വത്തിക്കാൻ സിറ്റി: സീറോ മലബാർ സഭയിലെ എറണാകുളം – അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന ആരാധനക്രമ വിഷയങ്ങളിൽ പൊന്തിഫിക്കൽ പ്രതിനിധിയായി നിയമിതനായ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ മുൻ സെക്രട്ടറിയും സ്ലോവാക്യായിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ തന്റെ ചുമതലകളിൽ നിന്നും വിരമിച്ചു. ഇന്നു ജൂലൈ ഏഴാം തീയതി, ലെയോ പതിനാലാമൻ പാപ്പ, ആർച്ച് ബിഷപ്പിന്റെ സേവന ചുമതലയിൽ നിന്നും സ്വതന്ത്രമാക്കി. ആർച്ച് ബിഷപ്പ് തന്റെ സേവന കാലയളവിൽ ചെയ്ത എല്ലാ സേവനങ്ങൾക്കും പാപ്പ അഗാധമായ നന്ദി പ്രകടിപ്പിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയാണ് പ്രസിദ്ധീകരിച്ചത്.
1965ൽ സ്ലോവാക്യയിലെ കൊസിഷെയിൽ ജനിച്ച ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പ്രാഥമികപഠനത്തിനുശേഷം സെമിനാരിപരിശീലനം പൂർത്തിയാക്കി 1987ൽ വൈദികനായി. സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യം അധ്യാപകനായും പിന്നീടു റെക്ടറായും സേവനമനുഷ്ഠിച്ചു. 2009ൽ പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി നിയമിതനായതിനൊപ്പം ആർച്ചുബിഷപ്പിന്റെ പദവിയോടുകൂടി മെത്രാനായി അഭിഷിക്തനായി.
2020ൽ കൊസിഷെ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ അദ്ദേഹത്തെ 2021ൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിച്ചു. 2011ൽ സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് മാർ വർക്കി വിതയത്തിൽ പിതാവിന്റെ മൃതസംസ്കാരശുശ്രൂഷകളിൽ മാർപാപ്പയുടെ പ്രതിനിധിയായി പങ്കെടുത്തത് ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ആയിരുന്നു. പൊന്തിഫിക്കൽ പ്രതിനിധിയായുള്ള തന്റെ സേവന കാലയളവിൽ വിവിധ തവണകളായി അദ്ദേഹം എറണാകുളം അങ്കമാലി അതിരൂപതയിൽ എത്തുകയും, സീറോ മലബാർ സഭയിലെ സിനഡ് പിതാക്കന്മാരുമായും വൈദികരും വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തിയിരിന്നു.