റിയോ ഡി ജനീറോ: പഹൽഗാം ഭീകരാക്രമണത്തെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന പതിനേഴാം ബ്രിക്സ് ഉച്ചകോടി അപലപിച്ചു . അതിർത്തി കടന്നുളള ഭീകരവാദം അംഗീകരിക്കില്ലെന്നും അവർക്ക് താവളം ഒരുക്കുന്നതിനെ എതിർക്കുമെന്നും ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ നേട്ടങ്ങൾക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയ്ക്കൊപ്പം നിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ പറഞ്ഞു.
ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണത്തെയും ബ്രിക്സ് വിമർശിച്ചു. ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന് ബ്രിക്സ് പ്രമേയത്തിൽ പറയുന്നു . ഇറാനുനേരെയുളള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെ അപലപിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങൾ ആഗോള സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ബ്രിക്സ് നേതാക്കൾ സമ്മേളനത്തിൽ ആരോപിച്ചു. ഇന്ത്യയ്ക്കും ബ്രസീലിനും യുഎന്നിൽ കൂടുതൽ പങ്കാളിത്തം നൽകണമെന്ന് ചൈനയും റഷ്യയും ആവശ്യപ്പെട്ടു.