതുകൊണ്ട് തൽക്കാലം വല്ല കുഴപ്പവുമുണ്ടോയെന്നുമാത്രം നോക്കിയാൽ മതി.’
എനിക്കിത് വല്ലാതെ കൊണ്ടു. ഞാൻ പറഞ്ഞു: ”ഇതിനേക്കാൾ നൂറിരട്ടി നന്നായി എനിക്കെഴുതാൻ പറ്റും. ഇതത്ര വല്യ കാര്യമൊന്നുമല്ല.’
അവരാകട്ടെ ഞാൻ പറഞ്ഞത് സീരിയസായി എടുത്തു.
”എന്നാൽ ഒരെണ്ണമെഴുത്.”
അവരുടെ നിർബന്ധപ്രകാരം ഞാനൊരു പാട്ടെഴുതി. അതാണ് ‘എന്റെ വിശ്വാസമാം പാറയിൽ നിന്റെ ദേവാലയം നീ പണിയൂ നിത്യം മണിസ്വനം നിൻവചനം ഹൃത്തിൽ മുഴങ്ങുവാൻ നീ കനിയൂ…’ പത്രോസേ നീ പാറയാകുന്നു, നീയാകുന്ന പാറയിൽ ഞാനെന്റെ പള്ളി പണിയും എന്ന് പണ്ട് ഗ്രേസ് സിസ്റ്റർ പഠിപ്പിച്ചിട്ടുണ്ട്. അന്നത്തെ ആ ബൈബിൾപാഠം ആദ്യമായി പാട്ടെഴുത്തിനുള്ള വാതിൽ തുറന്നുതരുന്നു. ഇന്നാണെങ്കിൽ പാറയെന്ന വാക്കൊന്നും പാട്ടിന് ചേരില്ല. കോട്ടയം ജോയിക്കൊരു പ്രത്യേകതയുണ്ട്, മനോരമ പത്രം എടുത്തുകൊടുത്താൽപ്പോലും ട്യൂൺ ചെയ്യും എന്ന് പറയുന്നതു പോലെയാണ്. എന്തുകൊടുത്താലും ട്യൂൺ ചെയ്യും.
ബൈബിൾ തുറന്നുവച്ച് ഉത്തമഗീതത്തിലെ, ‘ഫറവോന്റെ തേരോട്ടം, കുതിരക്കുട്ടന്മാരേ…’ എന്ന് വായിക്കുന്ന അതേ ലാഘവത്തോടെ ട്യൂണോടുകൂടി വായിക്കാൻ കഴിവുള്ളയാളാണ് ജോയി. അതുകൊണ്ടായിരിക്കണം ഞാനെഴുതിക്കൊടുത്ത ‘പാറ’യൊക്കെ നല്ല വെണ്ണപോലെയാക്കി. എനിക്കുപോലും ഒരു എൻലൈറ്റ്മെന്റ് കിട്ടിയതുപോലെ തോന്നി. കാരണം, ഞാനെഴുതിയ അക്ഷരങ്ങളിൽ ഇത്ര മ്യൂസിക്ക് ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് ആദ്യമായി തിരിച്ചറിയുകയാണ്. ‘വെളിച്ചമേ നയിച്ചാലും’ എന്നായിരുന്നു ആ ആൽബത്തിന്റെ പേര്.
കലയും ജീവിതവും ഇഴുകി ചേർന്ന അനുഭവക്കുറിപ്പുകളാണ് ഷിബു ചക്രവർത്തിയുടെ ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ എന്ന പുസ്തകത്തിന്റെ സവിശേഷത.