കൊച്ചി: ജെഎസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ ഹൈക്കോടതിയിൽ . പേരിനൊപ്പം ഇനീഷ്യൽ കൂടി ചേർത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചത് .
നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യൽ ചേർക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെൻസർ ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
സിനിമയുടെ രണ്ടു ഭാഗങ്ങളിൽ ജാനകി എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യുകയോ പേരു മാറ്റുകയോ ചെയ്യാമെന്ന നിബന്ധന നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങൾ വരുത്തിയ ഭാഗങ്ങൾ സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകാൻ സാധിക്കുമെന്ന് സെൻസർ ബോർഡ് അറിയിച്ചു.
കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ നഗരേഷ് മാറ്റി.