ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ്യൂണിയനുകൾ പ്രഖ്യാപിച്ച അഖിലേന്ത്യാ പണിമുടക്കിൽ രാജ്യം സ്തംഭിച്ചു .
ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും ഉൾപ്പെടെ 30 കോടിയിലധികം പേർ ദേശീയ പണിമുടക്കിന്റെ ഭാഗമായെന്ന് നേതാക്കൾ അവകാശപ്പെട്ടു . ദില്ലിയിൽ ജന്തർ മന്തറിലും രാജ്യതലസ്ഥാനത്തെ വ്യവസായ മേഖലകളിലും വൻ പ്രതിഷേധമാണുയർന്നത്.
തൊഴിലാളികൾ, ജീവനക്കാർ, അസംഘടിത മേഖലയിലുളളവർ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാ വിഭാഗവും അണിനിരന്നു .
രാജ്യതലസ്ഥാനത്തെ സമരവേദിയായ ജന്തർ മന്ദർ 10 ഓളം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധ സംഗമയിടമായി മാറി.
അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമായി മാറിയെന്നും നരേന്ദ്രമോദി സർക്കാരിനുളള താക്കീതാണിതെന്നും കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ പറഞ്ഞു.ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ ഉൾപ്പെടെ വ്യവസായ മേഖലകൾ പൂർണമായും സ്തംഭിച്ചു. കേരളം , ബംഗാൾ, ഒഡിഷ, യുപി, മഹാരാഷ്ട്ര, തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കർഷക-തൊഴിലാളി കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായി മാറി അഖിലേന്ത്യാ പണിമുടക്ക്.